Site iconSite icon Janayugom Online

മോഡിയുടെ തണലില്‍ വിദ്വേഷ പ്രസംഗം വര്‍ധിച്ചത് 1130 ശതമാനം

hatespeechhatespeech

വിദ്വേഷ പ്രസംഗങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് സുപ്രീം കോടതി കഴിഞ്ഞദിവസം ഉന്നയിച്ച ലളിതമായ ചോദ്യത്തില്‍ ആർഎസ്എസിന്റെയും ബിജെപിയുടെയും അണികളും നേതാക്കളും തികച്ചും അലോസരത്തിലാണ്. ‘എന്തിനാണ് നമ്മൾ മതത്തിലേക്ക് ചുരുങ്ങുന്നത്. വിവിധ മതങ്ങളിലും ജാതികളിലും ഉള്‍പ്പെട്ടവര്‍ക്ക് സൗഹാർദ്ദത്തോടെ ജീവിക്കാൻ കഴിയാതെ രാജ്യത്ത് സാഹോദര്യം ഉണ്ടാകില്ല’ എന്ന സുപ്രീം കോടതി നിരീക്ഷണത്തിലുള്ള തങ്ങളുടെ വെറുപ്പും വേദനയും പ്രകടിപ്പിക്കാനാകാത്ത അവസ്ഥയിലാണവര്‍. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള അവരുടെ ഏറ്റവും ഫലപ്രദമായ ആയുധത്തിന്റെ മുനയാണ് കോടതി ഒറ്റയടിക്ക് ഒടിച്ചത്. ഹിന്ദുക്കളെ മുസ്‍ലിങ്ങൾക്ക് എതിരായി തിരിക്കുക എന്നതായിരുന്നു അവരുടെ രാഷ്ട്രീയം. ആ ആസൂത്രണമാണ് തടഞ്ഞത്.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്ന ആർഎസ്‌എസിന്റെ നയം നടപ്പാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഉപകരണമാണ് വിദ്വേഷ പ്രസംഗം. ഇന്ത്യയുടെ അടിസ്ഥാന സ്വഭാവം മാറ്റാനുള്ള നീക്കത്തിനെതിരാണ് ഭൂരിപക്ഷം ഹിന്ദുക്കളും. ഈ എതിര്‍പ്പിനെ കുറിച്ചുള്ള ഭയം ആർഎസ്എസിനെയും ബിജെപിയെയും വിറളിപിടിപ്പിക്കുകയും വിദ്വേഷ പ്രസംഗം തീവ്രമാക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു എന്നതാണ് ശരി. ഹിന്ദുക്കളെ സ്വാധീനിക്കാനുള്ള ഏറ്റവും ഫലപ്രദമായ തന്ത്രമാണിതെന്ന് അവര്‍ കരുതുന്നു.


ഇതുകൂടി വായിക്കൂ :  ഭയപ്പെടുത്തുന്ന ഭരണഘടനാ സ്ഥാപനങ്ങൾ


ഒരു നൂറ്റാണ്ട് മുമ്പ് ആർഎസ്എസ് രൂപീകരിച്ച കാലം മുതൽ ഈ നയം പ്രാവർത്തികമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഹിന്ദുമതത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഇല്ലാതാക്കാനും ആര്‍എസ്എസിന്റെ നയം സ്വീകരിക്കാനും ഹിന്ദു സമൂഹം തയാറാകാത്തതിനാൽ കുതന്ത്രങ്ങള്‍ വലിയ വിജയം നേടിയില്ല. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷമാണ് ഈ നീക്കത്തിന് വേഗമേറിയത്. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര‑സംസ്ഥാന സർക്കാരുകളോടും പൊലീസിനോടും സുപ്രീം കോടതി നിർദ്ദേശിച്ചതോടെ, ഈ ദൗത്യം ഇനി എളുപ്പമാകില്ല. വിഷയത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് റിപ്പോർട്ട് നൽകാൻ ഡൽഹി പൊലീസ് കമ്മിഷണറോടും ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് ഡിജിപിമാരോടും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഒരു സമൂഹത്തിനെതിരെ വിദ്വേഷം പരത്തുന്ന പ്രസംഗമോ പ്രവർത്തനമോ നടക്കുമ്പോൾ പരാതി ലഭിച്ചില്ലെങ്കിൽ പോലും സ്വമേധയാ കേസുകൾ രജിസ്റ്റർ ചെയ്യാനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും നിര്‍ദ്ദേശിച്ച കോടതി, ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥർ കോടതിയലക്ഷ്യത്തിന് ബാധ്യസ്ഥരായിരിക്കുമെന്നും വ്യക്തമാക്കി. വംശഹത്യ നടത്തുന്നതിനെക്കാൾ ഭീകരമാണ് വിദ്വേഷ പ്രസംഗം. വംശഹത്യയിൽ കൊലയാളികളോ കൂലിപ്പടയാളികളോ വ്യക്തികളെയാണ് വധിക്കുന്നത്. എന്നാൽ വിദ്വേഷ പ്രസംഗം സമൂഹത്തെ മുഴുവൻ ‌കൊല്ലുന്നു. ജസ്റ്റിസ് ഹൃഷികേശ് റോയ് ഉൾപ്പെട്ട ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് കെ എം ജോസഫിന്റെ പരാമർശം വളരെ പ്രധാനമാണ്: ‘ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കണമെന്ന് ഭരണഘടനയുടെ 51-ാം അനുഛേദം പറയുന്നു. എന്നിട്ട് നമ്മൾ എവിടെയാണ് എത്തിയത്? മതത്തെ എന്തിലേക്കാണ് ചുരുക്കിയത്? ഇത് ദാരുണമാണ്. 21-ാം നൂറ്റാണ്ടില്‍ ശാസ്ത്ര മനോഭാവത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കേണ്ടത്’.

വിവിധ ജാതിമതങ്ങളിലെ അംഗങ്ങൾക്ക് സൗഹാർദ്ദത്തോടെ ജീവിക്കാൻ കഴിയാതെ സാഹോദര്യം ഉണ്ടാകില്ല എന്ന കോടതി പരാമര്‍ശം ആർഎസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ ലൈനിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. സാഹോദര്യം അവരുടെ നയങ്ങള്‍ക്ക് വിരുദ്ധമാണ്. ‘എത്രയും വേഗം ഉചിതമായ നടപടി സ്വീകരിക്കുന്നതിന് കീഴുദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകണം. ഭരണഘടനയുടെ ആമുഖം വിഭാവനം ചെയ്യുന്ന ഭാരതത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കപ്പെടുന്ന തരത്തിൽ, പ്രാസംഗികനോ അത്തരം പ്രവൃത്തികൾ ചെയ്യുന്ന വ്യക്തിയോ ഏത് മതത്തിൽപ്പെട്ടവരാണെന്ന് പരിഗണിക്കാതെ നടപടി സ്വീകരിക്കണം’ എന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്വേഷ പ്രസംഗം ഇന്ത്യയിലെ മതസാഹോദര്യത്തെ എത്രത്തോളം ദോഷകരമായി ബാധിച്ചു എന്നതും കോടതി നിരീക്ഷണത്തിൽ പ്രതിഫലിക്കുന്നു: ‘മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഭരണഘടനാ മൂല്യങ്ങളും രാജ്യത്തിന്റെ മതേതര ജനാധിപത്യ സ്വഭാവവും പ്രത്യേകിച്ച് നിയമവാഴ്ചയും സംരക്ഷിക്കുന്നതിനുമുള്ള കടമ ഈ കോടതിക്കുണ്ട്. വിഷയത്തില്‍ പരിശോധനയും ഇടക്കാല നിർദ്ദേശങ്ങളും ആവശ്യമാണ്’. എന്നാല്‍ ഭരണകൂടവും പൊലീസും കോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കുമോ എന്നത് സംശയമാണ്.


ഇതുകൂടി വായിക്കൂ : കേരളത്തിനെതിരെ ആദിത്യനാഥിന്റെ വിദ്വേഷ പ്രസംഗം


വിദ്വേഷ പ്രസംഗങ്ങളുടെ പ്രാഥമിക ലക്ഷ്യം സമൂഹത്തെ ഭിന്നിപ്പിക്കുകയും ഹിന്ദുക്കളെ ആർഎസ്‌എസിന്റെ ബാനറിന് കീഴിൽ ഉറപ്പിക്കുകയും ചെയ്യുക എന്നതാണ്. ഭൂരിപക്ഷം ഹിന്ദുക്കൾ ആർഎസ്എസിനൊപ്പം അണിനിരന്നുകഴിഞ്ഞാൽ, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന ദൗത്യം പൂർത്തീകരിക്കാനാകും. ഈ ലക്ഷ്യം നേടിയെടുക്കാൻ നിരപരാധികളായ ഹിന്ദു യുവാക്കളെ കൂലിപ്പടയാളികളാക്കി മാറ്റാനും കാവിപ്പടയ്ക്ക് മടിയില്ല. ഇത്തരക്കാരെ തങ്ങളുടെ വിദ്വേഷപ്രചരണം നടപ്പിലാക്കാനുള്ള ഉപകരണങ്ങളായും നേതാക്കള്‍ ഉപയോഗപ്പെടുത്തും. സാമൂഹികവും സാംസ്കാരികവുമായ നൈതികതയെ പൂർണമായും നശിപ്പിക്കുന്ന ദൗത്യം ആർഎസ്എസ് നടപ്പാക്കുന്നത് ഇന്ത്യക്ക് അപമാനകരമാണ്. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി ചുമതലയേറ്റതോടെയാണ് വിദ്വേഷ പ്രസംഗത്തിന് തുടക്കമായത്. അദ്ദേഹമോ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതോ സംഭവങ്ങളെ അപലപിക്കുകയോ അത്തരം പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കാൻ അണികളോട് ആവശ്യപ്പെടുകയോ ചെയ്യാറില്ല. നേരെമറിച്ച്, ആർഎസ്എസ്-ബിജെപി നേതാക്കൾ ഈ ദൗത്യം യുവ നേതാക്കളെ ഏല്പിക്കുകയും ചെയ്യുന്നു. മോഡിയുടെ മൗനം സൂചനയായി സ്വീകരിച്ചാണ് നടപടിയെടുക്കാൻ പൊലീസ് തയാറാകാത്തത്. കപിൽ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, പർവേഷ് വർമ ​​എംപി തുടങ്ങിയ നേതാക്കൾ പരസ്യമായി വിദ്വേഷം പടർത്തുമ്പോഴും മോഡിയോ അമിത് ഷായോ വിലക്കിയിട്ടില്ല.

കഴിഞ്ഞ ഡിസംബറിലും ജനുവരിയിലും മുസ്‍ലിങ്ങൾക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗങ്ങളിലും ഈ വർഷം ഒക്ടോബർ ഒമ്പതിന് ഡൽഹി എംപി പർവേഷ് വർമ നടത്തിയ പ്രസംഗത്തിലും ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ പാെലീസ് നിഷ്‌ക്രിയത്വം കാണിച്ചെന്നാണ് ഹർജിക്കാരനായ അബ്ദുള്ള ഷഹീൻ ആരോപിച്ചത്. 2014ൽ മോഡി അധികാരത്തിൽ വന്നതിനുശേഷം ഉന്നതരാഷ്ട്രീയ നേതാക്കളുടെ വിദ്വേഷ പ്രസംഗം 1130 ശതമാനം കുത്തനെ ഉയർന്നു. 20 ലക്ഷം മുസ്‍ലിങ്ങളെ വംശഹത്യ ചെയ്യാൻ ഹിന്ദു മത നേതാക്കൾ നൽകിയ ആഹ്വാനത്തെ യുപിയിലെ ഒരു മുതിർന്ന മന്ത്രി തന്നെ ന്യായീകരിച്ചു. മോഡിയുടെ ഭരണകാലത്ത് വിദ്വേഷ പ്രസംഗത്തില്‍ പ്രതികളായ 45 നേതാക്കളിൽ അഞ്ച് ശതമാനം മാത്രമാണ് പരസ്യമായി മാപ്പ് പറയുകയോ താക്കീത് ചെയ്യപ്പെടുകയോ ചെയ്തത്. 11 പേർക്കെതിരെ മാത്രമാണ് പേരിനെങ്കിലും കേസെടുത്തത്.


ഇതുകൂടി വായിക്കൂ :  വിദ്വേഷ പ്രസംഗത്തില്‍ നടപടിയെടുക്കാന്‍ നിയമമില്ല


വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നിയമം കൊണ്ടുവരാത്തതിന് രണ്ടാഴ്ച മുമ്പാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. ടിവി, വാർത്താ ചാനലുകളിലെ വിദ്വേഷ പ്രസംഗത്തില്‍ സർക്കാര്‍ ‘നിശബ്ദ കാഴ്ചക്കാരൻ’ ആകരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. അവതാരകരോടും കോടതി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ‘ടിവി ചർച്ചകളിൽ അവതാരകന്റെ പങ്ക് വളരെ പ്രധാനമാണ്. വിദ്വേഷ പ്രസംഗം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അവരുടെ കടമയാണ്. പലപ്പോഴും മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഉണ്ടാകുന്ന പ്രസംഗങ്ങൾ നിയന്ത്രണാതീതമാകുന്നു’ ‑ജസ്റ്റിസുമാരായ കെ എം ജോസഫിന്റെയും ഹൃഷികേശ് റോയിയുടെയും ബെഞ്ച് പറഞ്ഞു. ഡൽഹി ആസ്ഥാനമായുള്ള ആക്ട് നൗ ഫോർ ഹാർമണി ആന്റ് ഡെമോക്രസി (എഎന്‍എച്ച്എഡി) എന്ന സംഘടന അടുത്തിടെ ഹേറ്റ് ഗ്രിപ്സ് ദ നേഷൻ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ റിപ്പോർട്ട്, ഇന്ത്യയിൽ വർധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങളുടെയും വംശീയ കുറ്റകൃത്യങ്ങളുടെയും കണക്കുകള്‍ വിശദീകരിക്കുന്നു. രാജ്യത്തെ വംശീയ വിദ്വേഷ പ്രവര്‍ത്തനങ്ങളില്‍ 73.3 ശതമാനവും മുസ്‌ലിങ്ങള്‍ക്കെതിരെയാണ്. ക്രിസ്ത്യൻ വിഭാഗങ്ങള്‍ക്കെതിരെയാണ് ശേഷിക്കുന്ന 26.7 ശതമാനമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

(അവലംബം: ഐപിഎ)

Exit mobile version