ആരാധകരുടെ ഇഷ്ട സൈ-ഫൈ സീരീസായ ‘സ്ട്രേഞ്ചർ തിങ്സി‘ന്റെ അഞ്ചാമത്തെയും അവസാനത്തെയും സീസൺ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. എന്നാൽ, ആവേശത്തോടെ കാത്തിരുന്ന പ്രേക്ഷകരെ നിരാശരാക്കി സീരീസ് റിലീസ് ചെയ്തതിന് പിന്നാലെ യു എസിലും ഇന്ത്യയിലും നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിന് തടസം നേരിട്ടു. സീരീസ് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ തങ്ങളുടെ സ്‌ക്രീനുകൾ സ്തംഭിച്ചെന്നും ആപ്പ് പ്രവർത്തനരഹിതമായെന്നും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പരാതികളുമായി എത്തിയത്. വിവിധ ഉറവിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ ക്രോഡീകരിക്കുന്ന ഡൗൺഡിറ്റെക്റ്റർ, യു എസിൽ മാത്രം 8,000‑ത്തിലധികം പേർക്ക് സ്ട്രീമിങ് തടസപ്പെട്ടതായാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, വൈകാതെ നെറ്റ്‌ഫ്ലിക്സ് ഈ തകരാർ പരിഹരിച്ചു.
നവംബർ 27 പുലർച്ചെ 6.30 മുതലാണ് ‘സ്ട്രേഞ്ചർ തിങ്സ്’ സ്ട്രീമിങ് ആരംഭിച്ചത്. സീരീസ് മൂന്ന് ഭാഗങ്ങളായാണ് പുറത്തിറങ്ങുക.
നാല് എപ്പിസോഡുകളുള്ള ആദ്യ വോള്യം ആണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. മൂന്ന് എപ്പിസോഡുകളാണ് രണ്ടാം വോള്യത്തിൽ ഉള്ളത്. ഇത് ഡിസംബർ 26, പുലർച്ചെ 6.30ന് രണ്ടാം വോള്യം പുറത്തിറങ്ങും. മൂന്നാം വോള്യം ജനുവരി ഒന്നിന്, പുതുവത്സര ദിനത്തിലാകും എത്തുക. അവസാന സീസൺ ഈ വിധം വിവിധ പാർട്ടുകൾ ആയി പുറത്തിറക്കുന്നതിനെ ആരാധകർ സോഷ്യൽ മീഡിയ വഴി ചോദ്യം ചെയ്തിരുന്നു. സീരീസിന്റെ ‘ഇംപാക്ട്’ നിലനിർത്താനാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് ഷോയുടെ ക്രിയേറ്റർമാരായ ഡഫർ ബ്രദേഴ്സ് അറിയിച്ചത്. ഈ തീരുമാനത്തിന് പിന്നിൽ നെറ്റ്‌ഫ്ലിക്സ് അല്ലെന്നും റോസ് ഡഫർ വ്യക്തമാക്കി.
2016ൽ സ്ട്രീമിങ് ആരംഭിച്ച ‘സ്ട്രേഞ്ചർ തിങ്സ്’ അഭിനേതാക്കളുടെ മികച്ച പ്രകടനവും വ്യത്യസ്തമായ കഥപറച്ചിലും കൊണ്ട് വളരെ പെട്ടെന്ന് തന്നെ വലിയ തോതിൽ ആരാധകരെ കണ്ടെത്തി. പിന്നാലെ 2017ൽ രണ്ടാം സീസണും, 2019ൽ മൂന്നാം സീസണും പുറത്തിറങ്ങി. 2022ൽ റിലീസ് ആയ നാലാം സീസൺ രണ്ട് ഭാഗങ്ങളായാണ് എത്തിയിരുന്നത്. ഈ ഫ്രാഞ്ചൈസിയുടെ അവസാന അധ്യായമാണ് അഞ്ചാം സീസൺ.

