Site iconSite icon Janayugom Online

ഡിസിസി അദ്ധ്യക്ഷന്‍മാരുടെ നിയമനം; ഗ്രൂപ്പ് പോരില്‍ സൈബര്‍ യുദ്ധവും, പോസ്റ്ററുകളുടെ പ്രളയവും

ഡിസിസി അദ്ധ്യക്ഷൻമാരെ നിർണ്ണയിക്കാൻ കഴിയാതെ സംസ്ഥാന കോൺഗ്രസ് ഗ്രൂപ്പ് പോരിൽ അമർന്നിരിക്കെ നേതാക്കൾക്കെതിരെ പോസ്റ്ററുകളും, സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധവും ശക്തമാകുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്കെതിരേയാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. വി ഡി സതീശൻ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളാണ് എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ പതിച്ചിട്ടുള്ളത്. വി ഡി സതീശൻ കോൺഗ്രസ്സിനെ നശിപ്പിക്കുന്ന അഭിനവ തുഗ്ലക്. സതീശന്റെ കോൺഗ്രസ് വഞ്ചനയും കള്ളക്കളിയും തിരിച്ചറിയുക. മുതിർന്ന നേതാക്കളെ അവഗണിക്കരുതെന്നും പോസ്റ്ററിൽ മുന്നറിയിപ്പ് നൽകുന്നു. ഡിസിസി. അധ്യക്ഷ പട്ടിക സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കവെയാണ് വി ഡി സതീശനെതിരേയും പോസ്റ്റർ പ്രതിഷേധം. 

കോൺഗ്രസ് പാർട്ടിക്കെതിരെ ജീവിതം ഹോമിച്ച ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ എന്നീ മുതിർന്ന നേതാക്കളെ അവഗണിക്കുന്ന വി ഡി സതീശന്റെ പൊയ്മുഖം തിരിച്ചറിയുക, ഗ്രൂപ്പ് ഇല്ലായെന്ന കോൺഗ്രസുകാരെ തെറ്റിദ്ധരിപ്പിച്ച് പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്ന വി ഡി സതീശൻ, ജില്ലയിൽ കോൺഗ്രസിന് സീറ്റുകൾ നഷ്ടപ്പെട്ടാലും വേണ്ടില്ല, തന്റെ ഗ്രൂപ്പുകാരൻ തന്നെ ജില്ലാ കോൺഗ്രസ് പ്രസിഡണ്ടാക്കാൻ താൽപര്യപ്പെടുന്ന വി ഡി സതീശൻ തുടങ്ങിയ പോസ്റ്ററുകളാണ് പതിച്ചിട്ടുള്ളത്. ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിട്ടാലുടൻ ‘കലാപത്തിന്’ ഒരുങ്ങാൻ എ, ഐ ഗ്രൂപ്പുകളുടെ നീക്കം. രമേശ് ചെന്നിത്തലയുടെ സോഷ്യൽ മീഡിയ പ്രചരണത്തിനായുള്ള ‘ആർസി ബ്രിഗേഡ്’ എന്ന വാട്സപ്പ് ഗ്രൂപ്പിലെ ചർച്ചകൾ പുറത്തായി. ഡിസിസി പ്രസിഡന്റ് പട്ടിക പുറത്തുവന്നാലുടൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ പ്രചരണം കടുപ്പിക്കണമെന്നും വാട്സപ്പ് സന്ദേശങ്ങളിൽ പ്രവർത്തകർ പറയുന്നുണ്ട്. അൻവർ സാദത്ത് എംഎൽഎ, ചെന്നിത്തലയുടെ മകൻ രോഹിത് ചെന്നിത്തലയും ഉൾപ്പെടെയുള്ളവർ ഈ വാട്സാപ്പ് ഗ്രൂപ്പിലുണ്ട്. ഡിസിസി പ്രസിഡന്റ് ആകാൻ നിന്ന നേതാക്കളുടെ ഫാൻസുകാരെ ഇളക്കിവിടണം, രമേശ് ജിയെ പുതിയ ഗ്രൂപ്പുകാർ മനപൂർവ്വം ആക്രമിക്കുന്നതായി വരുത്തണം, ഉമ്മൻചാണ്ടിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരുമായി ബന്ധപ്പെട്ട് ജോയിന്റ് അറ്റാക്ക് നൽകണം, ഗ്രൂപ്പ് കളിക്കുന്നത് ആർസിയും ഒസിയും അല്ലായെന്നും തെളിയിക്കണം, പുതിയ ലിസ്റ്റിനെതിരെ ഗ്രൂപ്പിനതീതമായി പ്രതിഷേധം ഉണ്ടാക്കണം- തുടങ്ങിയവയൊക്കെയാണ് ആർസി ബ്രിഗേഡിന്റെ ആഹ്വാനം. സിസി പ്രസിഡന്റുമാരുടെ പട്ടിക സാമൂഹ്യമാധ്യമത്തിൽ പ്രചരിച്ചതും വാർത്തയായതും കെപിസിസിക്ക് പുലിവാലായിരുന്നു. കെ സുധാകരൻ അനുകൂലികളുടെ ‘കെഎസ് ബ്രിഗേഡ്‘എന്ന വാട്സാപ് ഗ്രൂപ്പിൽ പട്ടിക പ്രസിദ്ധീകരിച്ചെന്നാണ് ദൃശ്യമാധ്യമങ്ങൾ ഉൾപ്പെടെ വാർത്ത നൽകിയത്. എന്നാൽ, പട്ടിക ചോർന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പിന്നീട് സുധാകരൻ വാർത്താകുറിപ്പ് ഇറക്കി. 

എഐസിസി പരിഗണനയിലുള്ള പട്ടികയ്ക്കെതിരെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ശക്തമായ എതിർപ്പുയർത്തുകയാണ്. അതിനിടെ ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ വെടിപൊട്ടിച്ച് കെ മുരളീധരനും കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും രംഗത്തുവന്നിരുന്നു. എല്ലാവരെയും തൃപ്തിപ്പെടുത്തി പട്ടിക തയ്യാറാക്കാനാകില്ലെന്ന് ഇരുവരും പ്രതികരിച്ചു. പട്ടിക പ്രതിപക്ഷനേതാവ് അടക്കമുള്ള ചിലരുടെ മാത്രം കാർമികത്വത്തിൽ തയ്യാറാക്കിയതാണെന്നാണ് ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഉയർത്തിയ വിമർശം. മുതിർന്ന നേതാക്കളായ ഇവരെ അവഗണിച്ചു. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ നോമിനികൾ പട്ടികയിൽ ഇടംനേടുകയും ചെയ്തു. പലയിടത്തും നേതാക്കൾ പരസ്യമായി രംഗത്തുവന്നു. പോസ്റ്ററുകളും പ്രചരിച്ചു. തിരുവനന്തപുരം ഡിസിസി ഓഫീസ് പരിസരത്ത് ശശി തരൂരിനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് പുതിയ തർക്കത്തിനിടയാക്കി. തരൂരിന്റെ അനുയായിയെ ഡിസിസി പ്രസിഡന്റാക്കാൻ ശ്രമിക്കുന്നെന്നാണ് പോസ്റ്റർ. പ്രവർത്തനങ്ങളിൽ ഇടപെടാതെ മണ്ഡലത്തിൽപ്പോലും വരാതെ താങ്കളെ ചുമക്കുന്ന പാർടിയോടാണോ ഈ ചതി, വട്ടിയൂർക്കാവിൽ ഇഷ്ടക്കാരിക്ക് സീറ്റ് വാങ്ങിക്കൊടുത്ത് പാർടിയെ മൂന്നാം സ്ഥാനത്ത് ആക്കിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തോ എന്നെല്ലാമാണ് പോസ്റ്ററിൽ ചോദിക്കുന്നത്. കോട്ടയത്ത് ഉമ്മൻചാണ്ടിക്കെതിരെയും കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷിനെതിരെയും സമാന പോസ്റ്റർ പ്രചരിച്ചിരുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിനെതിരായ പോസ്റ്റർ പ്രചാരണം അന്വേഷിക്കണമെന്ന് ഡിജിപിക്ക് പരാതി. കെപിസിസി സെക്രട്ടറി സൂരജ് രവിയാണ് പരാതി നൽകിയത്. ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റർ. കൊല്ലം ഡിസിസി പ്രസിഡന്റായി കൊടിക്കുന്നിൽ നിർദേശിച്ചത് കെപിസിസി ജനറൽ സെക്രട്ടറി പി രാജേന്ദ്രപ്രസാദിനെയാണ്. പണപ്പിരിവിനു മറയാക്കാനുള്ളതല്ല പ്രസിഡന്റ് പദവിയെന്നും രാജേന്ദ്രപ്രസാദ് പടുകിഴവനാണെന്നുമുള്ള പരാമർശമാണ് പോസ്റ്ററിലുണ്ടായിരുന്നത്. അഴിച്ചുപണിയെ ചൊല്ലി കോൺഗ്രസിൽ ഏറ്റുമുട്ടൽ രൂക്ഷമായിരിക്കെ ഡിസിസി പ്രസിഡന്റുമാരുടെ അന്തിമപട്ടികയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഡൽഹിയിലുണ്ട്. ഇതിനിടയിലും സൈബർപോരിന് കുറവില്ല.. ഗ്രൂപ്പ് പോര് മുറുകുന്നതിനിടെയാണ് സുധാകരനും സതീശനും ചേർന്ന് അന്തിമ പട്ടിക തയ്യാറാക്കിയത്. നാല് ജില്ലയിൽ ഒഴികെ ഒറ്റപ്പേര് ആയിട്ടുണ്ട്. ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും ഏഴയലത്ത് അടുപ്പിക്കാതെയാണ് അവസാന പട്ടിക തയ്യാറാക്കിയത്. ഏറെ അടുപ്പക്കാരായിരുന്ന സതീശനും ചെന്നിത്തലയും ഇപ്പോൾ ബദ്ധവൈരികളാണ്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ അംഗീകാരവും അന്തിമ പട്ടികയ്ക്കുണ്ട്. തിരുവനന്തപുരത്ത് ശശി തരൂരിന്റെ നോമിനിയായ ജി എസ് ബാബുവിനും കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷ് നിർദേശിച്ച പി രാജേന്ദ്രപ്രസാദിനുമാണ് മുൻതൂക്കം. കോട്ടയത്ത് ഒറ്റപ്പേരിൽ എത്തിയിട്ടില്ലെങ്കിലും നാട്ടകം സുരേഷിനാണ് സാധ്യത. പാലക്കാട് വേണുഗോപാലിന്റെ നോമിനിയായി എ തങ്കപ്പന് മുൻഗണനയുണ്ട്. നേതൃമാറ്റത്തിന് തലമുറ മാറ്റം എന്നാണ് പറയുന്നതെങ്കിലും പട്ടികയിലെ ഭൂരിപക്ഷവും 65ന് മുകളിലുള്ളവരാണ്.
eng­lish summary;group war in con­gress about the Appoint­ment of DCC presidents
you may also like this video;

Exit mobile version