Site iconSite icon Janayugom Online

ഉയർന്ന വിലയും താരിഫ് യുദ്ധവും തിരിച്ചടിയോ? ടെസ്‌ലയ്ക്ക് ഇന്ത്യയിൽ ലഭിച്ചത് 600 ബുക്കിങ്ങുകൾ മാത്രം

വിപണിയിലെത്തിയ ടെസ്‍ലയ്ക്ക് പ്രതീക്ഷിച്ച ബുക്കിങ് ലഭിച്ചില്ലെന്ന് റിപ്പോർട്ടുകൾ. ആദ്യ കാർ ‘മോഡൽ വൈ’ക്ക് ഇതുവരെ 600 ബുക്കിങ്ങുകൾ മാത്രമാണ് ലഭിച്ചത്. ജൂലൈയിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയ വാഹനത്തിന്റെ വിതരണം ഈ മാസം മുതൽ ആരംഭിക്കും. ഈ വർഷം ഇന്ത്യയിലേക്ക് 350 മുതൽ 500 യൂണിറ്റ് വരെ ഷാങ്ഹായ്‌യിൽ നിന്ന് ഇറക്കുമതി ചെയ്യുമെന്നാണ് കരുതുന്നത്. വർഷം 2500 യൂണിറ്റുവരെ ഇന്ത്യയിൽ വിൽക്കുമെന്നായിരുന്നു ടെസ്‌ലയുടെ പ്രതീക്ഷ. ഉയർന്ന വിലയും ട്രംപിന്റെ താരിഫ് യുദ്ധവുമാകാം ടെസ്‌ലയ്ക്ക് തിരിച്ചടി നൽകിയത് എന്നാണ് കരുതുന്നത്.

രണ്ടു മോഡലുകളുമായി എത്തുന്ന വൈയുടെ റിയർ വീൽ ഡ്രൈവ് മോഡലിന് 59.89 ലക്ഷം രൂപയും ലോങ് റേഞ്ച് റിയർവീൽ ഡ്രൈവിന് 67.89 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. അടിസ്ഥാന മോഡലിന്റെ ഓൺറോഡ് വില 60.99 ലക്ഷം രൂപയും ലോങ് റേഞ്ച് മോഡലിന് 69.07 ലക്ഷം രൂപയുമാണ്. ജിഎസ്ടി, ടിസിഎസ് 1 ശതമാനം, അഡ്മിനിസ്ട്രേഷൻ ആന്റ് സർവീസ് ഫീസ്, ഫാസ്ടാഗ് എന്നിവയുടെ ചാർജ് അടക്കമാണ് ഓൺറോഡ് വില കണക്കാക്കിയിരിക്കുന്നത്, തുടക്കത്തിൽ ഡൽഹി, ഗുരുഗ്രാം, മുംബൈ എന്നീ സ്ഥലങ്ങളില്‍ മാത്രമാണ് കാർ ലഭിക്കുക.

സ്റ്റെൽത്ത് ഗ്രേ, പേൾ വൈറ്റ്, ഡയമണ്ട് ബ്ലാക്ക്, ഗ്ലാസിയർ ബ്ലൂ, ക്യൂക് സിൽവ്വർ, അൾട്ര റെഡ് എന്നീ നിറങ്ങളിലാണ് പുതിയ വൈ ഇന്ത്യയിൽ ലഭിക്കുക. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്താണ് ‘മോഡൽ വൈ’ ഇന്ത്യയിൽ വിൽപനയ്ക്ക് എത്തുന്നത്. ടെസ്‌ലയുടെ ജനപ്രിയ ഇലക്ട്രിക് എസ്‌യുവികളിലൊന്നാണ് മോഡല്‍ വൈ. റിയൽ വീൽ ഡ്രൈവ്, ലോങ് റേഞ്ച് റിയര്‍ വീല്‍ ഡ്രൈവ്, ലോങ് റേഞ്ച് ഓള്‍ വീല്‍ ഡ്രൈവ് എന്നിങ്ങനെ മോഡലുകളാണ് മോഡല്‍ വൈയിലുള്ളത്. ഇന്ത്യയിൽ റിയർവീൽ ഡ്രൈവ്, റിയർവീൽ ഡ്രൈവ് ലോങ് റേഞ്ച് എന്നീ മോഡലുകൾ മാത്രം. റിയല്‍വീല്‍ ഡ്രൈവിന് 500 കിലോമീറ്ററാണ് ഡബ്ല്യുഎൽടിപി റേഞ്ച്.

Exit mobile version