കാന്താര’ സിനിമയിലെ വിവാദമായ ‘വരാഹരൂപം’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ നിയമ ലംഘനക്കേസില്‍ നിന്നും നടന്‍ പൃഥ്വിരാജിനെതിരായ എഫ്ഐആര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്. ചിത്രത്തിന്റെ വിതരണക്കാരന്‍ മാത്രമായ പൃഥ്വിരാജിനെ കേസില്‍ അനാവശ്യമായി കക്ഷിചേര്‍ത്തതാണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം പകര്‍പ്പവകാശ കേസ് കോഴിക്കോട് ജില്ലാ കോടതിക്ക് പരിഗണിക്കാമെന്നും ഹൈക്കോടതി വിധിച്ചു. തൈക്കുടം ബ്രിഡ്ജും മാതൃഭൂമിയും നൽകിയ പരാതി വാണിജ്യതർക്കവുമായി ബന്ധപ്പെട്ട കോടതിയാണ് പരിഗണിക്കേണ്ടതെന്ന് കാട്ടി കോഴിക്കോട് ജില്ലാ കോടതി മടക്കിയിരുന്നു. ജില്ലാ കോടതിയുടെ നടപടിക്കെതിരെ തൈക്കുടം ബ്രിഡ്ജ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം ആർ അനിതയുടെ ഉത്തരവ്. കോഴിക്കോട് ജില്ലാ കോടതിയുടെ ഈ ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു. കാന്താര സിനിമയുടെ സംഗീത സംവിധായകൻ ബി എൽ അജനീഷിനെ എതിർ കക്ഷിയാക്കിയാണ് ഹർജി നൽകിയത്.
തൈക്കുടം ബ്രിഡ്ജിന്റെ ആസ്ഥാനം എറണാകുളത്തായതിനാൽ പകർപ്പവകാശ നിയമ പ്രകാരം എറണാകുളത്ത് കേസ് നൽകണമെന്ന വാദമാണ് ഹൈക്കോടതി തള്ളിയത്. കേസ് വാണിജ്യ കേസുകൾ പരിഗണിക്കുന്ന കോടതിക്ക് മാത്രമാണ് പരിഗണിക്കാനാകുന്നതെന്ന വാദവും തള്ളി. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനെ തുടർന്ന് ചിത്രത്തിന്റെ നിർമാതാവ് വിജയ് കിരഗന്ദൂർ, സംവിധായകൻ ഋഷഭ് ഷെട്ടി എന്നിവർ കഴിഞ്ഞ ദിവസം കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
English Summary: high court stay order for the further proceedings against prithviraj on kantara film song
You may also like this video