മഴയ്ക്കൊപ്പം ആഞ്ഞു വീശിയ ശക്തമായ കാറ്റിൽ കുന്നത്തൂരിൽ വീടിന്റെ മേൽക്കൂര പറന്നുപോയി. കുന്നത്തൂർ കിഴക്ക് കടയിലഴികത്ത് വീട്ടിൽ സുരേഷിന്റെ ഇരുനില വീടിന്റെ മേൽക്കൂരയാണ് കാറ്റിൽ പറന്ന് അയൽ വീട്ടിലെ മുറ്റത്ത് പതിച്ചത്. ആസ്ബസ്റ്റോസ് ഷീറ്റു കൊണ്ടാണ് മേൽക്കൂര നിർമിച്ചിരുന്നത്. ആംഗ്ലേയറുകളും ഇതിൽ സ്ഥാപിച്ചിരുന്ന സിലിങ് ഫാനുകളും ഷീറ്റിനൊപ്പം പറന്ന് നിലം പതിച്ചു. ശക്തമായി മഴയിൽ വെള്ളം മുറികളിലേക്ക് പെയ്തിറങ്ങിയതിനാൽ കട്ടിലും മെത്തയും മറ്റ് ഫർണീച്ചറുകളും ഉപയോഗശൂന്യമായി. ഇന്നലെ വൈകിട്ട് അഞ്ചോടെ ആയിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ സുരേഷിന്റെ വൃദ്ധരായ മാതാപിതാക്കളും മക്കളും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവർക്ക് പരിക്കില്ല. മഴയ്ക്കൊപ്പം ആഞ്ഞു വീശിയ കാറ്റ് കുന്നത്തൂർ മേഖലയിൽ വ്യാപകനാശം വിതച്ചു. പാതയോരത്തും വീട്ടുപുരയിടങ്ങളിലും നിന്ന മരങ്ങൾ പിഴുതുവീണും ശിഖരങ്ങൾ ഒടിഞ്ഞു വീണുമാണ് നാശനഷ്ടം സംഭവിച്ചത്. കുന്നത്തൂർ പാലത്തിന് കിഴക്ക് വശത്തെ വളവിൽ കൂറ്റൻ മരശിഖരം റോഡിലേക്ക് പതിച്ചതിനാൽ ഇതു വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം ഭാഗികമായി തടസ്സപ്പെട്ടു. ലക്ഷങ്ങളുടെ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
ഏഴാംമൈൽ പാലത്തിൻ കടവ് റോഡിൽ ഇടയ്ക്കാട് മാർക്കറ്റ് ജംഗ്ഷന് താഴെ കൂറ്റൻ മരം വീണ് വൈദ്യൂതി പോസ്റ്റ് തകരുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. ഗതാഗതം പുനഃസ്ഥാപിച്ചു.
കടയ്ക്കൽ: വേനൽമഴയിലും കാറ്റിലും കനത്തനാശം. മരം വീണ് വീടുകൾക്കും വൈദ്യുതി ലൈനിനും നാശമുണ്ടായി. പലയിടങ്ങളിലും വാഹന ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടു. പുല്ലുപണ ഗുരുമന്ദിരത്തിന് സമീപം പ്ലാവ് കടപുഴകി റോഡിലേയ്ക്ക് വീണു. രണ്ട് വൈദ്യുത തൂണുകൾ ഒടിഞ്ഞു. ചായറം, ആഴാന്തക്കുഴി, ഇടത്തറ, വെള്ളാർവട്ടം എന്നിവിടങ്ങളിലും മരം വീണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ആറ്റുപുറം പെലപ്പേക്കോണത്ത് വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി അയൽവാസിയുടെ വീടിന് മുകളിലൂടെ വീണു. വീടുകളുടെ കോൺക്രീറ്റ് മേൽക്കൂരകൾക്ക് പൊട്ടലുണ്ട്. പാലോണത്ത് കിടപ്പു രോഗിയായ സുമതിയുടെ ഓടുമേഞ്ഞ വീടിന് മുകളിലേക്ക് റബർമരം പിഴുതു വീണു.