Site icon Janayugom Online

ഇനി അടിയുടെ പൂരം; ഇന്ത്യ‑ഇംഗ്ലണ്ട് ആദ്യ ടി20 ഇന്ന്

ആവേശകരമായ ടെസ്റ്റ് മത്സരത്തിന് ശേഷം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പൂരത്തിന് ഇന്ന് തുടക്കമാകും. സതാംപ്ടണില്‍ റോസ് ബൗള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം 10.30നാണ് മത്സരം. കോവിഡ് പിടിപെട്ടതിനെ തുടര്‍ന്ന് നേരത്തേ നടന്ന ടെസ്റ്റ് നഷ്ടമായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ടി20 പരമ്പരയില്‍ തിരിച്ചെത്തും.

മൂന്നു മത്സരങ്ങളിലും ടീമിനെ നയിക്കുക ഹിറ്റ്മാനാണ്. രോഹിത്തെത്തുന്നതോടെ താരത്തിനൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണറായി ഇറങ്ങും. ഇതോടെ റിതുരാജ് ഗെയ്കവാദിന് ടീമില്‍ നിന്ന് സ്ഥാനം നഷ്ടമാവും. മൂന്നാമനായി സൂര്യകുമാര്‍ ക്രീസിലെത്തും. ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ പിന്നാലെ ബാറ്റിങിനെത്തും.

ഒരു ബാറ്റര്‍ക്ക് കൂടി അവസരം നല്‍കാന്‍ തീരുമാനിച്ചാല്‍ സഞ്ജു, രാഹുല്‍ ത്രിപാഠി, റിതുരാജ് ഗെയ്കവാദ് എന്നിവരില്‍ ഒരാള്‍ക്ക് അവസരം ലഭിക്കും. ഇംഗ്ലണ്ടുമായുള്ള ആദ്യ ടി20യില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക മിന്നുന്ന ഫോമിലുള്ള ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയായിരിക്കും. ഈ പൊസിഷനില്‍ അയര്‍ലാന്‍ഡുമായുള്ള രണ്ടു ടി20കളിലും തര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവച്ചത്. 47*, 104 എന്നിങ്ങനെയായിരുന്നു ഹൂഡയുടെ സ്‌കോറുകള്‍.

അതിനു ശേഷം ഡെര്‍ബിഷെയറിനെതിരേ നടന്ന ടി20 സന്നാഹത്തിലും ഹൂഡ അര്‍ധസെഞ്ചുറിയുമായി മിന്നിച്ചു. അഞ്ചാം ബൗളറുടെ അഭാവം ഇന്ത്യന്‍ നിരയില്‍ ഇപ്പോഴും നിഴലിക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തിയെങ്കിലും ബൗളിങ്ങില്‍ താരത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നു. ഐപിഎല്ലില്‍ താരം മിന്നുന്ന ഫോമിലായിരുന്നു.

ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങാന്‍ സാധിച്ചു. എന്നാല്‍, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ബൗളിങ്ങില്‍ പരാജയമായി. അഞ്ചാം ബൗളറുടെ അസാന്നിധ്യം നികത്തിയില്ലെങ്കില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വിയര്‍ക്കും. വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട ഒരുപിടി മികച്ച ബാറ്റര്‍മാരുമായാണ് ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുന്നത്.

ആദ്യ മത്സരം രണ്ട് ടീമുകള്‍ക്കും പ്രധാനപ്പെട്ടതാണ്. ഈ മത്സരത്തില്‍ ജയിച്ചില്ലെങ്കില്‍ പിന്നീടുള്ള കളികളില്‍ അത് സമ്മര്‍ദ്ദത്തിനിടയാക്കും. പുതിയ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ക്കു കീഴിലാണ് ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്കിറങ്ങുക. വിരമിച്ച ഒയ്ന്‍ മോര്‍ഗനു പകരമാണ് ബട്‌ലര്‍ ടീമിന്റെ നായകസ്ഥാനമേറ്റെടുത്തത്.

Eng­lish summary;India-England first T20 today

You may also like this video;

Exit mobile version