‘നിറങ്ങളിൽ ഒന്ന് നീ കവർന്നെടുത്തിരിക്കുന്നു’
‘നിറങ്ങളിൽ ഒന്ന് നീ കവർന്നെടുത്തിരിക്കുന്നു. അത് എന്റെ ഹൃദയത്തിന്റെ ചുവപ്പായിരുന്നു’. സന്ദർശക പുസ്തകത്തിന്റെ താളുകളിലൊന്നിൽ ആസ്വാദകരിലൊരാൾ കുറിച്ചുവെച്ച കവിവാക്യം. വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ ഒരു കുരുന്നു ചിത്രകാരന്റെ ആദ്യ എക്സിബിഷനാണ് വേദി. ബ്രഷും ചായക്കൂട്ടും നെഞ്ചോട് ചേർത്ത് ഒരുനിമിഷം ചിന്തയിലാണ്ട ചിത്രകാരൻ നൊടിയിടയിൽ ഒരു ചിത്രംകൂടി വരച്ചു തീർത്തു. കുറുങ്കവിതകളിലൂടെ മലയാളകവിതാ ശാഖയ്ക്ക് വിലപ്പെട്ട സംഭാവനകളും സന്ദേശങ്ങളും പകർന്നുനൽകിയ വലിയ മനുഷ്യൻ കുഞ്ഞുണ്ണിമാഷുടെ മനോഹരമായ രേഖാചിത്രമായിരുന്നു അത്. ചിത്രം സംഘാടകരുടെ കൈയിൽ ഏൽപ്പിച്ച് ചിത്രകാരൻ തന്റെ അടുത്ത ചിത്രത്തിന്റെ പണിതുടങ്ങി.
ഇത് ഹെർഷൽ ദീപ്തെ എന്ന പത്തുവയസ്സുകാരൻ. നന്നേ ചെറുപ്രായത്തിൽതന്നെ അയ്യാരത്തോളം ചിത്രങ്ങൾ വരച്ച് ശ്രദ്ധേയനായ ഈ കൊച്ചുമിടുക്കൻ നാട്ടുകാർക്കെല്ലാം പ്രിയങ്കരനാണ്. വടകര താലൂക്കിൽ അഴിയൂർ ഗ്രാമപഞ്ചായത്തിലെ മുക്കാളി റെനി നിവാസിൽ ഹെർഷൽ ദീപ്തെ ഇപ്പോൾ ചോമ്പാൽ എൽ പി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. വടകര പുത്തൂർ ഗവ. ഹയർസെക്കന്ററി സ്കൂൾ അധ്യാപകൻ ടി പി ബിനീഷിന്റേയും കുടകിൽ കോഫി ബോർഡിൽ ഉദ്യോഗസ്ഥയായ സി മഹിജയുടേയും ഏക മകനാണ് ഹെർഷൽ.
ലോകത്തെയാകമാനം കോവിഡ് മഹാമാരി നിശ്ചലമാക്കിയപ്പോൾ ഹെർഷൽ ദീപ്തെയ്ക്ക് വർണ്ണങ്ങളായിരുന്നു കൂട്ടുകാർ. കോവിഡ് കവർന്നെടുത്ത തന്റെ രണ്ട് വിദ്യാലയ വർഷങ്ങൾ പക്ഷെ ഹെർഷൽ പാഴാക്കിയില്ല. ഈ കാലയളവിൽ മാത്രം വരച്ചുതീർത്തതാവട്ടെ മൂവായിരത്തിലേറെ ചിത്രങ്ങൾ.
രാത്രിയുടെ നിശ്ശബ്ദതയെ കൂട്ടുകാരനാക്കിയാണ് ഹെർഷലിന്റെ ചിത്രരചന. ബാല്യത്തിൽ പൊതുവെ എല്ലാവരും വരയ്ക്കുന്നതുപോലെ മലയും പുഴയും വീടും ഉത്സവവുമൊന്നുമല്ല ഹെർഷൽ തന്റെ ചിത്രങ്ങൾക്കായി തെരഞ്ഞെടുക്കുന്നത്. ശാസ്ത്രജ്ഞൻമാർ, സാഹിത്യകാരൻമാർ, ലോക നേതാക്കൾ… പട്ടിക അങ്ങിനെ നീളുന്നു. സ്വാതന്ത്ര്യസമര സേനാനികളും ചരിത്രപുരുഷൻമാരും ചിന്തകൻമാരും എഴുത്തുകാരും കായിക താരങ്ങളും ചലച്ചിത്ര താരങ്ങളും പുരാണേതിഹാസങ്ങളിലെ കഥാപാത്രങ്ങളും കാർട്ടൂൺ കഥാപാത്രങ്ങളുമെല്ലാം പ്രമേയമാവുന്ന ചിത്രങ്ങൾ കലാരംഗത്ത് ഈ ബാലന്റെ ഭാവിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരും അയൽക്കാരുമെല്ലാം ഹെർഷലിന് വിഷയങ്ങളാണ്. തൊട്ടടുത്ത പ്രദേശമായ മയ്യഴിയുടെ സാഹിത്യകാരൻ എം മുകുന്ദന്റെ ഒട്ടേറെ ചിത്രങ്ങളും ഹെർഷൽ വരച്ചുവെച്ചിട്ടുണ്ട്.
പ്രായത്തിനപ്പുറം വികസിച്ച ഭാവന എന്ന് ഈ ചിത്രകാരന്റെ ചിത്രങ്ങളെ വിശേഷിപ്പിക്കാം. ചിത്രകല അഭ്യസിക്കാത്ത ബാലന്റെ വരസിദ്ധിയെന്നും. മൂന്നാം വയസ്സിൽ തുടങ്ങിയതാണ് വരയുമായുള്ള ചങ്ങാത്തം. കൂടുതലും പെൻസിലും പേനയും ഉപയോഗിച്ചുള്ളവ തന്നെ. പെൻസിൽ ഡ്രോയിങ്, എണ്ണച്ചായം, ജലച്ചായം, അക്രലിക്ക് എന്നിവയിലും ഹെർഷൽ ചിത്രം വരയ്ക്കുന്നു.
ബുദ്ധനും കാൾമാർക്സും ഐൻസ്റ്റീനും സിഗ്മണ്ട് ഫ്രോയിഡുമെല്ലാം നിമിഷങ്ങൾ കൊണ്ട് ഹെർഷലിന്റെ വരകളിൽ നിറയുന്നു. മുൻ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് മുതൽ ഇപ്പോഴത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വരെ ചിത്രങ്ങളിലുണ്ട്. രാജ്യത്തിന്റെ പ്രധാനമന്ത്രിമാരായിരുന്ന ജവഹർലാൽ നെഹ്റുമുതൽ നരേന്ദ്രമോദിവരെയും ആദ്യ അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് വാഷ്ങ്ടൺ മുതൽ ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡൻവരേയുള്ളവരും ഹെർഷലിന്റെ ചിത്രങ്ങളിൽ ചിലതുമാത്രം.
ശാസ്ത്രീയമായി ചിത്രകല അഭ്യസിക്കാതെ നാലു വർഷമായി ഹെർഷൽ നിരന്തരമായി വരച്ചുകൊണ്ടേയിരിക്കുന്നു.
ലോക്ഡൗണിൽ മാത്രം വരച്ചത് 2000‑ത്തിലേറെ ചിത്രങ്ങൾ. ഇവയിൽ 90 ശതമാനവും വരച്ചത് രാത്രി 10 മണിമുതൽ പുലർച്ചെ രണ്ടുമണിവരെയുള്ള ഹെർഷലിന്റെ പതിവ് സർഗ്ഗ നിമിഷങ്ങളിലാണ്.
കോവിഡ് കാലത്തും അതിനേശേഷവുമായി വരച്ച 3100 ചിത്രങ്ങളുടെ പ്രദർശനമാണ് അടുത്തിടെ വടകര കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ നടന്നത്. കാരിക്കേച്ചറുകളായിരുന്നു പ്രദർശനത്തിൽ ഏറെയും. സ്പൈഡർമാൻ ഉൾപ്പെടെ കാർട്ടൂൺ കഥാപാത്രങ്ങളും ഉണ്ടായിരുന്നു.
‘ഹെർഷലിന്റെ ചിത്രങ്ങൾ അവന്റെ പ്രായത്തെ മറികടന്ന് എത്രയോ മുന്നിലാണ്. വരകളിൽ കാണുന്ന കൈയടക്കവും നിരീക്ഷണവും അത്ഭുതപ്പെടുത്തുന്നു’. ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് മദനൻ പറഞ്ഞ ഈ വാക്കുകൾ ആ ചിത്രങ്ങൾ കാണുന്ന എല്ലാവരും സമ്മതിക്കുന്നു.
മൂന്നാം വയസ്സിലാണ് ഹെർഷൽ വരയിലേക്ക് കടന്നത്. കൈയിൽ കിട്ടുന്ന തുണ്ടു കടലാസുകളിലും വീട്ട് ചുമരുകളിലും ഹെർഷലിന്റെ കുഞ്ഞു വിരലുകൾ ഓടിനടന്നു. പ്രായത്തിനപ്പുറം വികസിച്ച ഭാവനയിൽ വിടർന്നത് പുതിയ കാഴ്ചകൾ. ഓരോ വരയിലും പുതുമ ചാലിക്കാൻ ഈ ചിത്രകാരന് കഴിയുന്നു. ഹെർഷലിന്റെ വർണ്ണക്കൂട്ടുകൾ വിസ്മയമായി മാറിയത് വളരെ പെട്ടന്നാണ്. മാതാപിതാക്കളും ബന്ധുക്കളും അതുകണ്ട് സന്തോഷിച്ചു. എത്തിപ്പിടാക്കാനാകാത്ത ലോകത്തെ പുതിയ കഥകളും മഹാൻമാരുടെ ജീവിത വഴികളും അവർ മകന് പറഞ്ഞുകൊടുത്തു. പിക്കാസോയുടേയും വിൻസന്റ് വാൻഗോക്കിന്റേയും ആരാധകനായി ഹെർഷൽ വളരെ വേഗം മാറി. കാറൽ മാർക്സും ഐൻസ്റ്റീനും സിഗ്മണ്ട് ഫ്രോയിഡുമെല്ലാം ഹെർഷലിന്റെ കുഞ്ഞുവിരലുകളിൽ പിറവിയെടുക്കുന്നത് നിമിഷനേരങ്ങൾ കൊണ്ടാണ്. ഹെർഷലിന്റെ ചിത്രങ്ങളെല്ലാം മറ്റൊരു ക്ലിന്റിനെയാണ് ഓർമ്മപ്പെടുത്തുന്നത്.
അമ്മയ്ക്കൊപ്പം വയനാട്ടിൽ ക്വാർട്ടേഴ്സിൽ താമസിച്ചുതുടങ്ങിയപ്പോഴാണ് കാടും വന്യ ജീവികളും വരകളിൽ ഇടം പിടിച്ചത്. രാജ്യത്തെ ഇതുവരെയുള്ള എല്ലാ രാഷ്ട്രപതിമാരും പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരുമെല്ലാം ആ കുഞ്ഞുഭാവനയിൽ മനോഹര ചിത്രങ്ങളായി പിറവിയെടുത്തിട്ടുണ്ട്.
ഈ ചെറുപ്രായത്തിൽ തന്നെ മകൻ വരച്ചുകൂട്ടിയ ചിത്രങ്ങളെല്ലാം നശിച്ചുപോകാതെ സൂക്ഷിക്കാനുള്ള ശ്രമത്തിണ് ഹെർഷലിന്റെ മാതാപിതാക്കൾ.
.… .… .… .… .…
‘ഹെർഷലിന്റെ ചിത്രങ്ങൾ അവന്റെ പ്രായത്തെ മറികടന്ന് എത്രയോ മുന്നിലാണ്. വരകളിൽ കാണുന്ന കൈയടക്കവും നിരീക്ഷണവും അത്ഭുതപ്പെടുത്തുന്നു’.
- മദനൻ