Site iconSite icon Janayugom Online

സിംബാബ്‌വെയ്ക്കെതിരെ കൂറ്റന്‍ ജയം; സെമി പ്രതീക്ഷ നിലനിര്‍ത്തി, ഇന്ത്യക്ക് 72 റണ്‍സ് വിജയം

സിംബാബ്‍വെക്കെതിരായ ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ വന്‍ ജയവുമായി ഇന്ത്യ സെമിപ്രതീക്ഷ നിലനിര്‍ത്തി. 20 ഓവറില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന പടുകൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിങ്ങില്‍ സിംബാബ്‌വെയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സില്‍ അവസാനിച്ചു. ഒരു ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണ് നിര്‍ണായക മത്സരത്തില്‍ ഇന്ത്യ നേടിയത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടീം ടോട്ടല്‍ റെക്കോഡും ഇന്ത്യ സ്വന്തം പേരിലാക്കി. സഞ്ജു സാംസണ്‍ മുതല്‍ തിലക് വര്‍മ വരെ എല്ലാവരും മിന്നും ഫോമില്‍ ബാറ്റ് വീശി. അഭിഷേക് ശര്‍മയും പിന്നാലെ ഹര്‍ദിക് പാണ്ഡ്യയും അര്‍ധ സെഞ്ചുറി നേടി. ഇന്ത്യക്കായി ഇറങ്ങിയ എല്ലാവരും തകര്‍ത്തടിച്ചപ്പോള്‍ 17 സിക്‌സുകളാണ് ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ആദ്യ ഇന്നിങ്സില്‍ പിറന്നത്. സൂപ്പര്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ മിന്നും അര്‍ധ സെഞ്ചുറിയുമായി ഫോമില്‍ തിരിച്ചെത്തി. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിൽ പൂജ്യം റൺസിനും സൂപ്പർ എട്ടിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലെ ആദ്യ മത്സരത്തിൽ 15 റൺസിനും പുറത്തായ താരത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പക്ഷെ സിംബാബ്‌വെയ്‌ക്കെതിരെ മികച്ച പ്രകടനത്തോടെ അഭിഷേകിന് തിരിച്ചുവരാനായി.

സഞ്ജുവും അഭിഷേകും ചേര്‍ന്നാണ് ഇന്നിങ്‌സ് തുടങ്ങിയത്. ഇരുവരും അതിവേഗം സ്കോര്‍ ചെയ്തു. 3.4 ഓവറില്‍ ടീം സ്കോര്‍ 48ല്‍ എത്തിയപ്പോഴാണ് സഞ്ജുവിനെ മടക്കി സിംബാബ്‌വെ കൂട്ടുകെട്ട് പൊളിച്ചത്. മുസര്‍ബാനിയുടെ പന്തില്‍ സഞ്ജുവിനെ റയാന്‍ ബുല്‍ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. രണ്ട് സിക്‌സും ഒരു ഫോറും സഹിതം സഞ്ജു 15 പന്തില്‍ 24 റണ്‍സ് നേടി. മൂന്നാമനായി എത്തിയ ഇഷാൻ കിഷൻ 24 പന്തിൽ ഒരു സിക്‌സറും നാല് ഫോറുകളും അടക്കം 38 റൺസ് നേടി. നാലാമനായി എത്തിയ സൂര്യകുമാർ യാദവ് 13 പന്തിൽ രണ്ട് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 33 റൺസ് നേടി. അഞ്ചാമനായി എത്തിയ ഹാർദിക് പാണ്ഡ്യ 23 പന്തിൽ നാല് സിക്‌സറും രണ്ട് ഫോറുകളും അടക്കം 50 റൺസ് നേടി. ആറാമനായി എത്തിയ തിലക് വർമ 16 പന്തിൽ നാല് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 44 റൺസ് നേടിയതോടെ ഇന്ത്യന്‍ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചെത്തി.
മറുപടി ബാറ്റിങ്ങില്‍ 97 റണ്‍സെടുത്ത ബ്രയാന്‍ ബെന്നറ്റിന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി. ഓപ്പണിങ് കൂട്ടുകെട്ടില്‍ മറുമാനിക്കൊപ്പം ബെന്നറ്റ് മികച്ച തുടക്കം നല്‍കിയിരുന്നു. എന്നാല്‍ മൂന്നാമനായി എത്തിയ ഡിയോണ്‍ മെയേഴ്സ് നിരാശപ്പെടുത്തി. നാലാം നമ്പറിലെത്തിയ സിക്കന്ദര്‍ റാസ 31 റണ്‍സെടുത്ത് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമം നടത്തി. റയാന്‍ ബുള്‍, ടോണി മുന്യോംഗ, മുസേകിവ എന്നിവരെല്ലാം ബെന്നറ്റിന് പിന്തുണ നല്‍കുന്നതില്‍ പരാജയപ്പെട്ടു.
അതേസമയം ലക്ഷ്യമിട്ട രീതിയില്‍ വിന്‍ഡീസിനെ റണ്‍ റേറ്റില്‍ മറികടക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. 151 റണ്‍സിന്റെയെങ്കിലും വിജയം നേടിയാല്‍ മാത്രമേ ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റില്‍ വിന്‍ഡീസിനെ മറികടക്കാന്‍ കഴിയുമായിരുന്നുള്ളൂ. നിലവില്‍ വിന്‍ഡീസിന് +1.791 റണ്‍റേറ്റുണ്ട്. അതേസമയം ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് 0.100 ആയി ഉയര്‍ന്നു. ഇതോടെ വിന്‍ഡീസുമായുള്ള അടുത്ത മത്സരം ഫൈനലിന് തുല്യമായി.

Exit mobile version