Site iconSite icon Janayugom Online

ഒരു വിശേഷം പറയാനുണ്ട്

‘വിശേഷമൊന്നുമായില്ലേ…’ കല്യാണം കഴിഞ്ഞ് രണ്ടോ മൂന്നോ മാസങ്ങൾ കഴിയുമ്പോൾ തന്നെ ദമ്പതികൾക്ക് കേൾക്കേണ്ടി വരുന്ന ആ ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള ചതിക്കുഴികൾക്കും പൂത്തുലഞ്ഞുനിൽക്കുന്ന നന്മമരങ്ങൾക്കിടയിലൂടെയുള്ള യാത്രയാണ് ആനന്ദ് മധുസൂദനന്റെ തൂലികയിൽ വിരിഞ്ഞ വിശേഷമെന്ന സിനിമ. തിരക്കഥാകൃത്തായ ആനന്ദ് മധുസൂദനൻ എന്ന നായകനോടൊപ്പം സൂരജ് ടോം എന്ന സംവിധായകനും ഈ സിനിമയോടൊപ്പം ജനിച്ചു വീഴുന്നുണ്ട്.
ഭാര്യാ ഭര്‍തൃ ജീവിതത്തിന്റെ അമ്പത് ശതമാനം മാത്രമേ മാതാപിതാക്കളുള്‍പ്പെടെയുള്ള ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ അറിയുന്നുള്ളു. പ്രണയവും കാമവും ഇത്തിരി പിണക്കവും ഒത്തിരി ഇണക്കവുമൊക്കെയുള്‍പ്പെട്ട ബാക്കി അമ്പത് ശതമാനം അവരുടെ സ്വകാര്യജീവിതമാണ്… ആ സ്വകാര്യ ജീവിതം അവര്‍ അവര്‍ക്കായി ജീവിക്കട്ടേ… പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിക്കാനുള്ള ബോധമുള്ളവര്‍ തന്നെയാണ് വിവാഹബന്ധത്തിലേര്‍പ്പെടുന്ന ഭൂരിഭാഗം പേരും.. പ്രണയമുണ്ടെങ്കില്‍ ദാമ്പത്യത്തില്‍ ബാക്കിയെല്ലാം താനേയെത്തിക്കോളുമെന്ന സത്യം വ്യക്തമാക്കുന്നതാണ് തിയേറ്ററില്‍ തരംഗമായ വിശേഷമെന്ന ചിത്രം.

തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ആദ്യത്തെ വിവാവഹബന്ധം പരാജയപ്പെട്ട രണ്ടുപേരാണ് നായകനായ ഷിജു ഭക്തനും സജിതയും. വീണ്ടും ഒരു വിവാഹകരാറിലൂടെ അവര്‍ ഒന്നിക്കുന്നു. അമിതവണ്ണമുള്ള സജിതയും, കഷണ്ടി കാരണം തോന്നിക്കുന്ന പ്രായക്കൂടുതല്‍ തോന്നിക്കുന്ന ഷിജുവും സമൂഹം ആരോപിക്കുന്ന നിരവധി നെഗറ്റീവുകളുള്ള രണ്ടുപേരാണ്. അവര്‍ ഒരുമിച്ചുള്ള ജീവിതം പോസിറ്റീവായാണ് തുടങ്ങുന്നത്. കല്യാണം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുന്നതോടെ ‘വിശേഷ’മൊന്നുമായില്ലേ എന്ന ചോദ്യവും ഇവരെ വിടാതെ പിന്തുടരുന്നുണ്ട്. അതവരുടെ രണ്ടുപേരുടെയും കുടുംബത്തിലും പ്രശ്നമായി മാറുന്നതായി തോന്നുന്നതോടെ ഐവിഎഫ് ചികിത്സയിലേക്ക് ഇവരെത്തുന്നു. അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളാണ് തിയേറ്ററില്‍ രണ്ടരമണിക്കൂറോളം പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്.
ആനന്ദ് മഹാദേവന്‍ എന്ന നായക നടന്റെ തിരഞ്ഞെടുപ്പ് തന്നെയാണ് വിശേഷത്തിലെ ഏറ്റവും വലിയ പോസിറ്റീവ്. മലയാളത്തിലെ നിലവിലുള്ള യാതൊരു നായക നടന്‍ ചെയ്താലും മുന്‍വിധികളോടെ മാത്രമേ പ്രേക്ഷകര്‍ ആ കഥാപാത്രത്തെ ഏറ്റെടുക്കൂ. മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒട്ടും പരിചയമില്ലാത്ത രൂപവും ഭാവവുമുള്ള ആനന്ദ് എന്ത് ചെയ്താലും അത് ഷിജുവിന്റെ ഭാവമായി തിരിച്ചറിയാന്‍ പ്രേക്ഷകന് സാധിക്കുന്നുണ്ട്. അവിടെ സിനിമ പകുതി വിജയിച്ചുകഴി‍ഞ്ഞു. ചിന്നു ചാന്ദിനിയെന്ന നടി ഓരോ സിനിമകള്‍ പിന്നിടുമ്പോഴും ഉരച്ചെടുക്കുന്ന സ്വര്‍ണ്ണം പോലെ തിളക്കം കൂടി വരികയാണ്. തമാശയിലെ ചിന്നുവല്‍സ നിന്നും ഭീമന്റെ വഴിയിലെ അജ്ഞുവില്‍ നിന്നും ഒരു അഭിനേതാവെന്ന നിലയില്‍ തന്റെ വളര്‍ച്ച സജിതയില്‍ ചിന്നു കാണിക്കുന്നുണ്ട്. നായകനേക്കാള്‍ കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് ചിന്നുവിന്റെ സജിതയെന്ന വനിതാ പൊലീസുകാരിയാണ്. സജിതയുടെ പ്രശ്നങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നതില്‍ നൂറ്റൊന്ന് ശതമാനം ചിന്നു വിജയിച്ചു. 

അല്‍ത്താഫിന്റെ സുഹൃത്ത് തിയേറ്ററില്‍ നല്ല ചിരിയുണര്‍ത്തുന്നുണ്ട്. കുറേകാലമായി കുഞ്ഞുവേഷങ്ങളിലൂടെ സ്ക്രീനില്‍ തെളിയുന്ന ബൈജു എഴുപുന്നയ്ക്ക് നല്ലൊരു കഥാപാത്രത്തെ കിട്ടി. ജോണി ആന്റണി, കുഞ്ഞി കൃഷ്ണൻ, വിനീത് തട്ടിൽ, മാലാ പാർവതി, ഷൈനി രാജൻ, ജിലു ജോസഫ്, സരസ ബാലുശ്ശേരി, അജിത മേനോൻ, അമൃത, ആൻ സലീം തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങള്‍. ദിലീഷ് പോത്തന്‍ ചെറുതെങ്കിലും വളരെയധികം പ്രാധാന്യമുള്ള ഒരു കഥാപാത്രമായെത്തുന്നുണ്ട്. ആ കഥാപാത്രത്തിന്റെ പ്രാധാന്യം തന്നെയാവാം ദിലീഷിനെ ആ വേഷം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്. കുട്ടികള്‍ വേണോ വേണ്ടയോ എന്നത് ഓരോ ദമ്പതികളും സ്വയം തീരുമാനിക്കുന്ന കാര്യമാണ്. കുട്ടികള്‍ വേണ്ട എന്ന് തീരുമാനിക്കുന്നവരുടെ ന്യായവും സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ കൃത്യമായി വിശേഷത്തില്‍ പറഞ്ഞുവയ്ക്കന്നുണ്ട്. മരുന്നിനും മന്ത്രത്തിനുമപ്പുറം പരസ്പരമുള്ള സ്നേഹമാണ് ദാമ്പത്യത്തിന്റെ അടിസ്ഥാനമെന്ന് ചിത്രം ഉറപ്പാക്കുന്നുണ്ട്. കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന ഐവിഎഫ് ട്രീറ്റ്മെന്റ് സെന്ററുകളുടെ പൊള്ളത്തരവും തട്ടിപ്പുമൊക്കെ വിശേഷം ചര്‍ച്ച ചെയ്യുന്നു.

Eng­lish sum­ma­ry ; I have a sto­ry to tell

You may also like this video

Exit mobile version