Site iconSite icon Janayugom Online

ചിന്നസ്വാമിയില്‍ ചിന്നിച്ചിതറി; ഇന്ത്യ 46ന് ഓള്‍ഔട്ട്

ഇന്ത്യന്‍ താരങ്ങളെ ചില്ലുകൂടാരം പോലെ എറിഞ്ഞിടുച്ചശേഷം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാറ്റിങ് പഠിപ്പിച്ച് ന്യൂസിലന്‍ഡ്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 46 റണ്‍സിന് ഓള്‍ഔട്ടായി. ആദ്യദിനം മഴയെടുത്തതിനെ തുടര്‍ന്ന് രണ്ടാം ദിവസം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ നിരയില്‍ അഞ്ച് പേരാണ് പൂജ്യത്തിന് പുറത്തായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയിലാണ്. 134 റണ്‍സിന്റെ ലീഡുണ്ട്. രചിൻ രവീന്ദ്രയും (34 പന്തിൽ 22), ഡാരിൽ മിച്ചലുമാണ് (39 പന്തിൽ 14) ക്രീസിൽ.
ഇന്ത്യയുടെ കുഞ്ഞൻ സ്കോ­ര്‍ കിവീസിന്റെ സമ്മര്‍ദമകറ്റിയപ്പോള്‍ ഡെവോണ്‍ കോ­ണ്‍വെ തകര്‍ത്തടിച്ച് തുടങ്ങി. മറുവശത്ത് ക്യാപ്റ്റന്‍ ടോം ലാഥം കരുതലോടെ കളിച്ചപ്പോള്‍ ഏകദിന ശൈലിയിലായിരുന്നു കോണ്‍വെയുടെ ബാറ്റിങ്. ഓപ്പണിങ് വിക്കറ്റിൽ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോര്‍ മറികടന്ന ലാഥമും കോണ്‍വെയും 67 റൺസെടുത്തശേഷമാണ് വേര്‍പിരിഞ്ഞത്. ലാഥമിനെ മടക്കിയ കുല്‍ദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്.

മത്സരത്തിന്റെ 37–ാം ഓവറിൽ വിൽ യങ്ങും മടങ്ങി. രവീന്ദ്ര ജഡേജയുടെ പന്തിൽ കുൽദീപ് യാദവ് ക്യാച്ചെടുത്താണ് യങ്ങിനെ മടക്കിയത്. കോൺവെ അ­ശ്വിന്റെ പ­ന്തിൽ ബോൾഡായി. അതേ­സമയം കാല്‍മുട്ടിന് പരിക്കേറ്റ വിക്കറ്റ് കീ­പ്പര്‍ റിഷഭ് പന്ത് ഗ്രൗണ്ട് വിട്ടു. ജഡേജ ബൗള്‍ ചെ­യ്യുന്ന­തിനിടെയാണ് പന്ത് കാ­ല്‍മുട്ടില്‍ കൊണ്ടത്. ആദ്യ ഇന്നിങ്സിൽ ആത്മവിശ്വാസത്തോടെ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കായി 49 പന്തിൽ 20 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്താണ് ടോപ് സ്കോററായത്. 63 പന്തുകൾ നേരിട്ട ഓപ്പണർ യശസ്വി ജയ്സ്വാൾ 13 റൺസെടുത്ത് പുറത്തായി. വിരാട് കോലി, സർഫറാസ് ഖാൻ, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ എന്നിവരാണ് ഇന്ത്യൻ നിരയിൽ പൂജ്യത്തിനു പുറത്തായത്. ന്യൂസിലൻഡിനായി മാറ്റ് ഹെൻറി അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. വിൽ ഒറൂക്ക് നാലു വിക്കറ്റുകൾ വീതം സ്വന്തമാക്കി.
ബംഗളൂരുവിനെ മേഘാവൃതമായ അന്തരീക്ഷം പരമാവധി മുതലെടുത്ത കിവീസ് പേസര്‍മാര്‍ സ്കോര്‍ ഒമ്പതില്‍ നില്‍ക്കെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ ആദ്യം മടക്കി.

37 പന്തില്‍ എട്ട് റണ്‍സെടുത്ത രോഹിത്തിനെ ടിം സൗത്തി ബൗള്‍ഡാക്കുകയായിരുന്നു. വണ്‍ഡൗണായി ക്രീസിലെത്തിയ കോലി അതിവേഗം മടങ്ങി. ഒമ്പത് പന്ത് നേരിട്ട താരത്തിന് റണ്‍സൊന്നുമെടുക്കാനായില്ല. ഒമ്പതാം ഓവറിലെ അവസാന പന്തില്‍ കോലിയെ വില്‍ ഒറൂര്‍ക്ക് ഗ്ലെന്‍ ഫിലിപ്‌സിന്റെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ സര്‍ഫറാസ് ഖാന്‍ മൂന്ന് പന്ത് നേരിട്ട് പൂജ്യനായി മടക്കി. മാറ്റ് ഹെന്‍റിയാണ് സര്‍ഫറാസിനെ പുറത്താക്കിയത്. ഇതിനിടെ മഴകാരണം മത്സരം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. മഴയ്ക്കുശേഷം ഓപ്പണര്‍ ജയ്സ്വാളിനെ 21-ാം ഓവറില്‍ വില്‍ ഒറൂര്‍ക്ക് പുറത്താക്കി. 63 പന്തില്‍ ഒരു ബൗണ്ടറിയടക്കം 13 റണ്‍സെടുത്തായിരുന്നു ജ­യ്സ്വാളിന്റെ മടക്കം. ആറു പന്തുകൾ നേരിട്ട രാഹുലിനെ കിവീസ് വിക്കറ്റ് കീപ്പർ ടോം ബ്ല­ണ്ടൽ ക്യാച്ചെടുത്തു മടക്കി. മാറ്റ് ഹെൻറിയുടെ പന്തിൽ ജഡേജയും പുറത്തായി. ലഞ്ചിനു പിന്നാലെ നേരിട്ട ആദ്യ പന്തിൽ അശ്വിനും പുറത്തായി. സ്കോർ 39ൽ നിൽക്കെ പൊരുതിനിന്ന റിഷഭ് പന്തിനെ മാറ്റ് ഹെൻറി ടോം ലാഥത്തിന്റെ കൈകളിലെത്തിച്ചു. പിന്നീട് ഏഴ് റണ്‍സ് മാത്രമാണ് ഇന്ത്യക്ക് കൂട്ടിച്ചേര്‍ക്കാനായത്.

നാട്ടില്‍ നാണംകെട്ട റെക്കോഡ്

ന്യൂസിലന്‍ഡിനെതിരെ തകര്‍ന്നടിഞ്ഞ ഇന്ത്യ നാണക്കേടിന്റെ റെക്കോഡില്‍. ന്യൂസിലന്‍ഡിനോട് ഒന്നാം ഇന്നിങ്സില്‍ 46ന് ഇന്ത്യ ഓള്‍ഔട്ടായി. ഇതോടെ ടെസ്റ്റിൽ ഇന്ത്യയുടെ മൂന്നാമത്തെ ചെറിയ സ്കോറാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പിറന്നത്. 2020ൽ ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ 36 റൺസിനും 1974ൽ ഇംഗ്ലണ്ടിനോട് ഒരു ഇന്നിങ്സിൽ 42 റൺസിനും ഓൾഔട്ടായിട്ടുണ്ട്. ഹോം ഗ്രൗണ്ടില്‍ ഇന്ത്യയുടെ ചെറിയ ടെസ്റ്റ് സ്‌കോറാണിത്. മാത്രമല്ല, ഇന്ത്യയില്‍ ഏതൊരു ടീമിന്റെയും കുഞ്ഞന്‍ സ്‌കോറും. 2021ല്‍ ന്യൂസിലന്‍ഡ് 62 റണ്‍സിന് പുറത്തായത് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അന്ന് മുംബൈയിലായിരുന്നു മത്സരം. 1987ല്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ 75 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 2008 അഹമ്മദാബാദില്‍, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ 76 റണ്‍സിന് പുറത്തായതും പട്ടികയിലുണ്ട്.

Exit mobile version