റഷ്യന്‍ എണ്ണ പെട്ടെന്ന് ഉപേക്ഷിക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് സാമ്പത്തിക ഗവേഷണ സ്ഥാപനമായ മൂഡിസ്. അമേരിക്കയുമായുള്ള കരാര്‍ പ്രകാരം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത് പെട്ടെന്ന് നടപ്പിലാക്കിയാല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ അത് ദോഷകരമായി ബാധിക്കുമെന്ന് മൂഡീസ് വ്യക്തമാക്കുന്നു.
റഷ്യ നല്‍കുന്ന വന്‍ വിലക്കിഴിവ് നഷ്ടപ്പെടുന്നത് രാജ്യത്തെ ഇന്ധന വില ഉയരാനും അതുവഴി പണപ്പെരുപ്പം നിയന്ത്രണാതീതമാകാനും കാരണമായേക്കാം. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. റഷ്യന്‍ എണ്ണ പൂര്‍ണ്ണമായും വേണ്ടെന്ന് വെച്ചാല്‍ ആഗോള വിപണിയില്‍ എണ്ണയ്ക്ക് ക്ഷാമം അനുഭവപ്പെടുകയും വില വര്‍ദ്ധിക്കുകയും ചെയ്യും. ഇത് ഇന്ത്യയിലെ സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ ബാധിക്കുമെന്നാണ് മൂഡീസിന്റെ നിരീക്ഷണം.
അമേരിക്കയില്‍ നിന്നുള്ള എണ്ണ, വാതക ഇറക്കുമതിക്ക് ചെലവ് കൂടിയാല്‍ അത് ഇന്ത്യന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്ക് ചെറിയ തിരിച്ചടിയായേക്കാം എന്ന് ജെഫറീസ് റിപ്പോര്‍ട്ടും മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ട് തന്നെ, എണ്ണ ഇറക്കുമതിയിലെ മാറ്റം വളരെ പതുക്കെ മാത്രമേ ഇന്ത്യ നടപ്പിലാക്കാന്‍ സാധ്യതയുള്ളുവെന്നാണ് പ്രതീക്ഷ.
അതേസമയം എണ്ണ വാങ്ങുന്നത് നിര്‍ത്തുന്നത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന് റഷ്യ ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിച്ചു. ഇന്ത്യയുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ റഷ്യ സൂക്ഷ്മമായി വിശകലനംചെയ്യുന്നുണ്ടെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ഇന്ത്യ‑യുഎസ് ഉഭയകക്ഷി ബന്ധത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്നാല്‍, ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനാണ് ഞങ്ങള്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഇത് ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

