Site iconSite icon Janayugom Online

സർട്ടിഫൈഡ് ബിം, ഹെൽത്ത് ഇൻഫർമേഷൻ ടെക്നോളജി പ്രോഗ്രാമുകളുമായി ഐസിടാക്

കേരള സര്‍ക്കാര്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള), യുവതലമുറയുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തൊഴില്‍ സാധ്യതയുള്ള സര്‍ട്ടിഫൈഡ് ബിം മോഡലർ പ്രോഗ്രാം, ആരോഗ്യ രംഗത്തെ നൈപുണ്യ പരിശീലന പ്രോഗ്രാമായ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രോഗ്രാം, എന്നിവയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

ഐ.ടി. രംഗത്തും കണ്‍സ്ട്രക്ഷന്‍ മേഖലയിലും മികച്ച തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഐസിടാക്കും ബിംലാബ്സ് ഗ്ലോബലും സഹകരിച്ച് നടത്തുന്ന സര്‍ട്ടിഫൈഡ് ബിം മോഡലർ പ്രോഗ്രാമുകളിലേയ്ക്ക് യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ബില്‍ഡിംഗ്‌ ഇന്‍ഫര്‍മേഷന്‍ മോഡലിംഗില്‍ (BIM) ആഗോള തലത്തില്‍ തന്നെ തൊഴില്‍ നേടുന്നതിന് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിനാണ് ഈ പ്രോഗ്രാം ആവിഷ്ക്കരിച്ചിരിക്കുന്നത്‌. ആറു മാസമാണ് പ്രോഗ്രാമിന്‍റെ ദൈര്‍ഘ്യം. മിഡിൽ ഈസ്റ്റിലെ നിർമ്മാണ മേഖലയിൽ നിന്നുമുള്ള പ്രോജക്ട് ഡാറ്റാസെറ്റുകൾ ഉപയോഗിച്ചുള്ള പഠനരീതിയാണ്‌ പ്രോഗ്രാമിന്‍റെ പ്രധാന ആകര്‍ഷണം. ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവര്‍, ഡിപ്ലോമ അല്ലെങ്കില്‍ ഐടിഐ സിവില്‍ ഹോള്‍ഡേഴ്സ്, ആർക്കിടെക്ചർ, മെക്കാനിക്കൽ, അല്ലെങ്കിൽ ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം.

മെഡിക്കല്‍ ടെക്‌നോളജി മേഖലയിലെ വിദഗ്ദ്ധരുടെ ലഭ്യതക്കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി സഹകരിച്ച് നടത്തുന്ന ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രോഗ്രാമിലേക്ക് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് അല്ലെങ്കില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് എന്നീ മേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആറു മാസം നീണ്ടു നില്‍ക്കുന്ന പ്രോഗ്രാം കണ്ണൂരിലെ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ക്യാമ്പസിലാണ് നടക്കുന്നത്. മൂന്ന് മുതല്‍ ആറു മാസം വരെ ഹോസ്പിറ്റലില്‍ ഇന്റേണ്‍ഷിപ്പ് പരിശീലനം നടത്താനുള്ള അവസരവും ലഭിക്കുന്നു. 30 വയസ്സ് വരെയാണ് പ്രായപരിധി. വിദ്യാര്‍ത്ഥികള്‍ക്ക് ലിങ്ക്ഡ്ഇന്‍ സബ്സ്ക്രിപ്ഷൻ വഴി 14,000 കോഴ്‌സുകള്‍ സൗജന്യമായി പഠിക്കാനും ഇതിൽ അവസരമുണ്ട്. പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐസിടാക്കും മലബാര്‍ ക്യാന്‍സര്‍ സെന്ററും സംയുക്തമായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.

Exit mobile version