Site iconSite icon Janayugom Online

ചരിത്രം പുനർജനിക്കുന്നു ‘സെക്ടര്‍ 36’ലൂടെ

ഉത്തർപ്രദേശിൽ നടന്ന പൈശാചികമായ കൊലപാതക പരമ്പരകളുടെ കഥപറയുന്ന ‘സെക്ടര്‍ 36’ എന്ന ഹിന്ദി ചിത്രം പ്രേക്ഷക മനസുകൾ കീഴടക്കുന്നു. ബോളിവുഡ് താരം വിക്രാന്ത് മാസി നായകനായ ഈ ചിത്രം സംവിധാനം ചെയ്തത് ആദിത്യ നിംബാൽക്കറാണ്. 2006ല്‍ ഉത്തർപ്രദേശിലെ നിഠാരിയിൽ ഉണ്ടായ കൊലപാതക പരമ്പരയും പെണ്‍കുട്ടികളുടെ തിരോധാനവുമാണ് ചിത്രം പ്രമേയമാക്കുന്നത്. നെറ്റ്ഫ്ലിക്സില്‍ത്തന്നെ ഇറങ്ങിയ ചിത്രം തരംഗമായതോടെ വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതക കഥ ചരിത്രമായി പുനർജനിക്കുന്നു. 

കുടിയേറ്റ തൊഴിലാളികളും റിക്ഷക്കാരും തെരുവുകച്ചവടക്കാരും നിറഞ്ഞ നിഠാരി ഗ്രാമമാണ് ചിത്രത്തിലെ കേന്ദ്ര ബിന്ദു. 2005 മുതൽ ഗ്രാമത്തിലെ കുട്ടികളെയും സ്ത്രീകളെയും അപ്രതീക്ഷിതമായി കാണാതായി. 16 റോളം കുട്ടികളുടെ ജീവനാണ് അക്കാലയളവില്‍ നഷ്ടമായത്. സെക്ടര്‍ 31 ഡി 5 എന്ന വീടിന് സമീപത്തെ അഴുക്ക് ചാലിൽ നിന്നും കണ്ടെത്തിയ ശരീര ഭാഗങ്ങളാണ് നാടിനെ ഞെട്ടിച്ച ക്രൂരത പുറം ലോകത്തെത്തിച്ചത് . കുട്ടികളെ മിഠായി നല്‍കി തട്ടിക്കൊണ്ടു പോകുന്ന വീട്ടു ജോലിക്കാരനായ പ്രേമിനെയാണ് ചിത്രത്തില്‍ വിക്രാന്ത് മാസി അവതരിപ്പിച്ചത്. വീട്ടുജോലിക്കാരനായ പ്രേം നടത്തുന്ന കൊലപാതകപരമ്പര പ്രദേശവാസികൾ ആരും അറിഞ്ഞിരുന്നില്ല . പട്ടാപ്പകലാണ് തട്ടിക്കൊണ്ടു വരുന്ന കുട്ടികളെ കൊല്ലുന്നത്. ശവഭോഗത്തിനുശേഷം തെളിവ് നശിപ്പിക്കാന്‍ മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി വേവിച്ച് കഴിക്കാറുമുണ്ടായിരുന്നു പ്രതി. അസാധ്യ അഭിനയ മികവാണ് വിക്രാന്ത് ചിത്രത്തില്‍ കാഴ്ച വച്ചിരിക്കുന്നത്. പാവപെട്ട കുടുംബത്തിലെ വിദ്യാർത്ഥികളെയാണ് കൊലപാതകത്തിന് ഇരയാക്കിയിരുന്നത്. 

ഇവർ ജീവിച്ചിരുന്നാൽ സമൂഹത്തിൽ ഉന്നത നിലയിലുള്ള ജീവിതം ലഭിക്കാത്തതിനാലാണ് ഇവരെ കൊല്ലുന്നതെന്നായിരുന്നു പ്രതിയുടെ ന്യായികരണം . ഉത്തർപ്രദേശിനെ ഞെട്ടിച്ച കൊലപാതകപരമ്പര നിരവധി ജനകീയ പ്രക്ഷോഭങ്ങൾക്കും വഴിയൊരുക്കി. അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായംസിങ് യാദവിന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ ജനകീയ സമരങ്ങൾക്ക് നാട് സാക്ഷിയായി. തുടക്കത്തിലെ കാണാതായ കുട്ടികള്‍ക്കായുള്ള കേസ് അന്വേഷണം കൃത്യമായി നടന്നിരുന്നില്ലെന്ന കാരണത്താല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രണ്ട് പോലീസ് സൂപ്രണ്ടുമാരെ സസ്‌പെന്‍ഡ് ചെയ്യുകയും ആറു പോലീസുകാരെ ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ പിരിച്ചുവിടുകയും ചെയ്തു. ധനികനായ ബിസിനസ്സുകാരൻ മൊഹിന്ദർ സിംഗ് പണ്ടെറും അയാളുടെ ജോലിക്കാരനുമായിരുന്ന സുരീന്ദര്‍ കോലിയുമായിരുന്നു കേസിലെ യഥാർത്ഥ പ്രതികൾ. പ്രതികള്‍ വധശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു കോടതി നിരീക്ഷണം. 

കേസുമായി ബന്ധപ്പെട്ട് 19 കേസുകളായിരുന്നു സിബിഐ രജിസ്ട്രര്‍ ചെയ്തത്. കുറ്റപത്രത്തില്‍ നിന്ന് പണ്‌ണ്ടെറിനെ സിബിഐ ഒഴിവാക്കി. ഇതിനെ സിബിഐയെ പ്രത്യേക കോടതി രൂക്ഷമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് പ്രതിപ്പട്ടികയില്‍ വീണ്ടും ഉള്‍പ്പെടുത്തി. 2009 ഫെബ്രുവരി 13‑ന് സിബിഐ പ്രത്യേക കോടതി പണ്‌ഢേറിന് വധശിക്ഷ വിധിച്ചെങ്കിലും അലഹബാദ് ഹൈക്കോടതി ഇയാളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. 2023 ഒക്ടോബര്‍ 16‑ന് സുരേന്ദര്‍ കോലിയെ അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിധി. വധശിക്ഷ വിധിച്ച രണ്ട് കേസുകളില്‍ നിന്നും കൂട്ടുപ്രതി പണ്‌ഢേറിനേയും കുറ്റവിമുക്തനാക്കി. പണ്‌ഢേര്‍ നോയിഡയിലെ ജയിലിലും കോലി ഗാസിയബാദിലെ ജയിലിലുമായിരുന്നു. ഒരു കേസിലെ ജീവപര്യന്തശിക്ഷ കൂടി റദ്ദാക്കാനുള്ളതിനാല്‍ കോലി വീണ്ടും ജയിലില്‍ തുടരുകയാണ്.

Exit mobile version