Site iconSite icon Janayugom Online

ഇന്ത്യക്ക് പ്രതീക്ഷയുദിക്കുന്നു

കളിക്കളങ്ങളിൽ വീറും വാശിയും കൂടി വരുന്ന വർത്തമാനകാലത്ത് പുത്തൻ വിജയങ്ങളിൽ കേന്ദ്രീകരിച്ചാണ് രാജ്യങ്ങളും ക്ലബ്ബുകളും മുന്നോട്ടു പോകുന്നത്. നോർവേയും മൊറോക്കോയുമൊക്കെ പുതിയ വിജയത്തിന്റ വഴി തേടിപ്പോവുകയാണ്. വലിയ വലിയ ക്ലബ്ബുകളും ശക്തമായ രാജ്യങ്ങളും പുതിയ നേട്ടങ്ങൾക്ക് വഴിയുണ്ടാക്കുവാൻ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുമ്പോൾ അട്ടിമറിക്കഥകൾ പിറവി കൊള്ളും. ഇന്ത്യൻ ഫുട്ബോളിൽ പ്രതീക്ഷയുടെ കിരണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ നമ്മൾ ഏഷ്യാ കപ്പിന്റെ ക്വാളിഫയിങ് റൗണ്ടിലാണുള്ളത്. ഹോങ്കോങ്, സിംഗപ്പൂര്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് ഈ ഗ്രൂപ്പിൽ നമുക്കു പുറമേയുള്ളത്. ഒരു ടീമിന് ആറ് കളികളാണുള്ളത്. ഹോം ആന്റ് എവേ തരത്തിലാണ് മൂന്ന് കളികളും. അതില്‍ ഒന്നിലും ജയിക്കാനായില്ല. രണ്ടെണ്ണം സമനിലയായി. മൂന്നാമത് ഒരു തോൽവിയും ചേർന്ന് രണ്ട് പോയിന്റുമായി നമ്മൾ മൂന്നാമത് നിൽക്കുന്നു. ഹോങ്കോങ് ആണ് ഒന്നാമത്. അവർ തോൽവി അറിഞ്ഞില്ല, ഏഴ് പോയിന്റ് ആണ് അവര്‍ക്കുള്ളത്. രണ്ടാം സ്ഥാനത്ത് സിങ്കപ്പൂർ ആണ്. അവർക്ക് ഒരു ജയം രണ്ട് സമനില ഉള്‍പ്പെടെ അഞ്ച് പോയിന്റുണ്ട്. മൂന്നാമതുള്ള ഇന്ത്യക്ക് രണ്ട് സമനിലയും ഒരു തോൽവിയുമുള്‍പ്പെടെ രണ്ടു പോയിന്റുണ്ട്. ഇനിയുള്ള മൂന്നു കളിയും ജയിച്ചെങ്കിൽ നമുക്ക് ക്വാളിഫയിങ് ആകാം. കഴിഞ്ഞ കളിയുടെ റിസൾട്ട് നമുക്കു പ്രതീക്ഷ നൽകുന്നതാണ്. ഒരു ഗോളിന് പിന്നിൽ നിൽക്കെ 90-ാം മിനിറ്റിൽ ആണ് ഒരു ഗോൾ തിരിച്ചടിച്ച് ടീമിനെ സുരക്ഷിതമാക്കിയത്.

ആ ഗോൾ തികച്ചും അപ്രതീക്ഷിതമായിരുന്നു. ഡിഫൻഡർ ഗോളിക്ക് നൽകിയ ലോങ് പാസാണ് വായുവേഗത്തിൽ ഓടി വരുതിയിലാക്കി പോസ്റ്റിലേക്ക് പായിച്ചത്. അങ്ങനെ നമ്മൾ ആയുസ് നേടിയെടുത്തു. 49-ാം മിനിറ്റിൽ ഒരു ഗോളിന് പിറകിൽ നിന്ന ഇന്ത്യ കടുത്ത സമ്മർദമാണ് നടത്തിയത്. ഡിഫൻസും ഒഫൻസും ഒന്നായിചേർന്നപ്പോൾ എതിരാളികളുടെ ഡിഫൻസ് ആടിയുലഞ്ഞു. കടന്നാക്രമണങ്ങൾ കടുത്തതായി നടത്തുമ്പോള്‍ ജയം മാത്രമാണ് നമ്മുടെ ലക്ഷ്യം. പുതിയ ഇന്ത്യൻ കോച്ച് കളിയുടെ ഓരോ ചലനത്തിലും എതിരാളിയുടെ ദൗർബല്യം കണ്ടെത്താൻ നന്നായി ശ്രമിച്ചു. അതിന്റെ ഗുണവുമുണ്ടായി. ഇനി വരുന്ന മൂന്നു മത്സരങ്ങളും വളരെ നിർണായകമാണ്. ജയം ലക്ഷ്യമാക്കി കളിച്ചാൽ നമുക്ക് 2027ൽ സൗദിയിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ പങ്കാളികളാകാം. അങ്ങനെ വന്നാൽ അത് ഇന്ത്യൻ ഫുട്ബോളിന് അഭിമാനകരമായ നേട്ടമാകും. മൂന്ന് ടീമുകളുമായുള്ള മത്സരങ്ങളിൽ അവരുടെ ദൗർബല്യങ്ങൾ ശരിക്കും മനസിലാക്കിയ ടീമാണ് ഇന്ത്യ.

ഇന്ത്യയെക്കാൾ ഒരുപാട് ശക്തിയുള്ളവരല്ല ഹോങ്കോങും സിങ്കപ്പൂരും ബംഗ്ലാദേശും. നമ്മുടെ ഇന്നത്തെ ടീമിന് അതിനുള്ള കരുത്തുണ്ടെന്നാണ് ആദ്യത്തെ മൂന്നു മത്സരങ്ങൾ വിളിച്ചു പറയുന്നുണ്ട്. ഫിഫയുടെ ലോക കപ്പിന് മുമ്പായി നടക്കുന്ന അ­ണ്ടർ 20 ലോകകപ്പ് മത്സരങ്ങളുടെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആരംഭിക്കുകയാണ്. ഓരോ രാജ്യത്തെയും യുവ ഫുട്‌ബോളർമാരുടെ കളികളിൽ നിന്നും ആ രാജ്യങ്ങളിൽ വന്ന പുതിയ കളിക്കാരുടെ ഇന്നത്തെ നിലവാരം ഏതാണ്ട് വ്യക്തമാകും. ക്വാർട്ടറിലെത്തിയവർ കടുത്ത മത്സരങ്ങളാണ് നടത്തേണ്ടിവരിക. അർജന്റീന മെക്സിക്കോയെയും മൊറോക്കോ അമേരിക്കയേയും സ്പെയിൻ കൊളംബിയയേയും നോർവേ ഫ്രാൻസിനെയും നേരിടും. തികച്ചും അപ്രതീക്ഷിതമായ മത്സരങ്ങളാണ് പ്രാഥമിക റൗണ്ടിൽ കണ്ടത്. അർജന്റീനയുടെ യുവാക്കൾക്ക് ചേട്ടന്മാരുടെ കരുത്ത് കാട്ടാൻ കഴിയുന്നില്ല. മൊറോക്കോ, നോർവെയൊക്കെ കറുത്ത കുതിരകളായി മാറിയാൽ അത്ഭുതമില്ല. കരുത്തരെന്ന് കടലാസിൽ കണ്ട ബ്രസീലിന്റെ കുഞ്ഞന്മാർ പ്രീക്വാർട്ടറിൽ തന്നെ സ്ഥലം വിട്ടു. വയസിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന ലോക മത്സരങ്ങൾ വളരെ ആലോചിച്ചു ഫിഫ തയ്യാറാക്കിയ പദ്ധതിയാണ്. അത് കൃത്യമായി നിർവഹിച്ചതാണെങ്കിൽ ഇന്ന് നിലവിലുള്ള അന്തരം ഒഴിവാകേണ്ടതായിരുന്നു.

കഴിഞ്ഞ ദിവസം നോർവേ ഒരു വലിയ സഹായമാണ് ഫുട്‌ബോൾ ലോകത്തിന് നൽകിയത്. ഇസ്രയേലുമായുള്ള മത്സരം നിർണായകമായിരുന്നു. നോർവേയെ തോല്പിച്ചാൽ ഇസ്രയേൽ ലോകകപ്പ് പ്രാഥമിക റൗണ്ടിൽ എത്തിയേക്കാം. അവർ വന്നാൽ ഫിഫ നിയമമനുസരിച്ച് കളിപ്പിക്കാതിരിക്കാൻ പറ്റില്ല. പലടീമുകളും കളിക്കാരും ഇസ്രയേൽ വന്നാൽ കളിക്കില്ലെന്ന് പരസ്യപ്രതികരണം നടത്തിയിരുന്നു. സൗഹൃദ മത്സരങ്ങളിൽ തീയതി നേരത്തെ നിശ്ചയിച്ചത് ഒഴിവുകാലം നോക്കിയാണ്. സൗഹൃദ മത്സരത്തിൽ ബ്രസീൽ ജയിച്ചത് അഞ്ച് ഗോളിനാണ്. ആഞ്ചലോട്ടിയുടെ നിയന്ത്രണം ഏതാണ്ട് ഫലിക്കുന്നുണ്ടെന്നാണ് നിരീക്ഷകർ കണക്ക് കൂട്ടുന്നത്. നെയ്മർ ഒഴിച്ച് പ്രധാന താരങ്ങളെല്ലാം ടീമിലുണ്ട്. ലോകറാങ്കിലെ അഞ്ചിൽ നിന്നും ആറിലേക്കുള്ള ഇറക്കം അവരുടെ അഭിമാനത്തെ ബാധിച്ചിരുന്നതാണ്. അണ്ടർ 23ൽ ഇന്ത്യ നേടിയ ജയം ശ്രദ്ധിക്കപ്പെട്ടു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ജയിച്ചത്. പൊതുവെ ഇന്ത്യക്കുണ്ടായ നേരിയ മാറ്റം നാളെയുടെ വളർച്ചയുടെ സൂചനയാണ്. സിങ്കപ്പൂരുമായുള്ള മത്സരം നമ്മുടെ ഉൾകരുത്തും വിജയവാശിയും നേരിട്ട് കാണിച്ചു. ആദ്യ ഗോൾ നമ്മുടെ പോസ്റ്റിൽ കയറിയത് 49-ാം മിനിറ്റിൽ ആണ്. 52-ാം മിനിറ്റിൽ നമ്മുടെ സേനയിലെ ശക്തനായ പോരാളി ചുവപ്പു കാർഡും വാങ്ങി പുറത്തായി. അതും ഡിഫൻസ് വിങ്ങിലെ നായകനാണ് സന്ദേശ് ജിങ്കാൻ. അദ്ദേഹം പുറത്ത് പോയപ്പോൾ പലരും കരുതി ഇനി രക്ഷയില്ല. എന്നാൽ അത്ഭുതമെന്ന് പറയാം. മറ്റു കളിക്കാർ ആ വിള്ളൽ നികത്തി ടീമിനെ നയിച്ചു. അവസാന മിനിറ്റിൽ നേടിയ ഗോളിന് വലിയ വിലയാണ് കളിക്കാർ നൽകിയതെന്ന് അടയാളപ്പെടുത്തി. ഇവിടെയാണ് പുതിയ കോച്ചിന്റെ യോഗ്യത നമ്മെ ചിലത് ചിന്തിപ്പിക്കുന്നത്. പഴയ വിദേശ കോച്ച് ഒത്തിരി വിമർശനവുമായാണ് പിരിഞ്ഞു പോയത്. നാട്ടുകാരനായ പുതിയ കോച്ച് പരിശീലനത്തിൽ നന്നായി ശ്രദ്ധിക്കുന്നുണ്ട്. അതിന്റെ ഫലം കണ്ടു തുടങ്ങി. മോഹൻ ബഗാൻ ഉൾപ്പെടെയുള്ള വമ്പന്‍ ക്ലബ്ബുകള്‍ താരങ്ങളെ ഇന്ത്യൻ ടീമിൽ കളിക്കാൻ അനുവദിക്കാത്ത സ്ഥിതിയുണ്ടാക്കി. ഈ കഴിഞ്ഞ കളിയിൽ അത് കണ്ടു.

Exit mobile version