ഓസ്‌ട്രേലിയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ത്യ ഇന്നിറങ്ങുന്നു. ജയത്തില്‍ കുറഞ്ഞതൊന്നും രോഹിത് ശര്‍മ്മയും സംഘവും ലക്ഷ്യമിടുന്നില്ല. പെര്‍ത്തിലെ വലിയ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ അഡ്‌ലെയ്ഡില്‍ രണ്ടാം ടെസ്റ്റിനു ഇറങ്ങിയ ഇന്ത്യക്ക് പക്ഷേ വന്‍ പരാജയം നേരിട്ടു. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലുറപ്പിക്കാന്‍ ഇനി എല്ലാ മത്സരവും ജയിക്കേണ്ട അവസ്ഥയിലേക്കുമെത്തി.
പോയിന്റ് പട്ടികയില്‍ തലപ്പത്തുണ്ടായിരുന്ന ഇന്ത്യ രണ്ടാം ടെസ്റ്റിലെ കനത്ത തോല്‍വിയോടെ മൂന്നാം സ്ഥാനത്തേക്ക് വീണു. ഇന്ന് രാവിലെ ഇന്ത്യന്‍ സമയം ആറുമണി മുതലാണ് നിര്‍ണായക മൂന്നാം പോരാട്ടം തുടങ്ങുന്നത്. മൂന്ന് വര്‍ഷം മുമ്പ് ഗാബയില്‍ ഇന്ത്യ ചരിത്ര വിജയം നേടിയതിന്റെ ഓര്‍മകളിലാണ് ടീം. ആ പോരാട്ട മികവ് ആവര്‍ത്തിക്കാനുള്ള അവസരമാണ് ഇന്ത്യക്ക്. ഒപ്പം ജയത്തോടെ തിരിച്ചെത്താനുള്ള അവസരവും. അന്ന് ഇന്ത്യക്ക് ജയം സമ്മാനിച്ച ഋഷഭ് പന്തും ശുഭ്മാന്‍ ഗില്ലും ഇത്തവണയും ടീമിനൊപ്പമുണ്ട്.
ബാറ്റിങ്ങിലെ പാളിച്ചകളാണ് ഇന്ത്യയ്ക്ക് ആശങ്ക. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ രണ്ടാം ടെസ്റ്റില്‍ മധ്യനിരയിലേക്ക് ഇറങ്ങി കളിച്ചെങ്കിലും തിളങ്ങാനായില്ല. രോഹിത്തിന് പകരം ഓപ്പണറായ കെ എല്‍ രാഹുലിനും തിളങ്ങാനായില്ല. യശസ്വി ജയ്സ്വാളിനൊപ്പം രോഹിത് ഓപ്പണിങ് ചെയ്താല്‍ രാഹുല്‍ ആറാം സ്ഥാനത്തേക്ക് മടങ്ങും. മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്ലും നാലാമത് വിരാട് കോലിയും അഞ്ചാമത് റിഷഭ് പന്തും ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പെര്‍ത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയെങ്കിലും കോലിയും മികച്ച ഫോമിലല്ല. ഋഷഭ് പന്ത് മികച്ച രീതിയില്‍ കളിക്കുന്നുണ്ടെങ്കിലും താരത്തിന് വലിയ സ്‌കോറിലേക്കെത്തിക്കാന്‍ സാധിച്ചിട്ടില്ല. ആദ്യ രണ്ട് ടെസ്റ്റിലെ മികച്ച പ്രകടനം കണക്കിലെടുത്ത് നിതീഷ് കുമാര്‍ റെഡ്ഡി ടീമില്‍ സ്ഥാനം നിലനിര്‍ത്തും.
ബൗളിങ് നിരയില്‍ ഹര്‍ഷിത് റാണയ്ക്ക് പകരം പ്രസിദ്ധ് കൃഷ്ണയ്ക്ക് അവസരം നല്‍കിയേക്കും. ആര്‍ അശ്വിനുപകരം വാഷിങ്ടന്‍ സുന്ദറിനും അവസരം ലഭിച്ചേക്കും. കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ ബ്രിസ്ബേനില്‍ സുന്ദര്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ഓസീസ് ടോപ് ഓര്‍ഡറില്‍ മൂന്ന് ഇടംകയ്യന്‍മാരുണ്ട് എന്നതും സുന്ദറിന് അനുകൂല ഘടകമാണ്.
അതേസമയം പരിക്കേറ്റ് രണ്ടാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ഓസീസ് ടീമില്‍ തിരിച്ചെത്തി. ഇതോടെ രണ്ടാം ടെസ്റ്റ് കളിച്ച സ്‌കോട്ട് ബോളണ്ട് പുറത്തായി. ബോളണ്ട് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ ഇലവന്‍-പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഉസ്മാന്‍ ഖാവജ, നതാന്‍ മക്‌സ്വീനി, മര്‍നസ് ലാബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് കാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹെയ്‌സല്‍വുഡ്.
ആദ്യ ദിനമായ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ പ്രവചനം. 88 ശതമാനം ഇടി, മിന്നല്‍, മഴ സാധ്യതയാണ് പ്രവചിക്കുന്നത്. അന്തരീക്ഷം ഈര്‍പ്പം നിറഞ്ഞതും മൂടിക്കെട്ടിയതായിരിക്കാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. രണ്ട്, മൂന്ന് ദിവസങ്ങളിലും നേരിയ മഴ സാധ്യതയുണ്ട്.