സൈനികസേവനങ്ങൾക്ക് കരുത്താകാനുള്ള ജിസാറ്റ് 7 ആർ വാർത്താ വിനിമയ ഉപഗ്രഹത്തിന്റെ വിക്ഷേപണം ഇന്ന് നടക്കും. വൈകീട്ട് 5.27ന് സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ വിവരങ്ങള്‍ ഐഎസ്ആർഒ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. എൽവിഎം 3 റോക്കറ്റ് ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിക്കുന്നത്. ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടിയുള്ള നിർണായക വാർത്താവിനിമയ ഉപഗ്രഹം സിഎംഎസ് 03യെയാണ് ഐഎസ്ആർഓയുടെ എറ്റവും കരുത്തേറിയ റോക്കറ്റിൽ വിക്ഷേപിക്കുന്നത്.
മൾട്ടി-ബാൻഡ് വാർത്താവിനിമയ ഉപഗ്രഹമാണ് സിഎംഎസ്-03 അഥവാ ജിസാറ്റ് 7ആർ. 4410 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഇന്ത്യയിൽ നിന്നും വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹമാണിത്. ജിസാറ്റ് 7 അഥവാ ‘രുഗ്മിണി’ ഉപഗ്രഹത്തിന് പകരമായാണ് സിഎംഎസ്-03 വിക്ഷേപിക്കുന്നത്. 2025ലെ ഐഎസ്ആർഓയുടെ നാലാമത്തെ വിക്ഷേപണ ദൗത്യമാണ് എൽവിഎം3 എം5. വലിയ പ്രതീക്ഷകളോടെ തുടങ്ങിയ വർഷത്തിൽ പിഎസ്എൽവി സി 61 ദൗത്യത്തിന്റെയും എൻവിഎസ് 02 ഉപഗ്രഹത്തിന്റെയും പരാജയവും വലിയ തിരിച്ചടിയായി.

