Site icon Janayugom Online

എൽദോസ്‌ കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി; പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന് യുവതി

Eldhos

എൽദോസ്‌ കുന്നപ്പിള്ളി എംഎൽഎയ്‌ക്കെതിരെയുള്ള പീഡന പരാതി പിൻവലിക്കാൻ വലിയ സമ്മർദ്ദം ഉണ്ടായെന്ന് പരാതിക്കാരി. പീഡന പരാതി സത്യസന്ധമായതുകൊണ്ടാണ് കേസുമായി മുന്നോട്ടുപോകുന്നതെന്നും അവര്‍ പറഞ്ഞു. മജിസ്ട്രേറ്റിന് കൊടുത്ത രഹസ്യ മൊഴിയിലും കോവളം പൊലീസിന് കൊടുത്ത മർദ്ദന പരാതിയിലും ഉറച്ചു നിൽക്കുന്നുവെന്നും യുവതി വ്യക്തമാക്കി.
ഒത്തുതീർപ്പിനായി ഒരുപാട് പേർ വിളിച്ചിരുന്നു. കേസ് ഒത്തുതീർപ്പാക്കിയാൽ 30 ലക്ഷം രൂപ നൽകാമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു. എംഎൽഎയുമായി 10 വർഷത്തെ പരിചയം ഉണ്ട്. എന്നാൽ ഇക്കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത്. എംഎൽഎ മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തിൽ നിന്ന് അകലാൻ ശ്രമിച്ചു. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി. കോവളത്ത് വച്ച് പരസ്യമായാണ് മ‍ർദ്ദിച്ചത്.
കോവളത്തെ അതിക്രമത്തിൽ ദൃക്‌സാക്ഷികൾ ഉണ്ടായിരുന്നു. തന്നെ മർദ്ദിക്കുമ്പോൾ എംഎൽഎയ്ക്കൊപ്പം പിഎയും സുഹൃത്തും ഉണ്ടായിരുന്നു. അതുകണ്ട നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് വന്നപ്പോൾ ഭാര്യ ആണെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി വിട്ടു. മർദ്ദനത്തിൽ പരിക്കേറ്റ തന്നെ എംഎൽഎ തന്നെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയതെന്നും പരാതിക്കാരി പറഞ്ഞു.
തട്ടിക്കൊണ്ടുപോയി മർദ്ദിക്കൽ, അതിക്രമിച്ചു കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കോവളം പൊലീസ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് രണ്ടുപേരെക്കൂടി പ്രതിചേർത്തിട്ടുണ്ട്. 

മുന്‍കൂര്‍ ജാമ്യം 15ന് പരിഗണിക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും പെരുമ്പാവൂര്‍ എംഎല്‍എയുമായ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി 15ന് പരിഗണിക്കും. അന്ന് ജില്ലാ ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഹാജരാക്കാനും പ്രതിയും സർക്കാരും വാദം ബോധിപ്പിക്കാനും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിട്ടു. ജാമ്യഹർജി വാദം കേട്ട് തീർപ്പു കൽപ്പിക്കാനായി തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിക്ക് മെയ്ഡ് ഓവർ ചെയ്യാനും പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി വി ബാലകൃഷ്ണൻ ഉത്തരവിട്ടു. 15ന് ഏഴാം അഡീഷണല്‍ ജില്ലാ ജഡ്ജി പ്രസുൻ മോഹൻ മുമ്പാകെ ഹർജി പരിഗണിക്കും. 

തെറ്റുകാരനെന്ന് തെളിഞ്ഞാല്‍ പുറത്താക്കും: സുധാകരന്‍

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി തെറ്റുകാരനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എല്‍ദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ഒരു കമ്മിഷനെയും വയ്ക്കില്ല. വിശദീകരണം കിട്ടിയാല്‍ കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Harass­ment com­plaint against Eldos Kun­napil­li; The woman said that she was under pres­sure to withdraw

You may like this video also

Exit mobile version