Site iconSite icon Janayugom Online

കലവറയില്‍ പഴയിടം പെരുമ ഭക്ഷണം വിളമ്പുന്നത് പതിനാറായിരത്തോളം പേർക്ക്

സംസ്ഥാന സ്കൂൾ കായികമേളയിൽ ഭക്ഷണം വിളമ്പുന്നത് 16,000ത്തോളം പേർക്ക്. മഹാരാജാസ് കോളജ് ഗ്രൗണ്ടിലടക്കം സജ്ജീകരിച്ചിട്ടുള്ള പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള മുന്നൂറോളം പാചകക്കാർ വരുന്ന സംഘമാണ് ആറ് അടുക്കളകളിലായി ഭക്ഷണം തയ്യാറാക്കുന്നത്. മൽസരങ്ങൾ നടക്കുന്ന 12-ഓളം കേന്ദ്രങ്ങളിലാണ് ഭക്ഷണം എത്തിച്ച് നൽകുന്നത്. നാലിടങ്ങളിൽ നോൺ വെജ് ആഹാരങ്ങളും പാചകം ചെയ്യുന്നുണ്ട്. വെജിറ്റേറിയൻ ഭക്ഷണം മാത്രമാണ് പഴയിടത്തിന്റെ മേൽനോട്ടത്തിൽ പാചകം ചെയ്യുന്നത്, നോൺ വെജ് ആഹാരങ്ങൾ ഉണ്ടാക്കുന്നതിനായി അദ്ദേഹം മറ്റൊരാൾക്ക് സബ് കോൺട്രാക്ട് നൽകിയിരിക്കുകയാണ്. ഇതിനായി മാത്രം 50ൽ അധികം പേരാണ് എത്തിയിരിക്കുന്നത്. 

മഹാരാജാസ് ഗ്രൗണ്ടിൽ മാത്രം സജ്ജീകരിച്ചിട്ടുള്ള ഭക്ഷണ ശാലയിൽ നിന്ന് 6000 പേർക്കാണ് ഒരു നേരം ഭക്ഷണം തയ്യാറാക്കുന്നത്. 60 ഓളം പാചകക്കാരും ഇവിടെ ഉണ്ട്. ഇവിടെ നിന്ന് തേവര, ഫോർട്ടുകൊച്ചി, തോപ്പുംപടി എന്നിവിടങ്ങളിലേക്കും ആഹാരം എത്തിച്ച് നൽകുന്നുണ്ട്. ഭക്ഷണം കുട്ടികൾക്കും മറ്റുള്ളവർക്കും വിതരണം ചെയ്യുന്നതിന്റെ ചുമതല അധ്യാപകർക്കാണ്. ശുചീകരണത്തിനും മറ്റ് സഹായങ്ങൾക്കുമായി എൻസിസി, സ്കൗട്ട് ആന്റ് ഗൈഡ്, കുടുംബശ്രീ എന്നിവയിലെ അംഗങ്ങളുമുണ്ട്. ഇന്നലെ ഇഡ്ഡലി, സാമ്പാർ, മുട്ട, പാൽ, റോബസ്റ്റ പഴവും ആയിരുന്നു പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് സദ്യയും വൈകിട്ട് ചായയും പലഹാരവും രാത്രി മുട്ടക്കറിയും വെജ് കറിയുമായിരുന്നു ഒരുക്കിയിരുന്നത്. 

ഇന്ന് പ്രഭാത ഭക്ഷണമായി പുട്ട്, കടല, മുട്ട, പാൽ, റോബസ്റ്റ പഴം എന്നിവയും ഉച്ചയ്ക്ക് ചോറ്, സാമ്പാർ, രസം, ബീഫ്, കൂട്ടുകറി, തോരൻ, വൈകിട്ട് ചായ, ഉഴുന്നുവട അത്താഴത്തിന് ചപ്പാത്തിയോ ചോറോ, ചിക്കൻ കറി, സാലഡ്, രസം, തോരനുമാണ് ഭക്ഷണം. 

Exit mobile version