ലോകത്തെ മിക്ക രാജ്യങ്ങളിലും ആഭ്യന്തരമായി നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരത്തില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ ദൃശ്യമാകാറില്ല. ചൈന, യൂറോപ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍, ഓസ്ട്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍ ഇവിടെയൊക്കെ ഈ സ്ഥിതി പ്രകടമാണ്. സോവിയറ്റ് യൂണിയന്‍ നിലനിന്നിരുന്ന കാലഘട്ടത്തില്‍, രാജ്യമെമ്പാടും ദശാബ്ദങ്ങളോളം ഒരേ വിലനിലവാരമായിരുന്നു. അന്നത്തെ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ സ്ഥിതിയും ഇതായിരുന്നു. ഒരു രാജ്യത്തെ വില നിയന്ത്രിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് ആ രാജ്യത്തെ സര്‍ക്കാരിനാണ്. ഭക്ഷ്യസാധനങ്ങളുടെ വില കൂടുന്നതിനും കുറയുന്നതിനും ധാരാളം കാരണങ്ങളുണ്ട്. അതില്‍ ഒന്നാമത്തെ കാരണം കേന്ദ്ര സര്‍ക്കാരിന്റെ നയവും നടപടികളുമാണ്. സര്‍ക്കാരിന്റെ കുഴപ്പം കൊണ്ടല്ലാതെ വിലക്കയറ്റം ഉണ്ടാകുന്ന സാഹചര്യവും സൃഷ്ടിക്കപ്പെടാറുണ്ട്. അതില്‍ പ്രധാനം വെള്ളപ്പൊക്കവും വരള്‍ച്ചയും കൊണ്ട് സംഭവിക്കുന്ന കൃഷിനാശമാണ്. ഇതൊഴികെയുള്ള സന്ദര്‍ഭങ്ങളില്‍ വിലക്കയറ്റത്തിനുള്ള മുഖ്യകാരണം കേന്ദ്ര സര്‍ക്കാരിന്റെ നയവൈകല്യം തന്നെയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ കുറച്ചു കാര്യങ്ങള്‍ ചെയ്യാനാകും എന്നതാണ് ഇന്ത്യയിലെ അനുഭവം.
കഴിഞ്ഞ മൂന്നുമാസത്തെ ഇന്ത്യയിലെ സ്ഥിതി പരിശോധിച്ചാല്‍ 14 സംസ്ഥനങ്ങളിലെ ശരാശരി വിലക്കയറ്റം ദേശീയ ശരാശരിയായ 6.94 ശതമാനത്തെക്കാള്‍ കൂടുതലായിരുന്നു എന്ന് കാണാന്‍ കഴിയും. തെലങ്കാന (8.32 ശതമാനം), പശ്ചിമബംഗാള്‍ (8.06), സിക്കിം (8.05) എന്നീ സംസ്ഥാനങ്ങളിലായിരുന്നു വിലക്കയറ്റം ഏറ്റവും കൂടുതല്‍. മഹാരാഷ്ട്ര (7.71 ശതമാനം), മധ്യപ്രദേശ് (7.52), അസം (7.37), യുപി (7.27), ബിഹാര്‍ (7.25), ഗുജറാത്ത് (7.22), രാജസ്ഥാന്‍ (7.12 ശതമാനം) എന്നീ സംസ്ഥാനങ്ങളിലും വിലക്കയറ്റം ഉയര്‍ന്നതോതില്‍ ആയിരുന്നു. എന്നാല്‍ ഏതാനും സംസ്ഥാനങ്ങളില്‍ വിലക്കയറ്റത്തിന്റെ തോത് ചെറിയ രീതിയിലായിരുന്നു. കേരളം (4.81 ശതമാനം), തമിഴ്‌നാട് (5.01), പഞ്ചാബ് (5.35), ഡല്‍ഹി (5.56), കര്‍ണാടക (5.84 ശതമാനം) എന്നീ സംസ്ഥാനങ്ങള്‍ ഉദാഹരണങ്ങളാണ്.
ഇതുകൂടി വായിക്കൂ: ജനജീവിതം ദുഃസഹമാക്കുന്ന വിലക്കയറ്റവും നാണ്യപ്പെരുപ്പവും
ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തില്‍ ഏറ്റവും പ്രധാനം അരിയും ഗോതമ്പുമാണ്. ലോകത്ത് ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അരി ഉല്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം 130.29 ദശലക്ഷം ടണ്‍ അരിയാണ് ഇന്ത്യ ഉല്പാദിപ്പിച്ചത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഇന്ത്യയില്‍ ചെയ്തത്, രാജ്യത്ത് കോടികള്‍ പട്ടിണി കിടക്കുമ്പോള്‍ അരിയുടെ കയറ്റുമതിക്ക് വലിയ പ്രാധാന്യം നല്കി എന്നതാണ്. 2021–22ല്‍ 21.21 ദശലക്ഷം ടണ്‍ അരിയാണ് രാജ്യം കയറ്റുമതി ചെയ്തത്. ഏത് ഉല്പന്നവും കയറ്റുമതി ചെയ്യുന്നത് തെറ്റല്ല. എന്നാല്‍ രാജ്യത്തിന്റെ ആവശ്യം കൃത്യമായി വിലയിരുത്തി മാത്രമേ അത് ചെയ്യാവൂ. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ അരിവില കുത്തനെ ഉയരുന്ന സാഹചര്യം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. രാജ്യത്ത് അരിയുടെ മൊത്ത വിലയില്‍ പോലും ഈ കാലയളവില്‍ 7.84 ശതമാനം വര്‍ധനവാണുണ്ടായത്.
ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായിരിക്കുന്ന ഈ ഘട്ടത്തില്‍ സെപ്റ്റംബര്‍ ഒമ്പതിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞത്, പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കുന്നതില്‍ പ്രധാന ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നാണ്. ഒരു കേന്ദ്ര ധനമന്ത്രി ഇങ്ങനെയൊരു കാര്യത്തില്‍ ഇത്തരം ഒരു വര്‍ത്തമാനം പറയുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. പണപ്പെരുപ്പം കുറയ്ക്കുന്നതിന് എന്ന കാരണം പറഞ്ഞ് റിസര്‍വ് ബാങ്ക്, പലിശനിരക്കില്‍ മാറ്റം വരുത്തിയത് സമീപകാലത്താണ്. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അന്നതിനെ വാഴ്ത്തിയിരുന്നു. അതൊന്നും പ്രയോജനം ചെയ്യാതെവന്നപ്പോഴാണ്, പണപ്പെരുപ്പത്തിന്റെയും വിലക്കയറ്റത്തിന്റെയും ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ പുറത്ത് വച്ചുകെട്ടുവാന്‍ ശ്രമിക്കുന്നത്. രൂപയുടെ മൂല്യം തകര്‍ന്നടിയുന്നതിന്റെ ഉത്തരവാദിത്തവും നാളെ സംസ്ഥാനങ്ങളുടെ പുറത്തുചാരുവാന്‍ ധനമന്ത്രി ശ്രമിച്ചാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല. ഇന്ധനക്കമ്പനികള്‍ നിരന്തരം പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനും തെരഞ്ഞെടുപ്പുകാലത്ത് മാത്രം വില വര്‍ധിപ്പിക്കാതിരിക്കുന്നതിനും ഉത്തരവാദി സംസ്ഥാനങ്ങളാണോ എന്ന ചോദ്യത്തിന് മറുപടി പറയുവാന്‍ കേന്ദ്ര ധനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. അരിയും ഗോതമ്പും അടക്കമുള്ള ഭക്ഷ്യസാധനങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന പക്ഷപാത സമീപനവും ഇതോടൊപ്പം ചേര്‍ത്തു കാണേണ്ടതുണ്ട്. വെള്ളപ്പൊക്കം അടക്കമുള്ള ദുരന്തങ്ങളുടെ നാളുകളില്‍ സംസ്ഥാനങ്ങളെ ഒന്നായി കാണാന്‍ കേന്ദ്രത്തിനായിട്ടില്ല എന്നത് കേരളത്തിന്റെ തന്നെ അനുഭവമാണ്. ഇടതുപക്ഷ പിന്തുണയോടെ രാജ്യം ഭരിച്ച യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ ഭക്ഷ്യഭദ്രതാ നിയമമാണ് രാജ്യത്തിന് കുറച്ചൊരാശ്വാസം പകര്‍ന്നുനല്കുന്നത്.
ഇതുകൂടി വായിക്കൂ: ഒടുവില്‍ വിലക്കയറ്റം സമ്മതിച്ച് കേന്ദ്രം
ഒരര്‍ത്ഥത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിലക്കയറ്റം അനുഭവപ്പെടേണ്ട സംസ്ഥാനം കേരളമാണ്. കാരണം കേരളത്തിനാവശ്യമായ ഭക്ഷ്യസാധനങ്ങളില്‍ കൂടുതലും എത്തുന്നത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ്. പെട്രോളിയം ഉല്പന്നങ്ങളുടെ അടിക്കടിയുള്ള വിലക്കയറ്റം ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതും കേരളത്തെയാണ്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിരന്തര ഇടപെടല്‍ മൂലം വിലക്കയറ്റം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ‘ഹോളി’ ഉള്‍പ്പെടെയുള്ള ആഘോഷ നാളുകളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍ വിലക്കയറ്റമുണ്ടാകാറുണ്ട്. എന്നാല്‍ ഓണം, ബക്രീദ്, ക്രിസ്തുമസ് നാളുകളില്‍ വിലനിലവാരം താഴുന്ന അവസ്ഥയാണ് കേരളത്തില്‍ കാണാന്‍ കഴിയുന്നത്. ഈ വര്‍ഷത്തെ ഓണ അനുഭവം നമ്മുടെ മുന്നിലുണ്ട്. ഓണക്കിറ്റ് വിതരണത്തിലടക്കം മാതൃകാപരമായ പ്രവര്‍ത്തനം നടത്തി. വിലക്കയറ്റം ചവിട്ടി പിടിച്ചുനിര്‍ത്തി. വിലക്കയറ്റത്തിന്റെ ദേശീയ ശരാശരിയില്‍ കേരളം ഏറ്റവും കുറഞ്ഞ നിരക്കില്‍ വന്നുനില്ക്കുകയുണ്ടായി. അതിനെക്കുറിച്ച് നല്ലൊരു വാക്കു പറയുവാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത് ഒരു പുത്തന്‍ അനുഭവമല്ല. എന്നാല്‍ സ്വന്തം അനുഭവത്തിലൂടെ കേരളത്തിലെ ഭൂരിപക്ഷം കുടുംബങ്ങളും ഈ നന്മ തിരിച്ചറിഞ്ഞു എന്നത് വ്യക്തം.
ഇതുകൂടി വായിക്കൂ: വിലക്കയറ്റത്തിന് പിന്നിൽ
പാവങ്ങളോടും ഇടത്തരക്കാരോടും സഹാനുഭൂതിയുള്ള ഒരു സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെങ്കില്‍ വിലക്കയറ്റവും പണപ്പെരുപ്പവും പിടിച്ചുനിര്‍ത്താന്‍ കഴിയും എന്നത് ഉറപ്പാണ്. ഇന്ത്യയിലെ എല്ലാ മനുഷ്യര്‍ക്കും മൂന്നുനേരം കഴിക്കാന്‍ ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ രാജ്യത്ത് ഉല്പാദിപ്പിക്കുന്നുണ്ട്. അത് അര്‍ഹതപ്പെട്ടവരില്‍ അര്‍ഹമായ തോതില്‍ എത്തുന്നില്ല എന്നതാണ് പ്രശ്നം. അതിന്റെ ഫലമായിട്ടാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പട്ടിണിക്കാരുള്ള രാജ്യമായി ഇന്ത്യ ഇന്നും നിലനില്ക്കുന്നത്. ഉല്പാദിപ്പിക്കുന്ന ഭക്ഷ്യസാധനങ്ങള്‍ താങ്ങുവില നല്കി കര്‍ഷകരില്‍ നിന്ന് ശേഖരിക്കുക, അത് ഗോഡൗണുകളില്‍ ശാസ്ത്രീയമായി സൂക്ഷിക്കുക, 20 ശതമാനത്തിലധികം ഭക്ഷ്യസാധനങ്ങള്‍ നശിക്കുന്ന സാഹചര്യം ഒഴിവാക്കുക, രാജ്യത്തെ ജനങ്ങളുടെ യഥാര്‍ത്ഥ ആവശ്യം കഴിഞ്ഞ് മിച്ചമുണ്ടെങ്കില്‍ മാത്രം കയറ്റുമതി ചെയ്യുക, വളം, വൈദ്യുതി, വെള്ളം മുതലായവയ്ക്ക് സബ്സിഡി നല്കുക, ദേശവ്യാപകമായി പൊതുവിതരണ രംഗം ശക്തിപ്പെടുത്തുക, സംസ്ഥാനങ്ങള്‍ക്കുള്ള ഭക്ഷ്യവിതരണത്തിന് കൃത്യമായ മാനദണ്ഡം നിശ്ചയിക്കുക, ദുരന്ത കാലഘട്ടങ്ങളില്‍ സംസ്ഥാനങ്ങളെ ദുരന്തത്തിന്റെ ആഴം അനുസരിച്ച് സഹായിക്കുക, ഇന്ധനവില നിയന്ത്രിക്കുക, ഏതെങ്കിലും ഭക്ഷ്യസാധനത്തിന്റെ ഉല്പാദനത്തില്‍ കുറവുവന്നാല്‍ അത് യഥാസമയം ആവശ്യാനുസരണം ഇറക്കുമതി ചെയ്യുകയും സബ്സിഡി നല്കി വില നിയന്ത്രിക്കുകയും ചെയ്യുക, കേരളത്തിന്റെ മാതൃകയില്‍ രാജ്യത്തെ ഭക്ഷ്യസാധനങ്ങളുടെ വിതരണത്തില്‍ 20 ശതമാനമെങ്കിലും പൊതുവിതരണ സംവിധാനത്തിലൂടെയാണെന്ന് ഉറപ്പുവരുത്തുക, ഭക്ഷ്യസാധനങ്ങള്‍ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തുക, അഴിമതിയും പൂഴ്ത്തിവയ്പും തടയാന്‍ കര്‍ശനമായ ഇടപെടല്‍ നടത്തുക, ഇടത്തട്ടുകാരുടെയും മായം ചേര്‍ക്കുന്നവരുടെയും സ്വാധീനം ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങളില്‍ ജാഗ്രതയോടെയുള്ള ഇടപെടല്‍ നടത്തിയാല്‍ ഈ രംഗത്ത് മൗലികവും ഗുണകരവുമായ മാറ്റം രാജ്യത്തുണ്ടാകും. എന്നാല്‍ കോര്‍പറേറ്റ് താല്പര്യങ്ങള്‍ മുഖമുദ്രയാക്കിയ ഒരു സര്‍ക്കാരിന് ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. പ്രവര്‍ത്തിക്കേണ്ട വിധം പ്രവര്‍ത്തിക്കാതിരുന്നശേഷം വിലക്കയറ്റവും പണപ്പെരുപ്പവും രൂക്ഷമാകുകയും സര്‍ക്കാരിനെതിരെ ജനരോഷം ഉയരുകയും ചെയ്യുമ്പോള്‍ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി രക്ഷപ്പെടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ജനങ്ങള്‍ അംഗീകരിക്കാന്‍ പോകുന്നില്ല.