Site iconSite icon Janayugom Online

ഹോംബാലെ ഫിലിംസും ഹൃതിക് റോഷനും ഒരുമിക്കുന്നു

വെള്ളാരം കണ്ണുകൾ ഉള്ള രാജകുമാരൻ, താരസുന്ദരി ഐശ്വര്യറായി വരെ സ്തംഭിച്ചു പോയ പൗരുഷം. ബാലതാരത്തിൽ നിന്നും സഹ സംവിധായകനിലേക്ക് അതും സ്വന്തം പിതാവിന്റെ ചിത്രങ്ങളിൽ. പിന്നീട് “കഹോന പ്യാർ ഹേ ” എന്ന ഒറ്റ ഹിന്ദി ചിത്രത്തിലൂടെ കരുത്തുറ്റ ആൺ ഭംഗിയുടെ ആൾരൂപമായി ആ രാജകുമാരൻ ഇന്ത്യൻ സിനിമയുടെ അമരക്കാരനിൽ ഒരാളായി. അതാണ് നമ്മുടെ ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി മാറിയ “ഹൃതിക് റോഷൻ”. ഇപ്പോൾ സിനിമ പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഒരു വിളംബരം തന്നെയാണ് ഹോംബാലെ ഫിലിംസ് നടത്തിയിരിക്കുന്നത്. “തങ്ങളുടെ അടുത്ത ചിത്രത്തിൽ ഹൃതിക് റോഷൻ ഹീറോ ആകുന്നു”. ഈ വാർത്ത ഒരു കാട്ടുതീ പോലെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.“അവർ അയാളെ ഗ്രീക്ക് ദൈവം എന്ന് വിളിക്കുന്നു,അയാൾ അതിർവരമ്പുകൾ തകർത്ത്, ഹൃദയങ്ങളെ ഭരിച്ച്, ഒരു പ്രതിഭാസമായി മാറി”. ഹൃത്വിക് റോഷനൊപ്പം സഹകരിക്കുന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു എന്ന ഹോംമ്പാലയുടെ വാക്കുകൾ ഏതൊരു സിനിമ പ്രേമിക്കും രോമാഞ്ചം നൽകുന്ന ഒന്നാണ്. “ധൈര്യത്തിന്റെയും ഗാംഭീര്യത്തിന്റെയും മഹത്വത്തിന്റെയും ഒരു കഥ ഇവിടെ തുടങ്ങുന്നു.… മഹാവിസ്ഫോടനത്തിന് സമയമായിരിക്കുന്നു.” എന്നാണ് ഹോംബാലെ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.ഈ പ്രഖ്യാപനം വ്യാപകമായ പല ചർച്ചകൾക്കും വഴിയൊരുക്കിയിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ പല റെക്കോർഡുകൾക്കും അന്ത്യം കുറിക്കാൻ അവർ ഒന്നിക്കുന്നു എന്നാണ് ഒരു ആരാധകൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ഒറ്റുനോക്കപ്പെടുന്ന ഒരു സിനിമക്ക് ഇവിടെ തുടക്കമാകുന്നു എന്നുള്ള കമന്‍റുകളാണ് ഏറെയും. HRITHIK+HOMBALE എന്ന ഹാഷ്ടാഗും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്.

കെ.ജി.എഫ്’ ചാപ്റ്ററുകൾ 1, 2, സലാർ: പാർട്ട് 1 — സീസ്ഫയർ, കാന്താര തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ പാൻ‑ഇന്ത്യൻ സിനിമകൾ ഹോംബാലെ ഫിലിംസ് നമുക്ക് സമ്മാനിച്ചിട്ടുള്ളവയാണ്. ഹോംബാലെ ഫിലിംസിന്റെ എല്ലാ ചിത്രങ്ങളും തന്നെ ബോക്സ് ഓഫീസിൽ വൻ വിജയങ്ങൾ ആയതിനാൽ ഈ ചിത്രം എത്രമാത്രം ആരാധകരിൽ ആവേശം ഉയർത്തും എന്നുള്ളതിൽ സംശയമില്ല. ഏതൊരു ചിത്രവും അത് ഡിമാൻഡ് ചെയ്യുന്ന രീതിയിൽ തന്നെ ഒരുക്കുന്ന ഹോംബാലെ ഫിലിംസും, തന്റെ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി ഏതറ്റവും വരെ പോകുന്ന ഹൃതിക് റോഷനും ഒരുമിക്കുമ്പോൾ അണിയറയിൽ ഒരുങ്ങുന്നത് ഒരു ബ്രഹ്മാണ്ഡ ചരിത്രം. ഇനി ആവേശത്തോട് കൂടി ആ സുദിനത്തിലേക്കുള്ള കാത്തിരിപ്പാണ്.
പി ർ ഓ‑മഞ്ജു ഗോപിനാഥ്.

Exit mobile version