വായനയുടെ ലോകത്ത് സമൃദ്ധമായ പാരമ്പര്യവുമായി പ്രഭാത് ബുക്ക് ഹൗസ് ഇന്ന് 70 വർഷം പിന്നിടുകയാണ്. മലയാളത്തിൽ മറ്റൊരു പ്രസാധകസ്ഥാപനത്തിനും അവകാശപ്പെടാനാകാത്ത വൈവിധ്യമാണ് ഈ കാലംകൊണ്ട് പ്രഭാത് കൈവരിച്ചത്. ലോകസാഹിത്യത്തെ മലയാളികൾക്ക് പരിചയപ്പെടുത്തുക മാത്രമല്ല റഷ്യൻ ക്ലാസിക്കുകൾ ഒന്നടങ്കം ഇവിടേക്ക് കൊണ്ടുവന്ന് പ്രോഗ്രസ് പബ്ലിഷേഴ്സിന്റെ സഹായത്തോടെ മലയാള ഭാഷയ്ക്ക് നൽകി. വളരെ ലളിതമായി ആരംഭിക്കുകയും ക്രമേണ പടർന്നുപന്തലിച്ച് കേരളമാകെ നിറയുകയും ചെയ്ത പ്രഭാത് ബുക്ക് ഹൗസിന്റെ പ്രവർത്തനങ്ങളിൽ നമ്മുടെ പ്രഗത്ഭരായ നേതാക്കൾ പലരും ഏർപ്പെട്ടിരുന്നു. കർമ്മധീരരായ അവരുടെ പ്രവർത്തനശൈലിയാണ് ഇന്നിപ്പോൾ കൂടുതൽ ശക്തിയോടെ മുന്നോട്ടുപോകുവാൻ ഞങ്ങളെ പ്രാപ്തരാക്കുന്നത്. ഇഎംഎസ്, സി അച്യുതമേനോൻ, ശർമ്മാജി തുടങ്ങിയ നേതാക്കൾ കമ്പനിയുടെ തുടക്കത്തിൽ നൽകിയ മാർഗദർശനം തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ദിശാബോധം നിശ്ചയിച്ചതായികാണാം.
ടി സി നാരായണൻ നമ്പ്യാർ, പി രവീന്ദ്രൻ, സി കെ ചന്ദ്രപ്പൻ എന്നീചെയർമാന്മാരും, ടി കെ രാജു, എൻ ബാലഗോപൻ, കാനം വിജയൻ, ടി ചന്ദ്രശേഖരപിള്ള എന്നീ മുൻ ജനറൽ മാനേജർമാരും സി ഉണ്ണിരാജ, പി ആർ നമ്പ്യാർ, കണിയാപുരം രാമചന്ദ്രൻ, പി ടി ഭാസ്കരപ്പണിക്കർ, പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ തുടങ്ങിയ എഡിറ്റർമാരും അക്കാലത്തെ ഡയറക്ടർ ബോർഡ് അംഗങ്ങൾ അടക്കമുള്ള നേതാക്കളും സ്ഥാപനത്തെ മുന്നോട്ടുനയിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. 1952 ജനുവരി 22‑ന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉടമസ്ഥതയിൽ പ്രഭാതം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി രജിസ്റ്റർ ചെയ്തു. തുടക്കത്തിൽ ആസ്ഥാനം കോഴിക്കോട്ടായിരുന്നു. പിന്നീട് എറണാകുളം കേന്ദ്രമാക്കി പ്രവർത്തിച്ചു. അതിനുശേഷമാണ് തിരുവനന്തപുരത്ത് ഹെഡ് ഓഫീസ് സ്ഥാപിച്ച് പ്രവർത്തനം വിപുലീകരിച്ചത്.
കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തിന് മുതൽക്കൂട്ടായ ബൃഹത്തായിരുന്ന സമ്പൂർണകൃതികൾ അടുത്തകാലത്ത് പ്രഭാത് പ്രസിദ്ധീകരിക്കുകയുണ്ടായി. സി അച്യുതമേനോൻ (15 വാള്യം), എൻ ഇ ബാലറാം (10 വാള്യം), കെ ദാമോദരൻ (10 വാള്യം) ഈ കൃതികൾ ചേർത്തുവച്ചാൽ കേരളത്തിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയ ചരിത്രം മാത്രമല്ല ദീർഘമായ ഒരു കാലഘട്ടത്തിന്റെ ആകെ ചരിത്രവും സംസ്കാരവുമാണ് അതിൽ പ്രതിഫലിക്കുന്നത്.
പ്രഭാത് എൻഡോവ്മെന്റ് സ്കീം, ഷെയർ, വിദ്യാർത്ഥികൾക്ക് വീട്ടിൽ ഒരു വിജ്ഞാനശേഖരം, സമ്മാനപ്പെട്ടി, പുസ്തകോത്സവങ്ങൾ, സാംസ്കാരികോത്സവങ്ങൾ, പ്രഭാത് സാംസ്കാരിക സംഘം ഓൺ ലെെൻ വില്പന, ഇ റീഡിങ് തുടങ്ങിയ പ്രോജക്ടുകളുമായി പ്രഭാത് തലയുയർത്തി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു. എല്ലാവിഭാഗം വായനക്കാർക്കും സ്വീകാര്യമായ നുറുകണക്കിന് ഗ്രന്ഥങ്ങൾ ഓരോവർഷവും പ്രഭാത് പ്രസിദ്ധീകരിക്കുന്നു. വിഖ്യാത എഴുത്തുകാരുടെയും പുതിയ എഴുത്തുകാരുടെയും ഗ്രന്ഥങ്ങൾ അതിലുണ്ട്. കേരളത്തിന്റെ നവോത്ഥാന പ്രക്രിയയെ മുന്നോട്ടുകൊണ്ടുപോകുകയും ആധുനിക കാലത്തിനുചേരുംവിധം നവീകരിക്കുകയും ചെയ്ത ശാസ്ത്രബോധമുള്ള വായന രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച പ്രഭാത് ബുക്ക് ഹൗസിനെ വായനക്കാർ ഹൃദയത്തോട് ചേർത്തുവച്ചിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം. വായനക്കാരും എഴുത്തുകാരും നല്കുന്ന പിന്തുണയും പ്രോത്സാഹനവുമാണ് പ്രഭാത് ബുക്ക് ഹൗസിന്റെ ശക്തി എന്ന് ഞങ്ങൾ തിരിച്ചറിയുന്നു.
പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി ദിവാകരന്റെ മാർഗനിർദേശത്തിലും നേതൃത്വത്തിലും പുരോഗമന ജനകീയ സാംസ്കാരികരംഗത്ത് തിരിനാളമായി തുടർന്നും പ്രഭാത് പ്രകാശം പരത്തുകതന്നെചെയ്യും. പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പാർട്ടിയും നൽകിവരുന്ന പിന്തുണ ഞങ്ങൾക്ക് ഊർജം പകരുന്നു.
ജനുവരി 22 മുതൽ ഒരു വർഷത്തെ ആഘോഷപരിപാടികളാണ് എഴുപതാംവാർഷികത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് (ജനുവരി 22‑ന്) വൈകിട്ട് 4‑ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. ചെയർമാൻ ദിവാകരൻ അധ്യക്ഷനായിരിക്കും. വിഖ്യാതചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ലോഗോ പ്രകാശനം ചെയ്യും. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ഡോ. ജോർജ് ഓണക്കൂറിനെ ചടങ്ങിൽ ആദരിക്കും. ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഒരാഴ്ചത്തെ പുസ്തകപ്പൂരം സംഘടിപ്പിക്കുന്നുണ്ട്. കലാസാംസ്കാരിക പരിപാടികൾ, പ്രഭാഷണങ്ങൾ, സംവാദങ്ങൾ, പുസ്തകപ്രകാശനങ്ങൾ തുടങ്ങിയവ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. മുൻമന്ത്രി വി എസ് സുനിൽകുമാർ ചെയർമാനും സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ജനറൽ കൺവീനറും, പി ബാലചന്ദ്രൻ എംഎൽഎ ട്രഷററുമായുള്ള സംഘാടകസമിതി രൂപീകരിച്ച് പുസ്തകപൂരം വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.
ENGLISH SUMMARY:history of prabhath book house
You may also like this video