Site iconSite icon Janayugom Online

ഹാല്‍ സിനിമ; രണ്ടുമാറ്റങ്ങള്‍ വരുത്തിയ ശേഷം വീണ്ടും സെന്‍സര്‍ ബോര്‍ഡിനെ സമീപ്പിക്കാൻ ഹൈക്കോടതി നിര്‍ദേശം

‘ഹാല്‍’ സിനിമയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. എ സര്‍ട്ടിഫിക്കറ്റും പതിനഞ്ചോളം തിരുത്തലുകളും നിര്‍ദേശിച്ച സെന്‍സര്‍ ബോര്‍ഡ് നടപടി ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തീര്‍പ്പാക്കിയത്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചവയില്‍ രണ്ടുമാറ്റങ്ങള്‍ വരുത്തിയ ശേഷം വീണ്ടും അനുമതിക്കായി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് കോടതി സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കി. ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കോടതി നടപടികളുമായി ബന്ധപ്പെട്ട ഒരു സീനിലെ ഏതാനും ഭാഗങ്ങള്‍ മാറ്റാന്‍ ബെഞ്ച് നിര്‍ദേശിച്ചു. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കുക, ചില സാംസ്കാരിക സംഘടനകളെ അപമാനിക്കുന്ന സംഭാഷണങ്ങൾ നീക്കം ചെയ്യുക, രാഖി കാണുന്ന ഭാഗങ്ങൾ അവ്യക്തമാക്കുക എന്നീ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശങ്ങളും കോടതി അംഗീകരിച്ചു. 

15 മാറ്റങ്ങളാണ് നേരത്തെ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നിര്‍ദേശിച്ചത്. മുസ്ലിം യുവാവും ക്രിസ്ത്യന്‍ യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. നായിക മുസ്ലിം വേഷം ധരിച്ച ദൃശ്യവും ഒഴിവാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് അറിയിച്ചത്.

Exit mobile version