Site iconSite icon Janayugom Online

ഫൈനല്‍ ടിക്കറ്റിന് ഹിമാലയന്‍ ലക്ഷ്യം

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യക്ക് 339 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 338 റണ്‍സിന് ഓള്‍ഔട്ടായി. ഫോബെ ലിച്ചിഫീല്‍ഡിന്റെ സെഞ്ചുറിയാണ് ഓസീസിന് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്. ലിച്ചിഫീല്‍ഡ് 93 പന്തില്‍ 17 ഫോറും മൂന്ന് സിക്സുമുള്‍പ്പെടെ 119 റണ്‍സെടുത്തു.

ഓപ്പണറായ അലീസ ഹീലിയെ തുടക്കത്തിലെ മടക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞു. എന്നാല്‍ ലിച്ചിഫീല്‍ഡിനൊപ്പം മൂന്നാമതായെത്തിയ എലിസ പെറി ഓസീസ് സ്കോര്‍ 200നരികെയെത്തിച്ചു. ഇരുവരും ചേര്‍ന്ന് 155 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ മോശം ഫീല്‍ഡിങ്ങും ബൗളിങ്ങും ഓസീസിനെ സഹായിച്ചു. 77 പന്തില്‍ ലോകകപ്പിലെ ആദ്യ സെഞ്ചുറി തികച്ച ലിച്ചിഫീല്‍ഡ് പിന്നീട് തകര്‍ത്തടിച്ചു. ലിച്ചിഫീല്‍ഡീനെ 27-ാം ഓവറില്‍ അമന്‍ജ്യോത് കൗര്‍ ബൗള്‍ഡാക്കിയതോടെയാണ് ഇന്ത്യക്ക് ശ്വാസം നേരെ വീണത്. എലിസ പെറിയെ രാധാ യാദവ് ബൗള്‍ഡാക്കി. 88 പന്തില്‍ 77 റണ്‍സ് നേടിയാണ് പെറിയുടെ മടക്കം.
ബെത്ത് മൂണി 24 റണ്‍സുമായി മടങ്ങി. പിന്നാലെയെത്തിയ അന്നബെല്‍ സതര്‍ലാന്‍ഡിന് കാര്യമായി ഒന്നും ചെയ്യാനായില്ല.

മൂന്ന് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. എന്നാല്‍ ആഷ്‌ലെ ഗാര്‍ഡ്നര്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങി. 45 പന്തില്‍ നാല് വീതം ഫോറും സിക്സും നേടിയ ഗാര്‍ഡ്നര്‍ 63 റണ്‍സെടുത്തു. ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത് ദീപ്തി ശര്‍മ്മയാണ്. രണ്ട് വിക്കറ്റ് നേടിയ ദീപ്തി 9.5 ഓവറില്‍ 73 റണ്‍സ് നേടി. ശ്രീ ചരണി 10 ഓവറില്‍ 49 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് കൈക്കലാക്കി. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പ്രതീക്ഷിച്ചത് പോലെ പരിക്കേറ്റ പ്രതിക റാവലിന് പകരം ഷെഫാലി വര്‍മ ടീമിലെത്തി. റിച്ചാ ഘോഷ്, ക്രാന്തി ഗൗദ് എന്നിവരും മടങ്ങിയെത്തി.

Exit mobile version