Site iconSite icon Janayugom Online

ഇടതുണ്ടെങ്കിലെ ഇന്ത്യയുള്ളു

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോവും. അത്തരത്തിലുള്ള മറ്റൊരു തെരഞ്ഞെടുപ്പായി കാണാനാവില്ല ഈ പൊതു തെരഞ്ഞെടുപ്പിനെ. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കല്പിക്കേണ്ട തെരഞ്ഞെടുപ്പാണിത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.
ഇന്ത്യ ഇതുവരെ നമ്മൾ കണ്ട നിലയിൽ ഇനിയുള്ള ഘട്ടത്തിൽ നിലനിൽക്കണമോ വേണ്ടയോ എന്നു നിർണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. മറ്റൊരു രൂപത്തിൽ പറഞ്ഞാൽ, ജനാധിപത്യവും മതനിരപേക്ഷതയും ഉൾപ്പെടെയുള്ള അടിസ്ഥാന ഭരണഘടനാ മൂല്യങ്ങളെ പരിരക്ഷിച്ചു നിലനിർത്താൻ ഇന്ത്യൻ ജനതയ്ക്ക് ഒരുപക്ഷെ, കൈവരുന്ന അവസാനത്തെ അവസരമാണിത്.
ഭരണഘടനയുടെ രക്ഷിതാക്കളാകേണ്ടവർ തന്നെ അതിന്റെ നാശകാരികളാവുകയും ഭരണഘടനയെ എന്നേക്കുമായി മാറ്റിമറിക്കാനും മതേതര ഇന്ത്യയെ മതാധിഷ്ഠിത ഇന്ത്യയാക്കി മാറ്റിയെടുക്കാനും ഭരണഘടനാ സ്ഥാപനങ്ങൾ ആകെ തല്ലിത്തകർക്കാനും ശ്രമിക്കുന്ന ഘട്ടത്തിൽ ഇതിനെയൊക്കെ ചെറുത്ത് രാജ്യത്തെയും അതിന്റെ ഭരണഘടനയെയും രക്ഷിക്കാൻ നമുക്കു കൈവരുന്ന അവസാനത്തെ അവസരമായിത്തന്നെ ഇതിനെ കാണണം.
എങ്ങനെയാണ് സംഘ്പരിവാർ ഭരണം ജനാധിപത്യത്തെ അട്ടിമറിക്കുന്നത്? ഇന്ത്യൻ പാർലമെന്റ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നാളുകളിൽ മാത്രം സമ്മേളിക്കുന്ന നില വന്നു. അന്വേഷണ ഏജൻസികൾ ജനാധിപത്യ പാർട്ടികളുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളെ മുതൽ പ്രതിപക്ഷ ഗവൺമെന്റുകളുടെ ജനാധിപത്യപരമായ പ്രവർത്തനത്തെ വരെ തകർക്കാൻ വേട്ടനായ്ക്കളെപ്പോലെ അഴിച്ചു വിടപ്പെടുന്ന നിലവന്നു. ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികൾക്ക് ലോക്‌സഭയിൽ ചെന്നു വിയോജനാഭിപ്രായം പറയുന്നതിനു പോലും കഴിയാതെ കൂട്ട സസ്പെൻഷനിരയായി പടിക്കു പുറത്തു നിൽക്കേണ്ടിവന്നു. ഈ ഘട്ടത്തിൽ നമ്മൾ പരാജയപ്പെട്ടാൽ മതേതരത്വം അപകടത്തിലാവും. ന്യൂനപക്ഷം അപകടത്തിലാവും. ജനാധിപത്യം അപകടത്തിലാവും. സ്വാതന്ത്ര്യം അപകടത്തിലാവും. ദേശീയോദ്ഗ്രഥനം അപകടത്തിലാവും. എല്ലാം അപകടത്തിലാവും. രാഷ്ട്രം തന്നെ അപകടത്തിലാവും. മുമ്പ് ഒരു ഘട്ടത്തിൽ നമ്മൾ ഒരേ സ്വരത്തിൽ പറഞ്ഞു: അടിയന്തരാവസ്ഥ അറബിക്കടലിൽ എന്ന്. അതു സംഭവിച്ചു. അതേപോലെ ഈ ഘട്ടത്തിൽ നാം പറയുന്നു: സംഘ്പരിവാറിന്റെ വർഗീയ ദുർഭരണം അറബിക്കടലിൽ എന്ന്. 

2004 ആവർത്തിക്കാൻ പോകുന്നു എന്നതാണ് ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും പ്രസക്തമായ രാഷ്ട്രീയ യാഥാർത്ഥ്യം. അന്ന് ബിജെപി മുന്നോട്ടുവച്ച ‘ഇന്ത്യ ഷൈനിങ്’ ക്യാമ്പയിൻ തകർന്നടിഞ്ഞു. ഇടതുപക്ഷം വലിയ സ്വാധീന ശക്തിയായി പാർലമെന്റിൽ ഉയർന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ ഒരു മതനിരപേക്ഷ ബദൽ സർക്കാർ ഉണ്ടാക്കാൻ കഴിയില്ല എന്ന നില വന്നു. അങ്ങനെയാണ് ഇടതുപക്ഷം മുന്നോട്ടുവച്ച ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ യുപിഎ ജന്മമെടുത്തത്.
ആ പൊതു മിനിമം പരിപാടിയുടെ ഭാഗമായാണ് ഭക്ഷണവും വിദ്യാഭ്യാസവും തൊഴിലും ഒക്കെ അവകാശമാക്കുന്ന നിയമങ്ങൾ രാജ്യത്തുണ്ടായത്. പൗരന്മാർക്ക് ഭരണതലത്തിലുള്ള കാര്യങ്ങളെക്കുറിച്ച് അറിയാനുള്ള അവകാശം ഉറപ്പുവരുത്തിയതും ആ ഘട്ടത്തിലാണ്. നമ്മുടെ ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധികളെയും മെച്ചപ്പെടുത്തിയ സർക്കാരായിരുന്നു 2004 ൽ അധികാരത്തിൽ വന്നത്. രാജ്യത്തിന്റെ ജനാധിപത്യത്തെ കൂടുതൽ ശാക്തീകരിക്കുകയും ജനങ്ങളോട് കൂടുതൽ ഉത്തരവാദിത്തമുള്ളതാക്കി തീർക്കുകയുമാണ് ആ സർക്കാർ ചെയ്തത്.
സമാനമായ ഫലമാണ് ഈ തെരഞ്ഞെടുപ്പിലും ഉണ്ടാകാൻ പോകുന്നത്. ‘ഫിർ ഏക് ബാർ മോഡി സർക്കാർ’, ‘അബ് കി ബാർ ചാർസൗ പാർ’, തുടങ്ങിയ ബിജെപി മുദ്രാവാക്യങ്ങളെല്ലാം തകർന്നടിയാൻ പോവുകയാണ്. ‘ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളു’ എന്ന മുദ്രാവാക്യത്തിനു ജനങ്ങൾ അടിവരയിടാൻ പോവുകയാണ്.
ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ റോൾ അംഗബലം കൊണ്ട് അളക്കാവുന്നതല്ല. ഡൽഹി കലാപത്തിൽ ജഹാംഗീർ പുരിയിലെ മുസ്ലിങ്ങളുടെ വീടുകൾക്കു നേർക്ക് ബുൾഡോസറുകൾ ഇരമ്പിച്ചെന്നപ്പോൾ അതിനെ നേർക്കുനേർ വഴിയിലിറങ്ങി തടയാൻ ഇടതുപക്ഷ നേതാക്കളേ ഉണ്ടായുള്ളു. ഗുജറാത്ത് കലാപ ഘട്ടത്തിൽ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഹൈക്കോടതി ശിക്ഷിച്ച പ്രതികളെ സംഘ്പരിവാർ ഗവൺമെന്റ് വിട്ടയച്ചപ്പോൾ അതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത് കുറ്റവിമുക്തരാക്കിയ നടപടി റദ്ദാക്കിക്കാനും അവര്‍ മാത്രമേ ഉണ്ടായുള്ളു. ഡൽഹി കലാപത്തിന് ഇരയായവർക്ക് നേരിട്ടു ചെന്ന് പുനരധിവാസ പ്രവർത്തനങ്ങൾ നടത്താൻ, തൊഴിൽ നൽകാൻ, സാമ്പത്തിക സഹായം ചെയ്യാൻ കമ്മ്യൂണിസ്റ്റുകാരേ ഉണ്ടായുള്ളു. 

ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കുംഭകോണമാണ് ഇലക്ടറൽ ബോണ്ട്. അതിനെതിരെ കോടതിയിൽ പോയത് സിപിഐ (എം) ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവരാണ്. ഇലക്ടറൽ ബോണ്ടിന്റെ കാര്യത്തിൽ കോൺഗ്രസും ബിജെപിയും പാർലമെന്റിൽ കൈകോർത്താണ് ആ നിയമം പാസാക്കിയത് എന്നതോർക്കണം. അതിന്റെ കോടിക്കണക്കായ കള്ളപ്പണം കൈപ്പറ്റിയതുമവരാണ്. അതു വാങ്ങാതിരുന്നത് ഇടതുപക്ഷം മാത്രമാണ്.
ഫെഡറലിസം സംരക്ഷിക്കാൻ, ഗവർണറുടെ അമിതാധികാര കൈകടത്തലിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങൾ സംരക്ഷിക്കാൻ ആകെ ഉണ്ടായത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ്. പഞ്ചാബിലെ കർഷകരുടെ ന്യായമായ പ്രക്ഷോഭത്തിനു തുടക്കം കുറിക്കാനും പിന്നീട് പങ്കാളിത്തം വഹിക്കാനുമുണ്ടായതു ഇടതുപക്ഷ പ്രസ്ഥാനമാണ്. കശ്മീരിന്റെ പ്രത്യേകാവകാശം പിൻവലിച്ച ഘട്ടത്തിൽ യൂസഫ് തരിഗാമിയെ അടക്കം വീട്ടുതടങ്കലിലാക്കിയപ്പോൾ സുപ്രീം കോടതിയിൽ പോവാനും ഇടതുപക്ഷമാണുണ്ടായത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇത്രയേറെ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ച മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയിൽ ഉണ്ടാകില്ല. ഈ ഘട്ടങ്ങളിലെല്ലാം ഇടതുപക്ഷത്തിന് ആകെ അഞ്ച് അംഗങ്ങളേ ലോക്‌സഭയിലുണ്ടായിരുന്നുള്ളു എന്നതോർക്കണം. സിപിഐ (എം) — 3, സിപിഐ — 2. ഇടതുപക്ഷത്തിന്റെ ശക്തി വർധിക്കുന്തോറും ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ഇടപെടലുകളും വർധിക്കും. ഇന്നത്തെ ഇന്ത്യൻ സാഹചര്യം ആവശ്യപ്പെടുന്നതുതന്നെ അതാണ്.
ബിജെപി നയങ്ങളുമായി സമരസപ്പെട്ടു പോയാലേ തങ്ങൾക്കു പിടിച്ചു നിൽക്കാനാവൂ എന്ന ധാരണയിലാണ് കോൺഗ്രസ്. അവരുടെ എല്ലാ നയങ്ങളും രൂപപ്പെട്ടുവരുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. കോൺഗ്രസ് മാനിഫെസ്റ്റോയുടെ കരടിലുണ്ടായിരുന്ന കാര്യങ്ങൾ പോലും നീക്കം ചെയ്തത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോഴും കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷിനേതാക്കളെ അന്വേഷണ ഏജൻസികളെ വച്ച് വേട്ടയാടിയപ്പോഴുമെല്ലാം കോൺഗ്രസ് സംഘ്പരിവാറിനോടൊപ്പം നിലയുറപ്പിച്ചു. കോൺഗ്രസിൽ അവശേഷിക്കുന്ന നേതാക്കൾ പോലും ഏതു നിമിഷവും ബിജെപിയിൽ ചേരാമെന്നതാണ് സ്ഥിതി. അവരുടെ സ്വാധീനവുമുണ്ടാവാം ഇത്തരം നിലപാടുകൾക്കു പിന്നിൽ. 

കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാർ കേരളത്തെ തകർക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ അതിനെല്ലാം ചൂട്ടുപിടിക്കുകയാണ് കേരളത്തിലെ യുഡിഎഫ് ചെയ്‌തത്. ഫെഡറൽ തത്വങ്ങളെ ആകെ അട്ടിമറിച്ചുകൊണ്ട് നിയമസഭയെ പോലും അപ്രസക്തമാക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഉണ്ടായപ്പോഴും അർഹമായ നികുതിവിഹിതം വെട്ടിക്കുറച്ചപ്പോഴും അതിനെതിരെ ശബ്ദമുയർത്താൻ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർക്ക് കഴിഞ്ഞില്ല. അതു മാത്രമല്ല, കേന്ദ്ര അന്വേഷണ ഏജൻസികളെ കൊണ്ടുവന്ന് സംസ്ഥാനത്തെ ക്ഷേമപദ്ധതികളെപ്പോലും തകർക്കാൻ ശ്രമിച്ചവരാണ് യുഡിഎഫുകാർ. കേരളത്തിലെ പല വികസന പദ്ധതികൾക്കുമെതിരെ ഡൽഹിയിൽ സമരം നയിക്കാനും ഇവർക്ക് മടിയുണ്ടായില്ല. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഇടപെടലുകൾക്കൊപ്പം സംസ്ഥാനത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ പിന്തുണ നൽകുന്നതിനും ഇടതുപക്ഷ എംപിമാരുടെ സാന്നിധ്യം എത്രമാത്രം അനിവാര്യമാണെന്ന് ഇതിൽനിന്നെല്ലാം മനസിലാക്കാം. കേരളത്തിലെ ജനങ്ങളും ഇതുതന്നെ ചിന്തിക്കുമെന്ന കാര്യം ഉറപ്പാണ്.
രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് കേന്ദ്ര സർക്കാരിനെയും അതിനു നേതൃത്വം നൽകുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും വിലയിരുത്താനുള്ള അവസരമാണ്. ജനങ്ങൾക്കു നൽകിയ ഒരൊറ്റ വാഗ്ദാനം പോലും കഴിഞ്ഞ പത്തു വർഷം കൊണ്ട് നടപ്പാക്കാൻ കഴിയാത്ത ബിജെപിക്ക് സ്വാഭാവികമായും ഈ തെരഞ്ഞെടുപ്പ് തങ്ങളുടെ സർക്കാരിന്റെ വിലയിരുത്തലാവും എന്നു പറയുന്നതിൽ മടിയുണ്ടാകും. ബിജെപിയെയും അവരെ നയിക്കുന്ന ആർഎസ്എസിനെയും വിമർശിക്കാൻ മടിയുള്ള കോൺഗ്രസിനും യുഡിഎഫിനും കേന്ദ്ര സർക്കാർ വിലയിരുത്തപ്പെടുന്നതിൽ സ്വാഭാവികമായും താല്പര്യമുണ്ടാകില്ല. ഏതായാലും രാജ്യത്തെയും രാജ്യത്തെ ജനങ്ങളെ ആകെയും ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പു പ്രചരണം നടത്തുന്നത്. ആ പ്രചരണങ്ങൾക്ക് വലിയ പിന്തുണ ലഭിക്കുക തന്നെ ചെയ്യും. 

Exit mobile version