Site icon Janayugom Online

ജിഎസ്‌ടി: സുപ്രീം കോടതി വിധിയും സംസ്ഥാനങ്ങളും

രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയില്‍ എന്‍ വി രമണ ചീഫ് ജസ്റ്റിസ് ആയതിനുശേഷം മുന്‍പൊരിക്കല്‍ തന്റെ മുന്‍ഗാമികളുടെ ഒഴിവാക്കാമായിരുന്ന നടപടികളെ തുടര്‍ന്ന് നഷ്ടപ്പെട്ട വിശ്വാസ്യതയും പ്രതിഛായയും സമീപകാലത്തുണ്ടായ ചില വിധി പ്രസ്താവങ്ങളിലൂടെ വലിയൊരളവില്‍ വീണ്ടെടുക്കുന്നതില്‍ വിജയം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും ഒടുവിലത്തേതും കേന്ദ്ര‑സംസ്ഥാന സാമ്പത്തിക, ധനകാര്യ ബന്ധങ്ങളില്‍ അനിവാര്യമായി സംരക്ഷിക്കപ്പെടേണ്ടതുമായ ‘ഫെഡറലിസം’ ഉറപ്പാക്കുന്നതിന് സഹായകമായ ചരക്കു-സേവന നികുതി (ജിഎസ്‌ടി)യുമായി ബന്ധപ്പെട്ടുള്ളതാണ്. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജസ്റ്റിസായ ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെതായ വിധി പ്രസ്താവം, ജിഎസ്‌ടി കൗണ്‍സില്‍ കൂടെക്കൂടെ യോഗം ചേര്‍ന്ന് പ്രഖ്യാപിക്കുന്ന നയപരമായ തീരുമാനങ്ങള്‍ അതേപടി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ബാധ്യസ്ഥമല്ലെന്നാണ്. അവയ്ക്ക് വെറും ശുപാര്‍ശകളുടെ പ്രാധാന്യം മാത്രമെയുളളൂ എന്നാണ് വിധി പ്രസ്താവത്തില്‍ അടിവരയിട്ടു പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ജിഎസ്‌ടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ ആസ്പദമാക്കി നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്ര‑സംസ്ഥനാ സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്നും വിധി വ്യക്തമാക്കുന്നുണ്ട്. സുപ്രീം കോടതിയുടെ ഈ വിധി ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവം കൃത്യമായി മുറുകെ പിടിക്കുകയും “കോഓപ്പറേറ്റീവ് ഫെഡറലിസം” എന്ന ലക്ഷ്യം ഏതുവിധേനയും യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. കുറെ വര്‍ഷങ്ങളായി ഇന്ത്യയിലെ കേന്ദ്ര ഭരണകൂടവും നിരവധി സംസ്ഥാന സര്‍ക്കാരുകളും ഒട്ടേറെ സമയവും അധ്വാനവും ചെലവാക്കി ചര്‍ച്ചകളും കൂടിയാലോചനകളും നടത്തിയതിനു ശേഷം രൂപം നല്കിയ ജിഎസ്‌ടി വ്യവസ്ഥ സുപ്രീം കോടതിയുടെ വിലയിരുത്തലില്‍ സഹകരണം ഉറപ്പാക്കാന്‍ ഏറ്റവും ഉചിതവും മാതൃകാപരവുമായൊരു സംവിധാനമാണ്.

കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും സ്വന്തം അധികാരങ്ങള്‍ കൂട്ടിക്കലര്‍ത്തിയതിനുശേഷമാണ് ചരക്കുകളുടെയും സേവനങ്ങളുടെയും കൃത്യമായ, ന്യായമായ കൈമാറ്റ ഇടപാടുകള്‍ക്ക് ആശയക്കുഴപ്പമില്ലാത്തതും സുതാര്യവും ലളിതവുമായൊരു ഏകീകൃത നികുതി വ്യവസ്ഥയ്ക്ക് രൂപം നല്‍കിയത്. “ഒരു രാഷ്ട്രം, ഒരു നികുതി” എന്നതാണ് ഇതിന്റെ ലക്ഷ്യം. വിവിധ സംസ്ഥാനങ്ങളില്‍ വിവിധതരം നികുതികള്‍ എന്ന ഇന്നത്തെ അവസ്ഥ വ്യാപാര, വ്യവസായ, ബിസിനസ് മേഖലകളിലെ കാര്യക്ഷമതയ്ക്ക് ഹാനികരമാണ് എന്ന് കോടതി കരുതുന്നു. അതീവ സങ്കീര്‍ണം ഏറെക്കാലമായി തുടര്‍ന്നുവരുന്നതുമായൊരു നികുതി തര്‍ക്കത്തില്‍ വിധികല്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ദേശീയ പ്രാധാന്യമുള്ള മാനങ്ങളുള്ള ഒരു വിഷയത്തിനും ഈ വിധി ബാധകമാക്കപ്പെടുന്നതെന്നതാണ് ശ്രദ്ധേയമായ വസ്തുത. ഈ തര്‍ക്കത്തിന്റെ വാദിഭാഗത്ത് മോഹിത് മിനറല്‍സ് എന്ന ഇറക്കുമതി സ്ഥാപനവും എതിര്‍ ഭാഗത്ത് ഗുജറാത്ത് സര്‍ക്കാര്‍ ഫയല്‍ ചെയ്ത കേസില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി പ്രസ്താവവുമാണ്. ഈ തര്‍ക്കത്തിന് അടിസ്ഥാനമായത് കടല്‍വഴി ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് വ്യവസായികള്‍ കേന്ദ്ര‑സംസ്ഥാന സര്‍‍ക്കാരുകള്‍ ചുമത്തുന്ന ഇന്റഗ്രേറ്റഡ് ജിഎസ്‌ടി (ഐജിഎസ്‌ടി) നല്കാന്‍ നിയമപരമായി ബാധ്യസ്ഥമാണോ അല്ലയോ എന്നതായിരുന്നു. സുപ്രീം കോടതിയുടെ തീര്‍പ്പനുസരിച്ച് ഇത്തരമൊരു നികുതി നിലവിലില്ലെന്നതിനാല്‍ ഇറക്കുമതിക്കാര്‍ അത് നല്‍കാന്‍ ഇന്നത്തെ നിലയില്‍ ബാധ്യസ്ഥമല്ലെന്നുമാണ് സ്ഥിതി. ഈ വിഷയത്തില്‍ ഏതെങ്കിലും തര്‍ക്കം അവശേഷിക്കുന്നുണ്ടെങ്കില്‍ അതിന് തീര്‍പ്പുകല്പിക്കാന്‍ ജിഎസ്‌ടി കൗണ്‍സില്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷം കഴിയുന്നതുമാണ്. ഇതിന് പാര്‍ലമെന്റിന്റെ പ്രത്യേക നിയമഭേദഗതിയും വേണ്ടിവരും.

ഈ വിധിയുടെ ചുവടുപിടിച്ചാണ് 153 പേജ് ദൈര്‍ഘ്യമുള്ളൊരു ജിഎസ്‌ടി നിയമനവുമായി ബന്ധപ്പെട്ടുള്ള വിധി സുപ്രീം കോടതിയില്‍ നിന്നും ഉണ്ടാകുന്നത്. ഈ രണ്ട് വിഷയങ്ങളും ഒന്നായി പരിഗണിക്കാന്‍ ഇടയായതിനുള്ള കാരണം വ്യക്തമാണല്ലോ. അതായത് ജിഎസ്‌ടി നിയമവ്യവസ്ഥയിലും ജിഎസ്‌ടി കൗണ്‍സിലിന്റെ തീരുമാനങ്ങളിലും കാണപ്പെടുന്ന അനിശ്ചിതത്വങ്ങളും ആശയക്കുഴപ്പങ്ങളും തന്നെയാണിത്. ഇതിലൊന്നും അപാകതകളില്ല; ആശങ്കയുമില്ല. എന്നാല്‍ സുപ്രീം കോടതിയുടെ വിധി ആശങ്കക്കിടയാക്കുന്നത് ജിഎസ്‌ടി കൗണ്‍സിലിന്റെ പദവിയുമായി ബന്ധപ്പെട്ടുള്ള അതിലെ പരാമര്‍ശങ്ങളാണ്. ഇവിടെയും ഒരു സവിശേഷത കാണാന്‍ കഴിയും. പരേതനായ മുന്‍രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ധനമന്ത്രിയായിരിക്കെ, ജിഎസ്‌ടി വ്യവസ്ഥയായിരിക്കും മൂല്യവര്‍ധിത നികുതി(വാറ്റ്)യേക്കാള്‍ കൂടുതല്‍ ആശാസ്യമായിരിക്കുക എന്ന നിര്‍ദേശവുമായി വന്നപ്പോള്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഈ നിയമം ഫെഡറല്‍ തത്വങ്ങളുടെ നിരാസത്തിനിടയാക്കുമെന്നും അതിന് അനുവദിക്കാന്‍ കഴിയില്ലെന്നും ശക്തമായ നിലപാടെടുത്തിരുന്നത്. കേരള സര്‍ക്കാരിന്റെയോ പ്രതിപക്ഷത്തിന്റെയോ വ്യക്തമായൊരു പ്രതികരണം ഈ വിഷയത്തില്‍ അന്ന് ഉണ്ടായിരുന്നുമില്ല. എന്നാല്‍ കേന്ദ്രത്തിലും സംസ്ഥാനത്തും രാഷ്ട്രീയാധികാര മാറ്റം ഉണ്ടായതോടെ സംസ്ഥാന ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്ക് ജിഎസ്‌ടിയെ സ്വാഗതം ചെയ്തപ്പോള്‍ നരേന്ദ്രമോഡി തന്റെ മുന്‍ ജിഎസ്‌ടി വിരുദ്ധ നിലപാട് മാറ്റിയെന്നു മാത്രമല്ല അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി നേരിട്ട് ഈ നിയമം നടപ്പാക്കാന്‍ അരയും തലയും മുറുക്കി രംഗത്തുവരികയും ചെയ്തു എന്നത് ഇപ്പോള്‍ നിഷേധിക്കാന്‍ കഴിയാത്ത സംഭവങ്ങളാണ്.

ഡോ. തോമസ് ഐസക്ക് ആദ്യഘട്ടത്തില്‍ സ്വീകരിച്ചിരുന്ന ജിഎസ്‌ടി അനുകൂല നിലപാടില്‍ പിന്നീട് മാറ്റം വരുത്തിയെന്നതും ഒരു വസ്തുതയാണ്. പുതിയ സുപ്രീം കോടതി വിധി വന്നതോടെ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ ജിഎസ്‌ടി കൗണ്‍സിലിനോടുള്ള സമീപനത്തില്‍ മുന്‍കാല അവസ്ഥ പുനഃസ്ഥാപിക്കപ്പെടുമോ എന്ന സംശയവുമുണ്ട്. മോഡിയുടെ സമീപനം വിധിക്കെതിരായി തിരിയാനും സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വിധിക്കനുകൂലമായി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന അനുകൂല നിലപാട് കൂടുതല്‍ ബലപ്പെടുത്താനും ഇടയുണ്ട്. ഇത് തീര്‍ത്തും സ്വാഭാവികവുമാണ്. ‘യൂണിയന് മാത്രമല്ല, സംസ്ഥാനങ്ങള്‍ക്കും തുല്യവും ഒരേപോലെ വിനിയോഗിക്കാവുന്നതും സവിശേഷവുമായ അധികാരങ്ങള്‍ ജിഎസ്‌ടി നിയമനിര്‍മ്മാണ മേഖലയിലുണ്ട്’ എന്ന് വിധി പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നു. കൗണ്‍സിലിന്റെ അധികാരങ്ങള്‍ സംബന്ധിച്ചും വ്യക്തമായ വ്യവസ്ഥകളുണ്ട്. അവക്കനുസൃതമായിട്ടല്ലാതെ കൗണ്‍സിലിന് കൃത്യനിര്‍വഹണം അസാധ്യമായിരിക്കുകയും ചെയ്യും. നിലവിലുള്ള നിയമം തന്നെ വ്യവസ്ഥ ചെയ്യുന്നത് യൂണിയനും സംസ്ഥാനങ്ങള്‍ക്കും യഥാക്രമം മൂന്നിലൊന്നും മൂന്നില്‍ രണ്ടും വീതം വോട്ടവകാശമുണ്ടെന്നാണ്. വോട്ടിങ്ങുമായി ബന്ധപ്പെട്ടുള്ള ഈ സംവിധാനം സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമല്ലെ ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, സംസ്ഥാനങ്ങള്‍ക്കെല്ലാം കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ രാഷ്ട്രീയ ഭേദമില്ലാത്തവിധത്തിലാണ് ബാധിക്കുകയും ചെയ്യുക. ഈ നികുതി നിയമത്തിന്റെയും അത് കൈകാര്യം ചെയ്യാനുള്ള കൗണ്‍സിലിന്റെ ലക്ഷ്യവും ഒരു ദേശീയ വിപണി യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യുക എന്നുതന്നെയാണ്. ഇവിടെ ഭരണകക്ഷി — പ്രതിപക്ഷ ഭേദമുണ്ടാകേണ്ട കാര്യമില്ല. ജിഎസ്‌ടി കൗണ്‍സില്‍ യോഗങ്ങള്‍ക്കിടയില്‍ നിരവധി അവസരങ്ങളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊക്കെ ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍, പുതുതായി കൗണ്‍സില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളി ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തവും കൂടുതല്‍ ഗുരുതരവുമാകാനിടയാക്കുന്ന ഒന്നായിരിക്കും. ഇത് റവന്യു വരുമാന സാധ്യതകളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നേരിടേണ്ടിവരുന്ന ഗൗരവതരമായ പ്രശ്നമാണ്.

2022 ജൂലൈ ഒന്ന് ആകുന്നതോടെ നിലവിലുള്ള ധാരണയനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ ജിഎസ്‌ടിയിലേക്കു മാറിയതോടെ നികുതി വരുമാനസ്രോതസുകളില്‍ വന്നുചേരാനിടയുള്ള ഇടിവിന് ആനുപാതികമായി ലഭ്യമായിരുന്ന വിഹിതം കിട്ടാത്തൊരു സ്ഥിതിവിശേഷം നിലവില്‍ വരുമെന്നത് ഉറപ്പാണല്ലോ. ഇതിനുള്ള പരിഹാരം കണ്ടെത്താനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനു തന്നെയാണ്. സംസ്ഥാന സര്‍ക്കാരുകള്‍ അഭിമുഖീകരിക്കാനിടയുള്ള ധനകാര്യ ഞെരുക്കം പരമാവധി പരിഹരിക്കുന്നതിന് മുന്‍കൈ എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണല്ലോ. അത്തരമൊരു സമവായ നീക്കത്തിനു തയാറാകുന്നതിനു പകരം എന്‍ഡിഎ അധികാരത്തിലിരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ സഹകരണ ഫെഡറലിസം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണ് മോഡി ഭരണകൂടം പ്രതീക്ഷിക്കുകയും കരുക്കള്‍ നീക്കുകയും ചെയ്യുന്നതെങ്കില്‍ അത് ചെന്നെത്തുക അതീവ സങ്കീര്‍ണമായ മറ്റൊരു കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ ഏറ്റുമുട്ടലിലേക്കായിരിക്കും എന്നതില്‍ സംശയമില്ല. ഇത്തരമൊരു ആശങ്ക കണക്കിലെടുത്തു കൂടിയായിരിക്കണം പരമോന്നത നീതിപീഠമായ സുപ്രീം കോടതി ഈ വിധത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് പ്രകോപനപരമായൊരു നയസമീപനം ഒഴിവാക്കണമെന്നുകൂടി പരോക്ഷമായെങ്കിലും സൂചിപ്പിച്ചുകൊണ്ടുള്ളൊരു വിധി പ്രസ്താവം നടത്തിയിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ജിഎസ്‌ടി വഴിയുള്ള വരുമാന വിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്നത് തീര്‍ത്തും ന്യായമായൊരു പരാതിതന്നെയാണ്. എന്നിരുന്നാല്‍ത്തന്നെയും നികുതി വെട്ടിപ്പ് വ്യാപകമായ നിലയില്‍ നടന്നുവരുന്നുണ്ടെന്നത് നിഷേധിക്കാനുമാവില്ല. 2021–22 സാമ്പത്തിക വര്‍ഷത്തിലെ പരിശോധനകളില്‍ കണ്ടുപിടിക്കപ്പെട്ടത് 17,262 നികുതി വെട്ടിപ്പുകളാണ്. നികുതിയും പിഴയും അടക്കം ഇതിലൂടെ പിരിഞ്ഞുകിട്ടയത് 79.48 കോടി രൂപയുമായിരുന്നു. മൊത്തം 2881 പരിശോധനകളാണ് റവന്യു ഇന്റലിജന്‍സ് വിഭാഗം നടത്തിയത്. ഈ വിധത്തില്‍ 1468 സ്ഥാപനങ്ങളില്‍ നിന്നും നിയമനടപടികളിലൂടെ 15.37 കോടി രൂപയോളം പിഴയായും നികുതിയായും ഈടാക്കുകയും പിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു പ്രക്രിയ ശക്തമായ നിലയില്‍ത്തന്നെ വരും വര്‍ഷങ്ങളിലും നടത്തുകതന്നെ വേണം. സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശനത്തിനിടയാക്കാനുള്ള പഴുതുകള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.

Exit mobile version