കണ്ണൂരിൽ ചെത്തുതൊഴിലാളിയായ കുഞ്ഞിരാമന്റെ വീട്. ചെറിയ വീടാണെങ്കിലും മാളിക(പഴയ വീടുകളുടെ രണ്ടാംനില) യുണ്ട്. മാളികയാണ് ഇഎംഎസിന്റെ ഒളിത്താവളം. കുഞ്ഞിരാമനും എട്ടുപത്ത് വയസുള്ള മരുമകളും മാത്രമാണുള്ളത്.
സമയമാകുമ്പോൾ അവർ മാളികപ്പുറത്തു ഭക്ഷണമെത്തിക്കും. മുകളിൽ ഒരാൾ ഇരിപ്പുണ്ടെന്ന് അറിയാതെയാണ് അവരുടെ ദിനചര്യ. അതൊന്നും അറിയതെ മാളികപ്പുറത്തു ഇഎംഎസും.
* * *
1940 ഒക്ടോബർ മുതൽ ഒന്നരവർഷം ഇഎംഎസ് ഒളിവിൽ കഴിഞ്ഞത് ഒരേ വീട്ടിലായിരുന്നു. കണ്ണൂർ ചെറുമാവിലായിലെ നള്ളക്കണ്ടി പൊക്കൻ എന്ന ചെത്തു തൊഴിലാളിയുടെ വീട്ടിൽ. കുന്നിൻ ചെരുവിൽ ഒറ്റപ്പെട്ട ഒരു വീട്. ചെത്തുതൊഴിലാളിയാണ് അമ്പത് കഴിഞ്ഞ പൊക്കൻ. ഭാര്യയും ആറ് മക്കളും. വീടിന് തൊട്ടടുത്തുള്ളത് ഗുരുശിക്കാടാണ്. അതിലൂടെ ജനസഞ്ചാരം കുറവണ്. കിഴക്കു പടിഞ്ഞാറ് മുറിച്ചു കടന്നുപോകണമെങ്കിൽ പൊക്കന്റെ വീട്ടുമുറ്റത്തുകൂടെ പോകണം. ഇഎംഎസ് ഒളിവിൽ പാർക്കുന്നതിന് എത്തിയതോടെ ഇതുവഴി മറ്റുള്ളവർ നടന്നുപോകുന്നത് സുരക്ഷിതത്വത്തിനു അപകടമാണെന്ന് പൊക്കന്റെ ചെറുബുദ്ധിയിൽ തോന്നി. പൊക്കൻ ആ വഴി അടച്ചു. പകരം വടക്കുഭാഗത്തുള്ള കാടുകയറിയ ഇടവഴി അത്യധ്വാനം ചെയ്ത് നന്നാക്കി നാട്ടുകാർക്ക് സഞ്ചരിക്കുന്നതിന് സൗകര്യപ്പെടുത്തിക്കൊടുത്തു.
* * *
പൊക്കന്റെ വീട്ടിൽ ആരൊക്കെയോ കടന്നുവരും. ചിലർക്ക് മുറുക്കണം, അല്പം സൊള്ളണം. ഉം. ആ എന്നൊക്കെപ്പറഞ്ഞ് വളരെ പെട്ടെന്ന് പൊക്കൻ സംസാരം അവസാനിപ്പിക്കും. കല്യാണിക്ക് അത് കഴിയില്ല.
അകത്തിരിക്കുന്ന ആൾക്ക് ഭക്ഷണം കൊടുക്കാൻ വെെകുകയാണ്. വന്നയാൾ പോകാൻ ഭാവമില്ല. മുറുക്കി, നീട്ടിത്തുപ്പി, പിന്നെയും വർത്തമാനത്തിന്റെ അടുക്ക് അഴിക്കുകയാണ്.
പെട്ടെന്ന് നാലുവയസുകാരി ഗൗരി ഒരു കരച്ചിൽ. ‘വെസ്ക്കണമ്മാ… (വിശക്കുന്നമ്മേ എന്നർത്ഥം)’
ഒടുവിൽ വന്ന ആൾ തന്നെ പറയും ‘കുഞ്ഞിന് എന്തെങ്കിലും കൊട്. ’ ആൾ ഇറങ്ങിപ്പോകുന്നതോടെ ഗൗരിയുടെ കരച്ചിലും നിലയ്ക്കുന്നു. അമ്മ അടുക്കളയിലേക്കു പോയി ഇഎംഎസിനു ഭക്ഷണമെത്തിക്കുന്നു. വീട്ടിൽ ഒളിവിൽ കഴിയുന്ന ആൾ ആരാണെന്നോ എന്താണെന്നോ അറിയാത്ത ആ നാല് വയസുകാരി സമയോചിതമായി ഇടപെട്ട് ശല്യം ഒഴിവാക്കിയ ഇത്തരം സംഭവങ്ങൾ, ഇത് പല തവണ ആവർത്തിച്ചിരുന്നു.
* * *
പ്രധാന കുടിയാനായ കല്യോട്ട് രാമന്റെ വീട്ടിൽ കെ മാധവൻ ഒളിവിൽ കഴിയുന്നു. ഒന്നുരണ്ടു മാസമായി ലക്കും ലഗാനുമില്ലാത്ത നടത്തമാണ്… വളരെയധികം പ്രയാസമനുഭവിക്കേണ്ടി വന്നു. എന്നാൽ രാമന്റെ വീട്ടിൽ മാധവേട്ടന് ഒരു സമ്പന്ന കുടുംബത്തിലെ ആതിഥ്യമാണ് ലഭിച്ചത്. രാമൻ അദ്ദേഹത്തെ കാത്തുപരിപാലിച്ചു. മാധവേട്ടന് ഇഷ്ടപ്പെട്ട ഭക്ഷ്യസാധനങ്ങൾ പാകം ചെയ്ത് രാമന്റെ പ്രായമായ അമ്മ അദ്ദേഹത്തെ ശുശ്രൂഷിച്ചു.
മറ്റൊരിടത്ത് ഒളിവിൽ കഴിയുമ്പോൾ കെ മാധവേട്ടന് ശക്തിയായ പനിപിടിച്ചു. ഡോക്ടറെ കാണാനോ വരുത്തി ചികിത്സിക്കാനോ ഒരു വഴിയുമില്ല… പനി പിടിച്ച് ഏഴ് ദിവസം കാര്യമായ ശുശ്രൂഷയോ മരുന്നോ ഇല്ലാതെ കിടന്നു. അവസാനം സന്നിപാതജ്വരമായി മാറി. ഇടക്കിടെ ബോധക്കേടും. ഇനി വച്ചിരിക്കുന്നത് നല്ലതല്ലെന്നു മനസിലാക്കിയ പ്രവർത്തകർ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. ചാക്കുകൊണ്ട് ‘മഞ്ചലു‘ണ്ടാക്കി അതിൽ കിടത്തി. പുലരാൻ കാലത്ത് കോട്ടിക്കുളം റയിൽവേസ്റ്റേഷനിലെത്തിച്ചു. ചില പാർട്ടി സഖാക്കളും പെരിയയിലെ മുക്കുട്ടിൽ കുഞ്ഞമ്പുനായരും മേലത്ത് കുഞ്ഞമ്പുനായരുമാണ് മഞ്ചൽ ചുമന്നത്. അവരൊഴികെ മറ്റാരുമറിയാതെ കെ മാധവൻ മംഗലാപുരത്തെത്തി.
* * *
ഇരിങ്ങാലക്കുടക്കടുത്ത് ദളിത് സഹോദരന്റെ കൊച്ചുക്കുടിലിൽ ഇ ഗോപാലകൃഷ്ണ മേനോൻ ഒളിവിലാണ്. മുറിക്കകത്തിരുന്ന് മടുക്കുമ്പോൾ എന്തെങ്കിലും വായിക്കാൻ വാതിൽപ്പടിയിൽ ചെന്നിരിക്കുമായിരുന്നു. അങ്ങനെ ഇരിക്കുന്ന ഒരവസരത്തിൽ അടുക്കള ഭാഗത്തുകൂടി വന്ന ഒരു സ്ത്രീ മുമ്പിൽ വന്നുപെടുകയും മേനോനെ കാണുകയും ചെയ്തു. വീട്ടിലെ സ്ത്രീ പരിഭ്രമിച്ചുകൊണ്ട് അവരുടെ അടുക്കലെത്തി.
വന്നുകയറിയ സ്ത്രീ ‘ഇതാരാണെന്ന്’ ആംഗ്യഭാവത്തിൽ ചോദിച്ചു. അവർ പറഞ്ഞതിങ്ങനെയായിരുന്നു. ‘കുഞ്ഞിപെങ്ങന്റെ പെണ്ണിന്റെ ആങ്ങള ചെറുക്കനാ. ഇന്നലെ വന്നതാ’. എന്ന് വീട്ടുകാരി കള്ളം പറഞ്ഞു. അവർ പറഞ്ഞത് തനിക്കു ബോധ്യമായിട്ടില്ലെന്ന മട്ടിൽ ആ സ്ത്രീ അർത്ഥഗർഭമായൊന്നു ചിരിച്ചു. രണ്ട് വർഷത്തിലധികമായി കാറ്റും വെളിച്ചവും കൊള്ളാതെ വിദേശിയുടെ നിറമുള്ള മേനോനെപോലുള്ള ദളിത് യുവാവ് ആ പ്രദേശങ്ങളിൽ ഉള്ളതായി വിശ്വസിപ്പിക്കാൻ ആർക്കും കഴിയുമായിരുന്നില്ല. എന്നിട്ടും തന്റെ വീട്ടിൽ ഒളിവിൽ കഴിയുന്ന സഖാവിനെ രക്ഷപ്പെടുത്താൻ അങ്ങനെയൊരു കള്ളമാണ് ആ വീട്ടുകാരി പറഞ്ഞത്.