Site iconSite icon Janayugom Online

ഗ്രീൻ വിലയേറിയ താരം; കാർത്തിക് ശർമ്മയും പ്രശാന്ത് വീറും 14.20 കോടിക്ക് സി‌എസ്‌കെയില്‍

ഐപിഎല്‍ മിനി ലേലത്തില്‍ ഏറ്റവും വിലയേറിയ വിദേശ താരമായി ഓസ്ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീന്‍. 25.20 കോടി രൂപ മുടക്കിയാണ് താരത്തെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഒരു വിദേശതാരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. രണ്ട് അണ്‍ക്യാപ്ഡ് താരങ്ങളെ വന്‍തുകയ്ക്ക് ചെന്നൈ ടീമിലെത്തിച്ചു. വിക്കറ്റ് കീപ്പർ ബാറ്റര്‍ കാർത്തിക് ശർമ്മയെ 14.20 കോടി രൂപ നല്‍കിയാണ് സിഎസ്‌കെ സ്വന്തമാക്കിയത്. കാർത്തിക് ആഭ്യന്തര ക്രിക്കറ്റിൽ രാജസ്ഥാനു വേണ്ടിയാണ് കളിക്കുന്നത്. മുംബൈ, കൊൽക്കത്ത, ലഖ്‌നൗ എന്നീ ടീമുകളും താരത്തിനായി രംഗത്തെത്തിയിരുന്നു. രാജസ്ഥാനു വേണ്ടി 12 ടി20കളിലാണ് താരം കളിച്ചത്. 162.92 സ്‌ട്രൈക്ക് റേറ്റില്‍ 334 റണ്‍സും അടിച്ചെടുത്തു. രണ്ടു ഫിഫ്റ്റികളും നേടിയിട്ടുണ്ട്.

യുപി താരം പ്രശാന്ത് വീറിനു വേണ്ടിയും വലിയ പോരാട്ടം നടന്നു. 30 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ ഒടുവില്‍ 14.20 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. ഇടംകയ്യന്‍ ബാറ്ററും ഇടംകയ്യന്‍ സ്ലോ ബൗളറുമാണ് 20 കാരനായ താരം പ്രശാന്ത് വീര്‍. ടി20യില്‍ യുപിക്കായി ഒമ്പത് മത്സരങ്ങളില്‍ നിന്നും 12 വിക്കറ്റുകളെടുത്ത താരം 112 റണ്‍സും സ്കോര്‍ ചെയ്‌തിട്ടുണ്ട്. ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ മതീഷ പതിരണയെ 18 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങി. ആഭ്യന്തര ക്രിക്കറ്റിൽ ജമ്മു കാശ്‌മീരിനു വേണ്ടി കളിക്കുന്ന അഖിബ് ധറിനെ ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു. 8.40 കോടിക്കാണ് വാങ്ങിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ജമ്മുവിനായി 36 കളിയില്‍ നിന്നും 2.9 ഇക്കോണമി റേറ്റില്‍ താരം പിഴുതത് 125 വിക്കറ്റുകളാണ്. ലിസ്റ്റ് എയില്‍ 29 കളിയില്‍ നിന്നും 42ഉം ടി20യില്‍ 34 മല്‍സരങ്ങളില്‍ നിന്നും 43ഉം വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. രവി ബിഷ്ണോയി 7.2 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസിൽ കളിക്കും. താരത്തെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസുമായിരുന്നു മത്സരിച്ചത്.

ഡേവിഡ് മില്ലറിനെ രണ്ട് കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. ശ്രീലങ്കന്‍ താരം ഹസരങ്കയെ രണ്ട് കോടിക്ക് ലഖ്‌നൗ സ്വന്തമാക്കി. വെങ്കിടേഷ് അയ്യരെ എഴുകോടിക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവും ക്വിന്റണ്‍ ഡികോക്കിനെ മുംബൈ ഇന്ത്യന്‍സ് ഒരു കോടിക്കും ബെന്‍ ഡക്കറ്റിനെ ഡല്‍ഹി രണ്ട് കോടിക്കും ഫിന്‍ അലനെ കൊല്‍ക്കത്ത രണ്ടുകോടിക്കും സ്വന്തമാക്കി. ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ ജേക്കബ് ഡഫിയെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു രണ്ടുകോടിക്ക് വാങ്ങി.

വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ അക്കീൽ ഹുസൈനെ രണ്ടു കോടിക്ക് ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലെത്തിച്ചു. ഒരു സീസണിൽ അദ്ദേഹം സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായിരുന്നു. ആദ്യഘട്ട ലേലത്തില്‍ അണ്‍ സോള്‍ഡ് ആയ ലയാം ലിവിങ്സ്റ്റണെ രണ്ടാംഘട്ട ലേലത്തില്‍ 13 കോടിക്ക് സണ്‍റൈസേഴ്സ് ടീമിലെത്തിച്ചു. മുസ്താഫിസുര്‍ റഹ്മാന്‍ 9.2 കോടിക്ക് കൊല്‍ക്കത്തയിലെത്തി. രാഹുല്‍ ചഹാറിനെ 5.20 കോടിക്ക് ചെന്നൈ സ്വന്തമാക്കി. ജോഷ് ഇന്‍ഗ്ലിസ് 8.6 കോടിക്ക് ലഖ്നൗവിലെത്തി. ആദ്യഘട്ടത്തില്‍ ആരും ലേലത്തിലെടുക്കാതിരുന്ന പൃഥ്വി ഷായെ രണ്ടാംഘട്ടത്തില്‍ അടിസ്ഥാനവിലയായ 75 ലക്ഷം രൂപയ്ക്ക് ഡല്‍ഹി കാപ്പിറ്റല്‍സ് ടീമിലെത്തിച്ചു.

ഐപിഎൽ 2026 ലേലം 

ഡേവിഡ് മില്ലർ- 2 കോടി-ഡൽഹി ക്യാപിറ്റൽസ്
കാമറൂൺ ഗ്രീൻ 25.20 കോടി-കെകെആര്‍
വനിന്ദു ഹസരംഗ- 2 കോടി-ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്
വെങ്കിടേഷ് അയ്യർ- 7 കോടി-ആര്‍സിബി
ക്വിന്റൺ ഡി കോക്ക്- 1 കോടി-മുംബൈ ഇന്ത്യൻസ്
ബെൻ ഡക്കറ്റ്- 2 കോടി-ഡൽഹി ക്യാപിറ്റൽസ്
ഫിൻ അലൻ- 2 കോടി-കെകെആര്‍
ജേക്കബ് ഡഫി- 2 കോടി-ആര്‍സിബി
മതീഷ പതിരാന- 18 കോടി-കെകെആര്‍
ആന്റിച്ച് നോർട്ട്ജെ- 2 കോടി-ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്
രവി ബിഷ്‌ണോയി- 7.20 കോടി-രാജസ്ഥാൻ
അക്കീൽ ഹൊസൈൻ- 2 കോടി-സിഎസ്‌കെ
ശിവാംഗ് കുമാർ- 30 ലക്ഷം-സൺറൈസേഴ്‌സ്
പ്രശാന്ത് വീർ- 14.20 കോടി-സിഎസ്‌കെ
ഔഖിബ് നബി- 8.40 കോടി-ഡൽഹി ക്യാപിറ്റൽസ്
തേജസ്വി സിങ്- 3 കോടി-കെകെആര്‍
മുകുൾ ചൗധരി- 2.60 കോടി-ലഖ്‌നൗ
കാർത്തിക് ശർമ്മ- 14.20 കോടി-സിഎസ്‌കെ
സുശാന്ത് മിശ്ര- 90 ലക്ഷം-രാജസ്ഥാൻ
നമൻ തിവാരി- 1 കോടി-ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്
കാർത്തിക് ത്യാഗി- 30 ലക്ഷം-കെകെആര്‍
അശോക് ശർമ്മ- 90 ലക്ഷം-ഗുജറാത്ത്
യഷ് രാജ് പൂഞ്ച- 30 ലക്ഷം-രാജസ്ഥാൻ
പ്രശാന്ത് സോളങ്കി- 30 ലക്ഷം-കെകെആര്‍
വിഘ്‌നേഷ് പുത്തൂർ- 30 ലക്ഷം-രാജസ്ഥാൻ

Exit mobile version