Site iconSite icon Janayugom Online

ഗുഡ്നൈറ്റ്: ആസ്വാദ്യകരമായൊരു കൂര്‍ക്കംവലി

ട്ടും സുഖകരമായ ഒന്നല്ല കൂർക്കം വലി. അതൊരു ആരോഗ്യപ്രശ്നവും ചുറ്റുമുള്ളവരുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന ഒന്നുമാണ്. ‘നിദ്രായത്തം സുഖം ദുഃഖം’ എന്ന ആയുർവേദാചാര്യനായ വാഗ്ഭടന്റെ വാക്കിൽ നിന്ന് തുടങ്ങാം. ജീവിതത്തിലെ സുഖവും ദു:ഖവും ഉറക്കത്തെ ആശ്രയിച്ചിരിക്കുന്നു എന്നർത്ഥം. കൂർക്കം വലി ആസ്വാദ്യകരമല്ലെങ്കിലും കൂർക്കം വലിക്കാരനായ ഒരു യുവാവിന്റെ ജീവിതം പറയുന്ന ഗുഡ് നൈറ്റ് തീർച്ചയായും രസകരമായൊരു ചിത്രമാണ്. കോടികളുടെ ബജറ്റോ വൻ പരസ്യ കോലാഹലമോ ഇല്ലാതെ എത്തി തമിഴ്‌നാട്ടിൽ അപ്രതീക്ഷിത വിജയം നേടിയ ചിത്രമാണ് ഗുഡ് നൈറ്റ്. സുഹൃത്തുക്കൾ മോട്ടോർ മോഹൻ എന്ന് വിളിച്ച് പരിഹസിക്കുന്ന ഐ ടി പ്രൊഫഷണലായ മോഹനാണ് വിനായക് ചന്ദ്രശേഖരൻ സംവിധാനം ചെയ്ത ഗുഡ് നൈറ്റിലെ കേന്ദ്ര കഥാപാത്രം. ജീവിതത്തിൽ കൂർക്കം വലി മോഹനെ വല്ലാത്തൊരു ദുരിതാവസ്ഥയിലെത്തിക്കുന്നു. അമ്മയും രണ്ട് സഹോദരിമാരും അളിയനും അടങ്ങുന്ന കുടുംബം മോഹന്റെ കൂർക്കം വലിയോട് പൊരുത്തപ്പെട്ടെങ്കിലും മറ്റിടങ്ങളിലെല്ലാം അത് അയാളെ പ്രതിസന്ധിയിൽ അകപ്പെടുത്തുന്നു. ജോലി സ്ഥലത്തും സുഹൃത്തുക്കൾക്കിടയിലുമെല്ലാം അയാൾ പരിഹാസ്യനാകുന്നു. പ്രണയം തോന്നിയ പെൺകുട്ടിപോലും അകന്നുപോകുന്നതോടെ അയാൾ തീർത്തും നിരാശനാവുന്നു. അനു എന്ന പെൺകുട്ടിയെ പരിചയപ്പെടുകയും അവളെ സ്വന്തമാക്കുകയും ചെയ്തതോടെയാണ് തന്റെ കൂർക്കം വലി ഒപ്പമുള്ളവർക്ക് സൃഷ്ടിക്കുന്ന ദുരിതങ്ങൾ അയാൾ കൂടുതലായി തിരിച്ചറിയുന്നത്. തുടർന്നങ്ങോട്ട് മോഹന്റെയും അനുവിന്റെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ലളിത സുന്ദരമായി സംവിധായകൻ ആവിഷ്ക്കരിക്കുന്നത്.
ഭൂതകാലം വേട്ടയാടുന്ന അന്തർമുഖയാണ് അനു. പുഞ്ചിരി പോലും തെളിയാത്ത മുഖം. തിരക്കും ശബ്ദങ്ങളും ഇഷ്ടമില്ലാത്ത പ്രകൃതം. താനൊരു ദൗർഭാഗ്യമാണെന്ന് അവൾ സ്വയം വിശ്വസിക്കുന്നു. അതിനാൽ സൗഹൃദങ്ങളിൽ നിന്നുപോലും അവൾ ഒളിച്ചോടിക്കൊണ്ടിരിക്കുകയാണ്. ഇതുപോലൊരാൾ മോഹന്റെ കൂർക്കം വലിയ്ക്കിടയിൽ അകപ്പെട്ടാൽ എന്തായിരിക്കും സംഭവിക്കുകയെന്ന് തമാശയുടെ ചേരുവയോടെ അവതരിപ്പിക്കുകയാണ് ഈ ചിത്രം. അക്കൗണ്ടന്റായ അനുവിന്റെ ജോലിയെ വരെ മോഹന്റെ കൂർക്കം വലി ബാധിക്കുകയാണ്. താൻ കാരണം പാവം ഭാര്യയുടെ ഉറക്കം നഷ്ടപ്പെടുകയാണെന്ന് തിരിച്ചറിയുന്ന മോഹൻ തന്റെ താമസം മറ്റൊരു മുറിയിലേക്ക് മാറ്റുകയും കൂർക്കം വലിയിൽ നിന്ന് രക്ഷപ്പെടാൻ വിവിധ മാർഗങ്ങൾ പരീക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ ഇതെല്ലാം കൂടുതൽ വലിയ പ്രതിസന്ധികളിലേക്കാണ് മോഹനെ നയിക്കുന്നത്. ചെറുതും വലുതുമായ പ്രശ്നങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. പ്രശ്നങ്ങളെ പലപ്പോഴും കൂടുതൽ സങ്കീർണമാക്കുന്നത് നമ്മൾ തന്നെയാണ്. പ്രശ്നങ്ങളെയും പ്രതിസന്ധികളെയും സ്നേഹം കൊണ്ട് മറികടക്കാമെന്ന് കാട്ടിത്തരികയാണ് ഗുഡ് നൈറ്റ്. സ്നേഹത്തിന്റെ നൂലിഴകളിൽ ജീവിതം വർണ്ണപ്പകിട്ടുള്ളതാക്കാമെന്ന മോഹന്റെയും അനുവിന്റെയും തിരിച്ചറിവിലാണ് സിനിമ പൂർണമാകുന്നത്.
കെട്ടുറപ്പുള്ള തിരക്കഥയും ലളിത സുന്ദരമായ ആവിഷ്ക്കാരവും ശുദ്ധമായ ഹാസ്യവുമാണ് ഗുഡ് നൈറ്റിനെ രസകരമാക്കുന്നത്. മോഹന്റെ ജീവിതം പറയുന്ന ആദ്യ പകുതി അതീവ രസകരമായാണ് കഥ മുന്നോട്ട് പോകുന്നത്. രണ്ടാം പകുതിയിൽ മോഹൻ- അനു ദമ്പതികളുടെ ജീവിതാവസ്ഥകളും നന്നായി അവതരിപ്പിക്കപ്പെടുന്നു. എന്നാൽ ഇടയ്ക്കെപ്പോഴോ മെലോഡ്രാമയുടെ അതിപ്രസരത്തിലേക്ക് സിനിമ വഴുതി വീഴുന്നുണ്ട്. ഇത് കഥയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും വലിയ പരിക്കില്ലാതെ തന്നെ സിനിമ അവസാനിപ്പിക്കാൻ സംവിധായകന് സാധിക്കുന്നു.
മോഹനായി മണികണ്ഠനും അനുവായി മിത രഘുനാഥും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. രമേഷ് തിലക്, റായ്ച്ചൽ റബേക്ക, ബാലാജി ശക്തിവേൽ, ഉഷാ രാമചന്ദ്രൻ എന്നിവരുടെ പ്രകടനങ്ങളും ചിത്രത്തിന് കരുത്തു പകരുന്നു. കൂർക്കം വലിയുടെ ശബ്ദത്തിനിടയിലും ഈ ശുഭരാത്രി നിങ്ങളെ മധുര സുന്ദരമായ സ്വപ്നത്തിലേക്ക് നയിക്കും. നിറഞ്ഞ പുഞ്ചിരിയോടെ നിങ്ങൾ ആ സ്വപ്നത്തിൽ നിന്നുമുണരും.

Exit mobile version