Site iconSite icon Janayugom Online

പൊതുവിദ്യാലയങ്ങളിൽ ഹൈടെക് ക്ലാസ് മുറികൾ എഡ്യൂ- സ്മാർട്ട് പദ്ധതിയുമായി കുളത്തൂപ്പുഴ പഞ്ചായത്ത്

കുളത്തൂപ്പുഴയിലെ പൊതുവിദ്യാലയങ്ങളിൽ ഇനി ഹൈടെക് ക്ലാസ് മുറികളും. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ എഡ്യൂ- സ്മാർട്ട് പദ്ധതിയിലൂടെയാണ് ഏഴ് സ്കൂളുകളിൽ ഒമ്പത് ഹൈടെക് ക്ലാസ് മുറികൾ നിർമിച്ചിട്ടുള്ളത്. പൂർത്തീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം കണ്ടൻചിറ സ്കൂളിൽ നടന്ന ചടങ്ങിൽ പി. എസ് സുപാൽ എം. എൽ. എ നിർവഹിച്ചു.
പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് ഉന്നതനിലവാരത്തിലുള്ള പഠനാന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള എഡ്യൂ ‑സ്മാർട്ട് പദ്ധതി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതിയിലൂടെ കുളത്തൂപ്പുഴ ടൗൺ യു പി സ്കൂളിന് മൂന്ന് ഹൈടെക് ക്ലാസ് മുറികളും ചോഴിയക്കോട് എൽ. പി. എസ്, കണ്ടൻചിറ എൽ. പി. എസ്, ചെറുകര എൽ. പി. എസ്, വില്ലുമല ടി. എൽ. പി. എസ്, കടമാൻകോട് ടി. എൽ. പി. എസ്, ബഡ്സ് സ്കൂൾ എന്നിവിടങ്ങളിൽ ഓരോ ക്ലാസ് മുറികളുമാണ് നിർമിച്ചിട്ടുള്ളത്. 32 ലക്ഷം രൂപയാണ് എഡ്യൂ ‑സ്മാർട്ട് പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് ചെലവഴിച്ചത്. ഇൻട്രാക്ടീവ് ടച്ച് പാനൽ വിത്ത് മിനി കമ്പ്യൂട്ടർ, പോർട്ടബിൾ റൈറ്റിങ് ബോർഡ്, ബഞ്ച് ‑ഡസ്ക്, ടീച്ചേഴ്സ് ടേബിൾ ആൻഡ് ചെയർ എന്നിവയാണ് ഓരോ ക്ലാസ്സ് മുറികളിലുമുള്ളത്. കൂടാതെ മനോഹരമായ പെയിന്റിംഗും മുറികളുടെ സവിശേഷതയാണ്. വരുംവർഷങ്ങളിലും പദ്ധതിയിലൂടെ കൂടുതൽ ക്ലാസ് മുറികൾ നിർമിക്കുകയാണ് ലക്ഷ്യം.

Exit mobile version