Site iconSite icon Janayugom Online

ഇന്ത്യ‑ഇംഗ്ലണ്ട് രണ്ടാം ടി20 ഇന്ന്

ഇംഗ്ലണ്ടിനെതിരായ ര­ണ്ടാം ടി20 മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ചെപ്പോക്ക് സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. ആദ്യ മത്സരത്തി­ല്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1–0ന് മുന്നിലാണ്. 

കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെ 132 റണ്‍സിന് ഓള്‍ഔട്ടാക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടമാക്കി ലക്ഷ്യത്തിലെത്തിയിരുന്നു. മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയും തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. അഭിഷേകിന്റെ വെടിക്കെട്ട് ബാറ്റിങ് പിന്നീട് ഇന്ത്യക്ക് അനായാസ ജയം നേടിക്കൊടുത്തു. അഭിഷേക് 34 പന്തില്‍ 79 റണ്‍സും സഞ്ജു 20 പന്തില്‍ 26 റണ്‍സും നേടി. ഇതേ ഫോം ആവര്‍ത്തിക്കാനുറച്ചാണ് സൂര്യകുമാര്‍ യാദവും സംഘവും ചെപ്പോക്കില്‍ രണ്ടാം അങ്കത്തിനെത്തുക. ഗുസ് അറ്റ്കിന്‍സണിന്റെ ഒരോവറില്‍ 22 റണ്‍സ് നേടിയ സഞ്ജു ടി20യില്‍ ഫോം ആവര്‍ത്തിക്കുന്നത് ഇന്ത്യക്ക് കരുത്തേകുന്നു. ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിങ്ങും വരുണ്‍ ചക്രവര്‍ത്തിയും മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. നീണ്ട ഒരു വര്‍ഷത്തിന് ശേഷം മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. രണ്ടാം മത്സരത്തില്‍ ഷമിക്ക് അവസരം ലഭിക്കുമോയെന്ന് കണ്ടറിയണം.

അതേസമയം ഇംഗ്ലണ്ട് ടീമിന്റെ പ്ലേയിങ് ഇലവനെ ഇന്നലെ പ്രഖ്യാപിച്ചു. ഗുസ് അറ്റ്കിൻസണെ ടീമില്‍ നിന്നൊഴിവാക്കി. ആദ്യ മത്സരത്തിൽ രണ്ട് ഓവർ എറിഞ്ഞ അറ്റ്കിൻസൺ 38 റൺസ് വിട്ടുകൊടുത്തിരുന്നു.

രണ്ടാം മത്സരത്തിനുള്ള ഇം​ഗ്ലണ്ട് ടീം: ഫിൽ സോൾട്ട് (വിക്കറ്റ് കീപ്പർ), ബെൻ ഡക്കറ്റ്, ജോസ് ബട്ലർ (ക്യാപ്റ്റൻ), ഹാരി ബ്രൂക്ക് (വൈസ് ക്യാപ്റ്റൻ), ലയാം ലിവിങ്സ്റ്റൺ, ജേക്കബ് ബെഥൽ, ജാമി ഓവർടൺ, ബ്രൈഡൻ കാർസ്, ജൊഫ്ര ആർച്ചർ, ആദിൽ റാഷിദ്, മാർക് വുഡ്.

Exit mobile version