Site iconSite icon Janayugom Online

മൊത്തവില പണപ്പെരുപ്പം വീണ്ടും കൂടി

രാജ്യത്ത് മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഉയര്‍ന്നു. ഡിസംബറില്‍ 2.37 ശതമാനമായാണ് പണപ്പെരുപ്പനിരക്ക് ഉയര്‍ന്നത്. നവംബറില്‍ 1.89 ശതമാനമായിരുന്നു. 2023 ഡിസംബറില്‍ 0.86 ശതമാനമായിരുന്ന സ്ഥാനത്താണ് വര്‍ധന. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. നവംബറിലെ 8.63 ശതമാനത്തില്‍ നിന്ന് 24 ഡിസംബറില്‍ 8.47 ശതമാനമായി കുറഞ്ഞു. പച്ചക്കറിയുടെ വിലക്കയറ്റം നവംബറിലെ 28.57 ശതമാനത്തില്‍ നിന്ന് 28.65 ശതമാനമായി. ഉരുളക്കിഴങ്ങിന്റെയും ഉള്ളിയുടെയും വിലയും വര്‍ധിച്ചിട്ടുണ്ട്. 93.20 ശതമാനമാണ് ഉരുളക്കിഴങ്ങിന്റെ വിലക്കയറ്റ നിരക്ക്. ഡിസംബറില്‍ ഉള്ളിയുടെ വില 16.81 ശതമാനം ഉയര്‍ന്നു. പച്ചക്കറി വിലക്കയറ്റത്തില്‍ വലിയ മാറ്റമില്ല. നവംബറില്‍ 28.65 ശതമാനമാണ് വിലക്കയറ്റനിരക്ക്. നവംബറില്‍ ഇത് 28.57 ശതമാനമായിരുന്നു. ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, ഗോതമ്പ് എന്നിവയുടെ പണപ്പെരുപ്പത്തില്‍ കുറവുണ്ടായി.

ഫാക്ടറി ഉല്പന്നങ്ങളുടെ വിലക്കയറ്റം 2.14 ശതമാനമാണ് ഉയര്‍ന്നത്. നവംബറില്‍ ഇത് രണ്ടു ശതമാനം മാത്രമായിരുന്നു. തുണിത്തര നിര്‍മ്മാണച്ചെലവിലുണ്ടായ വര്‍ധനയും പണപ്പെരുപ്പം വര്‍ധിക്കാന്‍ കാരണമായി. അതേസമയം ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് നാലുമാസത്തെ താഴ്ന്ന നിലയില്‍ എത്തി. ഡിസംബറില്‍ 5.22 ശതമാനമായാണ് നിരക്ക് താഴ്ന്നത്. എന്നാല്‍ റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്ന നാല് ശതമാനത്തിന് മുകളില്‍ തന്നെയാണ് പണപ്പെരുപ്പനിരക്ക് തുടരുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 

Exit mobile version