ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പരാജയഭീതിയില്‍. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സിന് ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ പൊരുതുകയാണ് ഇന്ത്യ. ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് ഇനിയും 29 റണ്‍സ് വേണം. റിഷഭ് പന്ത് (28), നിതിഷ് കുമാര്‍ റെഡ്ഡി (15) എന്നിവരാണ് ക്രീസില്‍. രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ സ്‌കോട്ട് ബോളണ്ട്, പാറ്റ് കമ്മിന്‍സ് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്.
നേരത്തെ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 180 റണ്‍സില്‍ അവസാനിച്ചിരുന്നു. മറുപടി ബാറ്റിങ്ങില്‍ ആതിഥേയര്‍ 337 റണ്‍സടിച്ചു. ഇതോടെ നിര്‍ണായകമായ 157 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡും സ്വന്തമാക്കി. ട്രാവിസ് ഹെഡിന്റെ 140 റണ്‍സാണ് ഓസീസ് ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങി ആദ്യ പത്തോവറിനുള്ളിൽ തന്നെ ഇന്ത്യക്ക് ഓപ്പണർമാരെ നഷ്ടമായിരുന്നു. കെ എൽ രാഹുൽ ഏഴും യശസ്വി ജയ്സ്വാൾ 24 റൺസും എടുത്താണ് പുറത്തായത്. വിരാട് കോലിക്കും അധികം ആയുസുണ്ടായിരുന്നു. 21 പന്തില്‍ 11 റണ്‍സിന് പുറത്തായി. ശുഭ്മാന്‍ ഗില്ലാവട്ടെ (28) മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഇന്‍സ്വിങ്ങറില്‍ ബൗള്‍ഡായി. അടുത്തത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ (6) ഊഴമായിരുന്നു. ഇത്തവണ കമ്മിന്‍സ് താരത്തിന്റെ സ്റ്റമ്പ് പിഴുതു. ഇനി പന്ത്-നിതിഷ് സഖ്യത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. 150 റണ്‍സ് ലീഡെങ്കിലും സ്വന്തമാക്കിയാല്‍ മാത്രമെ എന്തെങ്കിലും വിധത്തിലുള്ള വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കൂ.
ഇന്നലെ തുടക്കത്തില്‍ തന്നെ ഓസീസിനെതിരെ പ്രഹരമേല്‍പ്പിക്കാന്‍ ഇന്ത്യക്കായി. വ്യക്തിഗത സ്‌കോറിനോട് ഒരു റണ്‍ കൂടി ചേര്‍ത്ത് നതാന്‍ മക്‌സ്വീനിയാണ് ആദ്യം മടങ്ങിയത്. ജസ്പ്രീത് ബുംറ വിക്കറ്റ് കീപ്പര്‍ നതാന്‍ മക്‌സ്വീനിയെ റിഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. സ്റ്റീവ് സ്മിത്തും ജസ്പ്രീത് ബുംറയുടെ പന്തിലാണ് പുറത്തായത്. തകർത്തടിച്ച ലബുഷെയ്നെ നിതിഷ് റെഡ്ഡിയുടെ പന്തിൽ യശസ്വി ജയ്സ്വാൾ തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കി. ട്രാവിസ് ഹെഡ് അതിവേഗം ബൗണ്ടറികൾ കണ്ടെത്തി സെഞ്ചുറി ഉറപ്പിച്ചതോടെ ഓസ്ട്രേലിയ 300 പിന്നിട്ടു. എന്നാൽ മധ്യനിരയിലെ മറ്റു താരങ്ങളും വാലറ്റവും പ്രതിരോധമില്ലാതെ കീഴടങ്ങിയതോടെ ഓസീസ് ഇന്നിങ്സ് 337ൽ അവസാനിച്ചു. പാറ്റ് കമ്മിന്‍സ് (12), മിച്ചല്‍ സ്റ്റാര്‍ക്ക് (18), സ്‌കോട്ട് ബോളണ്ട് (0) എന്നിവരാണ് പുറത്തായ മറ്റു ഓസീസ് താരങ്ങള്‍. ഇന്ത്യക്കായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും നാലു വിക്കറ്റുകൾ വീതം വീഴ്ത്തി. നിതിഷ് കുമാർ റെഡ്ഡിയും ആർ അശ്വിനും ഓരോ വിക്കറ്റുകൾ നേടി.
ആദ്യ ഇന്നിങ്സില്‍ ആറ് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് കാരണമായത്. 180 റണ്‍സിന് ഇന്ത്യയെ ഓള്‍ഔട്ടാക്കി. നിതിഷ് കുമാർ റെഡ്ഡിയാണ്(42) ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. കെ എൽ രാഹുൽ (37) റൺസെടുത്തു. ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ (0) വിക്കറ്റ് നഷ്ടത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. സ്റ്റാര്‍ക്കിനായിരുന്നു വിക്കറ്റ്. പിന്നാലെ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച കെ എല്‍ രാഹുല്‍ — ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്ത്യയെ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സ് വരെയെത്തിച്ചു. എന്നാല്‍ 37 റണ്‍സെടുത്ത രാഹുലിനെ മടക്കി സ്റ്റാര്‍ക്ക് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് വഴിവെട്ടി. വിരാട് കോലി (7), ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (3) എന്നിവര്‍ കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ മടങ്ങി. 31 റണ്‍സെടുത്ത് ഭേദപ്പെട്ട ഇന്നിങ്സിന്റെ സൂചന നല്‍കിയ ഗില്ലിനെ സ്‌കോട്ട് ബോളണ്ടും പുറത്താക്കി. പിടിച്ചുനില്‍ക്കുമെന്ന് തോന്നിച്ച റിഷഭ് പന്താണ് ആറാമനായി കൂടാരം കയറിയത്.