Site iconSite icon Janayugom Online

ഹര്‍മന്റെ ഒറ്റയാള്‍ പോരാട്ടം; ഡല്‍ഹിക്ക് 150 റണ്‍സ് വിജയലക്ഷ്യം

വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 150 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. മോശം തുടക്കമായിരുന്നു മുംബൈയുടേത്. ഓപ്പണര്‍മാര്‍ക്ക് മൂന്നോവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് നേടാനായത്. ഹെയ്‌ലി മാത്യൂസ് 10 പന്തില്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായി. മരിസാനെ കാപ്പ് ബൗള്‍ഡാക്കുകയായിരുന്നു. അധികം വൈകാതെ യസ്തിക ഭാട്ടിയ 14 പന്തില്‍ എട്ട് റണ്‍സെടുത്ത് മടങ്ങി. എന്നാല്‍ പിന്നീടൊത്തുചേര്‍ന്ന നാറ്റ് സിവര്‍ ബ്രന്റും ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്ന് മുംബൈയെ കരകയറ്റി. ഹര്‍മന്‍പ്രീത് 35 പന്തില്‍ അര്‍ധസെഞ്ചുറി നേടി. 

എന്നാല്‍ സ്കോര്‍ 100 കടന്നതിന് പിന്നാലെ നാറ്റ് സിവര്‍ പുറത്തായി. 28 പന്തില്‍ 30 റണ്‍സ് നേടിയാണ് മടക്കം. പിന്നാലെയെത്തിയ അമേലിയ കെര്‍ (രണ്ട്), മലയാളി താരം സജന സജീവന്‍ (പൂജ്യം) എന്നിവര്‍ നിരാശപ്പെടുത്തി. സജന ജോനാസെന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങുകയായിരുന്നു. 44 പന്തില്‍ 66 റണ്‍സെടുത്ത് മുംബൈയെ രക്ഷിച്ച ഹര്‍മനെ അന്നബെല്‍ സതര്‍ലാന്റാണ് പുറത്താക്കിയത്. ജി കമലിനി (10), അമന്‍ജോത് കൗര്‍ (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റര്‍മാര്‍. ഡല്‍ഹിക്കായി മരിസാനെ കാപ്പ്, ജെസ് ജൊനാസെന്‍, ചരണി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മലയാളി താരം മിന്നു മണി ഒരോവറില്‍ 10 റണ്‍സ് വഴങ്ങി.

Exit mobile version