Site iconSite icon Janayugom Online

നെടുമുടി വേണുവിന് മേളയുടെ ആദരം

 

അഭിനയ പ്രതിഭ നെടുമുടി വേണുവിന് രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദരം. സത്യൻ അന്തിക്കാടിന്റെ അപ്പുണ്ണി പ്രദർശിപ്പിച്ചു കൊണ്ടാണ് നെടുമുടി വേണുവിന് മേള ആദരവ് അർപ്പിച്ചത്. ചിത്രത്തിന്റെ സംവിധായകനായ സത്യൻ അന്തിക്കാട് നെടുമുടി വേണുവിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചു. തുടർന്നാണ് അൺ ഫോർഗറ്റബിൾ വേണുച്ചേട്ടൻ’ എന്ന വിഭാഗത്തിലെ പ്രദർശനം ആരംഭിച്ചത്. കള്ളൻ പവിത്രൻ എന്ന ചിത്രമാണ് ഈ വിഭാഗത്തിൽ ഞായറാഴ്ച പ്രദർശിപ്പിക്കുന്നത്. ഏരീസ് പ്ളക്സിൽ രാവിലെ 11.45 നാണ് പ്രദർശനം. ആരവം, തമ്പ്, വിടപറയും മുമ്പേ, മാർഗം, 24 നോർത്ത് കാതം തുടങ്ങിയ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

 

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്നു നെടുമുടി വേണു എന്ന പേരിൽ അറിയപ്പെടുന്ന കെ വേണുഗോപാൽ. 2021 ഒക്ടോബർ 11നായിരുന്നു കലാകേരളക്കെ ദുഃഖത്തിലാഴ്ത്തി വേണുവെന്ന മഹാനടന്റെ അന്ത്യം. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം, മലയാളത്തിലും തമിഴിലുമായി ഏകദേശം 500‑ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏർപ്പെട്ടിട്ടുള്ള അദ്ദേഹം ‘പൂരം’ എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടി.

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്കൂൾ അധ്യാപക ദമ്പതികളായിരുന്ന പരേതരായ പി കെ കേശവപിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആൺമക്കളിൽ ഇളയവനായി 1948 മെയ് 22 നാണ് വേണു ജനിച്ചത്. അഭിനയത്തിനു പുറമെ ഏതാനും സിനിമകൾക്കു വേണ്ടി കഥയും എഴുതിയിട്ടുമുണ്ട്. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രം കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നാന്ദിയായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടൻമാരിൽ ഒരാളായി മാറി. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. ടെലിവിഷൻ പരമ്പരകളിലും നെടുമുടി സജീവമായിരുന്നു. സമർത്ഥനായ ഒരു മൃദംഗം വായനക്കാരൻകൂടിയായിരുന്നു അദ്ദേഹം.

 

Eng­lish sum­ma­ry; Inter­na­tion­al film Fes­ti­val of Ker­ala IFFK 2022, nedu­mu­di venu Memory

Exit mobile version