Site iconSite icon Janayugom Online

പ്രവാസി ജനസംഖ്യയില്‍ മെക്സിക്കോയെ പിന്തള്ളി ഇന്ത്യ മുന്നില്‍

pravasipravasi

ലോക ജനസംഖ്യയിലെ പ്രവാസികളുടെ എണ്ണത്തില്‍ റെക്കോഡുമായി ഇന്ത്യ. മെക്സിക്കോ, റഷ്യ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ പ്രവാസികളുടെ എണ്ണത്തില്‍ റെക്കോഡ് സ്ഥാപിച്ചത്. നിലവില്‍ ഒന്നേമുക്കാല്‍ കോടിയിലയിലധികം ഇന്ത്യന്‍ പൗരന്‍മാരാണ് വിവിധ രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്നത്. 

ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് 2022ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2000 മുതല്‍ 2020 വരെയുള്ള പ്രവാസി കുടിയേറ്റം ആസ്പദമാക്കി നടത്തിയ പഠനത്തിലാണ് നേരത്തെ ഒന്നും രണ്ടും സ്ഥാനം വഹിച്ചിരുന്ന മെക്സിക്കോ, റഷ്യ എന്നിവയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയത്. 2022 പകുതി വരെ 179 ലക്ഷം ഇന്ത്യന്‍ പൗരന്മാരാണ് വിവിധ രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്നത്. മെക്സിക്കോയില്‍ നിന്ന് 11.2 ദശലക്ഷം പേരും റഷ്യയില്‍ നിന്ന് 10.3 ദശലക്ഷം പൗരന്‍മാരും വിവിധ രാജ്യങ്ങളില്‍ പ്രവാസികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗള്‍ഫ് രാജ്യങ്ങളാണ് കൂടുതല്‍ ഇന്ത്യക്കാര്‍ പ്രവാസി ജീവിതത്തിന് തെരഞ്ഞെടുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറെ പ്രവാസികളുള്ളത്. 2020ലെ കണക്കനുസരിച്ച് യുഎഇയില്‍ 3,471,300, സൗദി അറേബ്യയില്‍ 2,502,337 വീതം ഇന്ത്യന്‍ പ്രവാസികളുണ്ട്. മികച്ച തൊഴിലാണ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആകര്‍ഷണം.

അമേരിക്കന്‍ കുടിയേറ്റത്തിലും ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. നിലവില്‍ 2,723,764 പേരാണ് അമേരിക്കയിലേക്ക് കടല്‍ കടന്നത്. ലോകമാകെ 281 ദശലക്ഷം പ്രവാസികളാണുള്ളത്. 2000 ത്തില്‍ ഇതിന്റെ നിരക്ക് 173 ദശലക്ഷമായിരുന്നു. രേഖകള്‍ പ്രകാരം വിവിധ രാജ്യങ്ങളിലെ 3.6 ശതമാനം പേരും ജന്മദേശം ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തിയെന്നും വേള്‍ഡ് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യുഎസ് അടക്കം വിവിധ രാജ്യങ്ങളില്‍ ഇന്ത്യന്‍ സമൂഹം തെരഞ്ഞെടുപ്പുകളില്‍ സ്വാധീന ചെലുത്താന്‍ കഴിയുന്ന വന്‍ ശക്തിയായും മാറിയിട്ടുണ്ട്.
പ്രവാസി പണമൊഴുക്കിലും ലോകത്ത് ഇന്ത്യയാണ് മുന്നില്‍. പ്രതിവര്‍ഷം പത്തുലക്ഷം കോടിയോളം രൂപ രാജ്യത്തേക്ക് എത്തുന്നുണ്ട്. 2022–23 സാമ്പത്തിക വര്‍ഷത്തില്‍ 10000 കോടി ഡോളർ പ്രവാസിപ്പണം ഇന്ത്യയിലേക്കെത്തിയതായി ലോക കുടിയേറ്റ റിപ്പോര്‍ട്ടിൽ പറയുന്നു. ഇന്ത്യക്കു പുറമേ, 2022 ‑ൽ ഏറ്റവും കൂടുതൽ പ്രവാസിപ്പണമെത്തിയ രാജ്യങ്ങൾ മെക്സിക്കോ, ചൈന, ഫിലിപ്പൈൻസ്, ഫ്രാൻസ് എന്നിവയാണ്. 2010 ‑ൽ ഇന്ത്യയിലേക്ക് എത്തിയത് 5348 കോടി ഡോളറായിരുന്നു. 2015 ‑ൽ ഇത് 6891 കോടി ഡോളറായി. 2020 ‑ൽ 8315 കോടിയായും പ്രവാസി പണമൊഴുക്ക് വര്‍ധിച്ചിരുന്നു.

Exit mobile version