Site iconSite icon Janayugom Online

എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ഉപയോഗിച്ചാല്‍ മൈലേജ് കുറയും

20% എഥനോള്‍ ചേര്‍ത്ത പെട്രോള്‍ (ഇ20) ഉപയോഗിക്കുമ്പോള്‍ വാഹനത്തിന്റെ മൈലേജില്‍ ആനുപാതിക കുറവുണ്ടാകുമെന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ഉപയോഗിക്കുന്നത് വാഹനത്തിന് ദോഷമാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതോടെയാണ് ഇക്കാര്യത്തില്‍ കേന്ദ്ര പെട്രോളിയം ആന്റ് നാച്ചുറല്‍ ഗ്യാസ് മന്ത്രാലയം വ്യക്തത വരുത്തിയത്. പെട്രോളിനേക്കാള്‍ ഊര്‍ജ സാന്ദ്രത കുറഞ്ഞ എഥനോള്‍ കൂടി ചേര്‍ക്കുമ്പോള്‍ വാഹനത്തിന്റെ മൈലേജില്‍ ആനുപാതികമായ കുറവുണ്ടാകും. ഇ10, ഇ20 പെട്രോളിനായി ഡിസൈന്‍ ചെയ്ത വാഹനത്തില്‍ 1–2 % വരെയാണ് മൈലേജ് കുറയുക. മറ്റ് വാഹനങ്ങളില്‍ 3–6% വരെ മൈലേജ് കുറയുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

ഫലപ്രദമായി എഞ്ചിന്‍ ട്യൂണ്‍ ചെയ്യുന്നതിലൂടെയും ഇ20ക്ക് അനുസൃതമായ എന്‍ജിന്‍ ഘടകങ്ങള്‍ ഉപയോഗിക്കുന്നതിലൂടെയും ഇത് ഒഴിവാക്കാനാകും. ഇക്കാര്യം പ്രധാന വാഹന നിര്‍മ്മാതാക്കള്‍ ഇതിനോടകം ചെയ്തുവരികയാണ്. ഇ20 പെട്രോള്‍ ഉപയോഗിക്കുന്നത് മൂലം വാഹനത്തിന്റെ ഘടകങ്ങള്‍ തുരുമ്പെടുക്കുന്നത് ചില റബ്ബര്‍ ഭാഗങ്ങള്‍ മാറ്റിയാല്‍ പരിഹരിക്കാമെന്നും ഇവയ്ക്ക് വലിയ വിലയാകില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കരിമ്പ്, ചോളം, ബാര്‍ലി എന്നിവയുടെ കാര്‍ഷികാവശിഷ്ടത്തില്‍ നിന്ന് വാറ്റിയെടുക്കുന്ന എഥനോള്‍ (ഈഥൈല്‍ ആല്‍ക്കഹോള്‍) ചേര്‍ത്ത പെട്രോളാണിത്. 10% എഥനോള്‍ ചേര്‍ത്ത പെട്രോളിനെ ഇ10 എന്നും 20% ചേര്‍ത്തതിനെ ഇ20 എന്നും വിളിക്കുന്നു. 

Exit mobile version