Site iconSite icon Janayugom Online

ഇനി മുതൽ രവി മോഹൻ; പുതിയ ചിത്രത്തിന് മുന്നോടിയായി പേര് മാറ്റി തമിഴ്‌നടൻ ജയം രവി

പുതിയ ചിത്രത്തിന് മുന്നോടിയായി പ്രമുഖ തമിഴ് നടൻ ജയം രവി പേരുമാറ്റി. ഇനി മുതൽ രവി മോഹൻ എന്നായിരിക്കും തന്റെ പേരെന്ന് താരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ആരാധകർക്ക് രവി എന്നും തന്നെ വിളിക്കാം. തന്റെ കാഴ്ചപ്പാടുകളോടും മൂല്യങ്ങളോടും ചേർന്നുനിൽക്കുന്ന പുതിയ അധ്യായത്തിന്റെ തുടക്കമാണിതെന്നും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പില്‍ താരം അറിയിച്ചു. 

പ്രശസ്ത എഡിറ്റർ എ മോഹന്റെ മകനായ രവി നായകനായി അരങ്ങേറ്റം കുറിച്ച ജയം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് ജയം രവി എന്ന് അറിയപ്പെടാൻ തുടങ്ങിയത്. ആരാധകര്‍ക്ക് പുതുവത്സര, പൊങ്കല്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുമാണ് താരം പേരിലെ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. പൊങ്കല്‍ റിലീസ് ആയി എത്തുന്ന രവി മോഹന്‍ ചിത്രം കാതലിക്ക നൈരമില്ലൈയുടെ റിലീസ് നാളെയാണ്. ഇതിന് മുന്നോടിയായിക്കൂടിയാണ് പ്രഖ്യാപനം. പേരിലെ മാറ്റത്തിനൊപ്പം രവി മോഹൻ സ്റ്റുഡിയോസ് എന്ന പേരിൽ പുതിയ നിർമ്മാണ കമ്പനിയും താരം പ്രഖ്യാപിച്ചു. 

Exit mobile version