Site iconSite icon Janayugom Online

മൗനത്തില്‍ നിന്നും വളരുന്ന അനാചാരങ്ങള്‍

പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ ക്രൂരമായ ലെെംഗികപീഡനങ്ങള്‍ക്ക് ഇരയാക്കിയശേഷം നരബലി നടത്തിയ സംഭവം സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. കേരളത്തില്‍ നവോത്ഥാന കാലഘട്ടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൂടുതല്‍ ശക്തിയോടെ തിരിച്ചുവന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ട സന്ദര്‍ഭത്തിലാണ് നാമിന്ന്. വിദ്യഭ്യാസത്തിലും രാഷ്ട്രീയ അവബോധത്തിലും രാജ്യത്ത് ഉയര്‍ന്നുനില്‍ക്കുന്ന കേരളത്തില്‍ മന്ത്രവാദ ചികിത്സയുടെയും ആഭിചാരക്രിയയുടെയും ഭാഗമായി സ്ത്രീകള്‍ കൊലചെയ്യപ്പെട്ടു എന്ന് പറയുമ്പോള്‍ ലജ്ജിച്ചു തലതാഴ്ത്തേണ്ടി വരുന്നു. അമിത സമ്പദ് ലബ്ധിക്കായാണ് പത്മം, റോസ്‌ലി എന്നീ രണ്ട് സ്ത്രീകളെ ദാരുണമായി കൊലപ്പെടുത്തിയത്. ‘സാമ്പത്തിക അഭിവൃദ്ധിക്കും ഐശ്വര്യത്തിനും സമീപിക്കുക’ എന്ന സമൂഹമാധ്യമ പോസ്റ്റ് വഴിയാണ് പ്രതികള്‍ തമ്മില്‍ പരിചയപ്പെടുന്നത്. പത്മത്തെയും റോസ്‌ലിയെയും വ്യാജവാഗ്ദാനം നല്‍കിയാണ് കൂടെക്കൂട്ടി ക്രൂരമായി പീഡിപ്പിച്ചശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അന്ധവിശ്വാസത്തിന്റെ പേരില്‍ കരുനാഗപ്പള്ളിയില്‍ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും പട്ടിണിക്കിട്ടു കൊന്ന സംഭവവുമുണ്ടായിരുന്നു. 2019ല്‍ ഒരു കുടുംബത്തിലെ നാലുപേരെ കൊന്നു കുഴിച്ചിട്ടു. വടകര പുറമേരിയില്‍ ഒരു പെണ്‍കുട്ടിയെ മന്ത്രവാദം നടത്തി മണ്ണെണ്ണയൊഴിച്ച് കത്തിച്ച സംഭവവും ഈ സമയം ഓര്‍ത്തുപോവുകയാണ്.

ഇതെല്ലാം സൂചിപ്പിക്കുന്നത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇരകളാക്കുന്നത് പ്രധാനമായും സ്ത്രീകളെയാണെന്നാണ്. നമ്മുടെ മൗനത്തില്‍ നിന്നും പ്രതികരണമില്ലായ്മയില്‍ നിന്നും കേരളത്തിലും‍ ഫാസിസം വളര്‍ന്നുവരികയാണ്. പ്രാചീനകാലത്ത് ദേവപ്രീതിക്കായും ഐശ്വര്യലബ്ധിക്കായും മനുഷ്യന്‍ മനുഷ്യനെ ബലികൊടുക്കുന്ന ദുരാചാരമാണ് ആധുനികകേരളത്തില്‍ അരങ്ങേറിയത്. സാക്ഷരകേരളത്തിലും അന്ധവിശ്വാസങ്ങളുടെ ലോകത്ത് വലിയ വിഭാഗം ജനങ്ങള്‍ ജീവിക്കുന്നുണ്ട് എന്നതിന്റെ ഉദാഹരണമാണിത്. രോഗഗ്രസ്തമായ സമൂഹത്തിന്റെയും ഫ്യൂഡല്‍ ചിന്തകളുടെയും കൂടി പ്രതിഫലനമാണ് സംഭവങ്ങള്‍. അന്ധവിശ്വാസത്തിന്റെയും മന്ത്രവാദത്തിന്റെയും ആഭിചാരത്തിന്റെയുമൊക്കെ പേരില്‍ രാജ്യത്ത് പലയിടത്തും നരബലി തുടങ്ങിയ ക്രൂരതകള്‍ അരങ്ങേറിയപ്പോള്‍ ദെെവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന സാംസ്കാരിക കേരളത്തില്‍ ഇത് ഉണ്ടാവുമെന്ന് നമ്മള്‍ പ്രതീക്ഷിച്ചില്ല. കാരണം ശ്രീനാരായണഗുരുവും അയ്യന്‍കാളിയും ചാവറ അച്ചനും വക്കം മൗലവിയും വാഗ്ഭടാനന്ദനും ചട്ടമ്പി സ്വാമികളും ഉഴുതിട്ട മണ്ണാണ് കേരളം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 എ (എച്ച്) പ്രകാരം ശാസ്ത്രചിന്തയും മാനവികതയും അന്വേഷണത്തിനുള്ള ത്വരയും പരിഷ്കരണ ചിന്തയും വളര്‍ത്തിയെടുക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ ബാധ്യസ്ഥരാണ്.


ഇതുകൂടി വായിക്കൂ:  ഇനിയും കേരളത്തിന് തലകുനിക്കേണ്ടി വരരുത്


എന്നാല്‍ ഇന്ന് സംഘടിതമായും ബോധപൂര്‍വമായുമാണ് തികച്ചും ഭരണഘടനാവിരുദ്ധമായ അന്ധവിശ്വാസങ്ങളെ പ്രേരിപ്പിക്കുന്നത്. സമൂഹത്തെ ശാസ്ത്രബോധത്തിലേക്ക് കൊണ്ടുവരാനും അന്ധവിശ്വാസത്തിനെതിരായും പ്രവര്‍ത്തിക്കേണ്ട ദൃശ്യ, ശ്രവ്യ മാധ്യമങ്ങള്‍ തന്നെയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിരന്തരമായി നല്കി പണം കൊയ്യുന്നത്. മുതലാളിത്തം അനുദിനം കൂടുതല്‍ കൂടുതല്‍ ഹിംസാത്മകവും ചൂഷണാത്മകവുമായി മാറുകയാണ്. വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങളെ മുതലെടുക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മുതലാളിത്തം വലിയ പങ്ക് വഹിക്കുന്നുണ്ട്. അന്ധവിശ്വാസങ്ങളെ വാണിജ്യവല്ക്കരിക്കുന്ന കാഴ്ചയാണ് മാധ്യമങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുന്നത്. അക്ഷയതൃതീയ ദിവസത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ ഉദ്ദിഷ്ടകാര്യ സിദ്ധിയും പുണ്യവും സ്വര്‍ണ കച്ചവടക്കാര്‍ വാഗ്ദാനം ചെയ്തുതുടങ്ങിയത് ഈയടുത്ത കാലത്താണ്. സ്വര്‍ണം വിറ്റഴിക്കാനുള്ള തന്ത്രം പരസ്യങ്ങളിലൂടെ മാസങ്ങള്‍ക്ക് മുമ്പേ ആരംഭിക്കുമ്പോള്‍‍ സ്വര്‍ണക്കടകളിലെ നീണ്ട ക്യൂ നമ്മള്‍ കാണുന്നു. കേബിള്‍ ടിവി റഗുലേഷന്‍ ആക്ട് അനുസരിച്ചും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കാനേ പാടുള്ളതല്ല. വലംപിരി ശംഖ് വീട്ടില്‍ സൂക്ഷിച്ചാല്‍ പണം വീട്ടിലേക്ക് പ്രവഹിക്കുമെന്നും അതുവഴി ശാന്തിയും സമാധാനവും കുടുംബത്തില്‍ നിറഞ്ഞൊഴുകുമെന്നും അത്രമാത്രം അത്ഭുതസിദ്ധിയാണ് ശംഖിനുള്ളതെന്നുമാണ് രാവിലെ മുതല്‍ ചാനലുകള്‍ പ്രചരിപ്പിക്കുന്നത്. രോഗനിവാരണം, ദൃഷ്ടിദോഷം തുടങ്ങി എല്ലാറ്റിനും വിപണിയില്‍ പരിഹാരമുണ്ട്. ഈ നരബലിയും സൂചിപ്പിക്കുന്നത് രണ്ട് ജീവന്‍ പോയാലും കിട്ടുന്നത് കോടികളാവും എന്ന മനുഷ്യന്റെ ആര്‍ത്തിയെയാണ്. പണമാണ് എല്ലാറ്റിനും പരിഹാരമെന്ന മുതലാളിത്തത്തിന്റെ കാഴ്ചപ്പാടാണ് ഈ അന്ധവിശ്വാസങ്ങളിലെല്ലാം പ്രകടമാകുന്നത്.

ജാതി മത ചിന്തകളുടെയും വര്‍ഗീയതയുടെയും പ്രതിലോമ പ്രവണതകളുടെയും നാടായി കേരളം മാറിയപ്പോള്‍ ഭക്തി വ്യാപാരത്തിന് ആക്കം കൂടി. കേരളത്തില്‍ വര്‍ഗീയശക്തികള്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ പുരോഗമന പ്രസ്ഥാനങ്ങളാണ്‍ ഇതിനെ തടയിടുന്നത്. ഒരു ഭാഗത്ത് നാം ഒഴിച്ചുനിര്‍ത്താന്‍ ശ്രമിച്ച ജാതീയത, മതാന്ധത ഇതെല്ലാം തിരികെ കൊണ്ടുവരാന്‍ ശ്രമം നടക്കുന്നു. ദെെവത്തെക്കാള്‍ വലുതായി ആള്‍ദെെവങ്ങള്‍ വളര്‍ന്നിരിക്കുന്നു. ഭക്തിയെ വില്പനച്ചരക്കാക്കി ആള്‍ദെെവങ്ങള്‍ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നത് നാം മുന്നില്‍ കാണുകയാണ്. സാമ്പത്തിക ദുര്‍വിനിയോഗം, ലെെംഗിക അരാജകത്വം, ചൂഷണം, അടിമത്തം തുടങ്ങി എല്ലാ സാമൂഹികവിരുദ്ധതയും തങ്ങളുടെ യോഗ്യതയാണെന്ന് നിലവിലുള്ള ആള്‍ദെെവങ്ങള്‍ (അമൃതാനന്ദമയി, രാംദേവ്, ആശാറാം ബാപ്പു) നമുക്ക് കാണിച്ചുതരുന്നു. നികുതി വെട്ടിച്ചും ജനങ്ങളെ പറ്റിച്ചും ഭരണവര്‍ഗത്തെ പ്രീണിപ്പിച്ചും ഇവരുണ്ടാക്കിയ അമിത സമ്പത്ത് നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് ആത്മീയതയുടെ പരിവേഷം. ഇതിനെയൊക്കെ പിന്തുണയ്ക്കുന്നത് വര്‍ഗീയ കോര്‍പറേറ്റ് രാഷ്ട്രീയ അധികാര ശക്തികളാണ്.
ശാസ്ത്രചിന്തയെ നിഷേധിച്ചുകൊണ്ട് അന്ധവിശ്വാസങ്ങളും വര്‍ഗീയതയും വളര്‍ത്തുന്നതില്‍ കേന്ദ്ര ഭരണാധികാരികള്‍ക്കും വലിയ പങ്കുണ്ട്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടിയ ഡോ. നരേന്ദ്ര ധബോല്‍ക്കര്‍ അടക്കമുള്ള പൊതുപ്രവര്‍ത്തകരെ ഹിന്ദു വര്‍ഗീയവാദികള്‍ വെടിവച്ചുകൊല്ലുന്നതും ഇന്ത്യയിലാണ്.


ഇതുകൂടി വായിക്കൂ: അന്ധവിശ്വാസങ്ങള്‍ക്കെതിരെ യോജിക്കണം  


അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാന്‍ നിയമനിര്‍മ്മാണം ആവശ്യമാണ്. ‘കേരള പ്രിവന്‍ഷന്‍ ആന്റ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ ഹ്യൂമന്‍ ഈവിള്‍ പ്രാക്ടീസസ്, സോര്‍സെറി ആന്റ് ബ്ലാക്ക് മാജിക് ബില്‍’ എന്ന പേരില്‍ നിയമ പരിഷ്കാര കമ്മിഷന്‍ കരടുബില്‍ തയാറാക്കിയിട്ടുണ്ട്. 2021ലും ഒരു സ്വകാര്യബില്‍ നിയമസഭയിലെത്തി. അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കും പ്രോത്സാഹനം നല്കുന്നവര്‍ക്കും പ്രവര്‍ത്തിക്കുന്നവര്‍ക്കും കഠിനമായ ശിക്ഷ നല്കുന്ന രീതിയില്‍ ഒട്ടും വെെകാതെ തന്നെ സര്‍ക്കാര്‍ നിയമം കൊണ്ടുവരണം. സമൂഹത്തില്‍ ശക്തമായ ബോധവല്ക്കരണവും വേണം. ശാസ്ത്രചിന്തകള്‍ വളര്‍ത്തി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലായ്മ ചെയ്യാന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രവര്‍ത്തനം അനിവാര്യമാണ്. നമ്മുടെ നവോത്ഥാന നായകന്മാരും പുരോഗമന പ്രസ്ഥാനങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്ന മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളത്തിലെ മനുഷ്യരെ അന്ധവിശ്വാസത്തിനും ആഭിചാരപ്രക്രിയകള്‍ക്കും ഇരകളാക്കില്ല എന്ന് പ്രതിജ്ഞ ചെയ്യാം.

Exit mobile version