അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ശുഭ്മാന്‍ ഗില്ലാണ് വൈസ്‌ക്യാപ്റ്റന്‍. അഭിഷേക് ശര്‍മ്മ, തിലക് വര്‍മ, റിങ്കു സിങ് എന്നിവരാണ് ടീമിലിടം പിടിച്ച മറ്റു ബാറ്റര്‍മാര്‍. ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബൈ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. സഞ്ജുവിനെ കൂടാതെ ജിതേഷ് ശര്‍മ്മയാണ് വിക്കറ്റ് കീപ്പറായ മറ്റൊരു താരം. ജസ്പ്രീത് ബുംറ ടീമിലെത്തിയപ്പോള്‍ ശ്രേയസ് അയ്യരും യശസ്വി ജയ്സ്വാളും പുറത്തായി. പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടണ്‍ സുന്ദർ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, യശസ്വി ജയ്സ്വാൾ എന്നിവരെ ടീമിന്റെ സ്റ്റാൻഡ് ബൈ താരങ്ങളായി നിർത്തും. ടീമിൽ ആർക്കെങ്കിലും പരിക്കേറ്റാൽ മാത്രമായിരിക്കും ഇവർക്ക് അവസരം ലഭിക്കുക.
സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരെ ഉള്‍പ്പെടുത്തി. അര്‍ഷ്ദീപ് സിങ്ങിനും ജസ്പ്രീത് ബുംറയ്ക്കുമൊപ്പം മൂന്നാം പേസറായി ഹര്‍ഷിത് റാണ ടീമിലെത്തി. അഭിഷേക് ശർമ്മ മികച്ച ഫോമിലായതു കൊണ്ടാണ് യശസ്വി ജയ്സ്വാളിനെ മാറ്റിനിർത്തിയതെന്ന് അജിത് അഗാർക്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സെപ്റ്റംബര്‍ ഒമ്പതിന് യുഎഇയില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ 28നാണ്. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 19 മത്സരങ്ങളാണുണ്ടാവുക. 10ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ഇന്ത്യ‑പാകിസ്ഥാന്‍ ഗ്രൂപ്പ് പോരാട്ടം. ഇന്ത്യക്കും പാകിസ്ഥാനും യുഎഇക്കും പുറമെ ഒമാനാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ രണ്ടാമത്തെ ഗ്രൂപ്പിലാണ്. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ടു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മൂന്ന് മത്സരങ്ങള്‍ വീതം കളിക്കും. ഇതില്‍ നിന്നും രണ്ട് ടീമുകള്‍ ഫൈനല്‍ കളിക്കും. ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ്, ശുഭ്മാന്‍ ഗിൽ, അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, ഹർഷിത് റാണ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.
വനിതാ ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് നയിക്കുന്ന ടീമില്‍ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍.
മലയാളി താരം മിന്നു മണിക്ക് ടീമിലിടം ലഭിച്ചില്ല. സ്റ്റാന്റ് ബൈ താരമായാണ് ഉള്‍പ്പെടുത്തിയത്. ഷഫാലി വര്‍മ്മയെയും ടീമില്‍ പരിഗണിച്ചില്ല. മന്ദാനയ്ക്കൊപ്പം പ്രതിക റവല്‍ ഓപ്പണറായെത്തും. ഷഫാലിക്ക് പകരം ടീമിലെത്തിയ പ്രതിക 14 മത്സരങ്ങളില്‍ 54 റണ്‍സ് ശരാശരിയിലാണ് റണ്‍സ് നേടിയിട്ടുണ്ട്. 14 ഇന്നിങ്സില്‍ ആറ് അര്‍ധസെഞ്ചുറികളും പ്രതിക സ്വന്തമാക്കി. മധ്യനിരയിൽ ജെമീമ റോഡ്രിഗസ്, ഹര്‍ലീൻ ഡിയോൾ, ഹർമൻപ്രീത് എന്നിവർ കളിക്കും. റിച്ച ഗോഷ്, യസ്തിക ഭാട്ടിയ എന്നിവരാണ് വിക്കറ്റ് കീപ്പർമാരായി ടീമിലുള്ളത്. ഓസ്ട്രേലിയ എ ടീമിനെതിരെ അർധ സെഞ്ചുറികളുമായി തിളങ്ങിയതോടെയാണ് യസ്തിക ദേശീയ ടീമിലെത്തിയത്. പരിക്ക് മാറി രേണുക സിങ് ഠാക്കൂര്‍ ടീമില്‍ തിരിച്ചെത്തി. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് അടുത്ത മാസം 30ന് ആരംഭിക്കും. ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം ശ്രീലങ്കയില്‍ നടക്കും. ഒക്ടോബർ അഞ്ചിന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. നവംബര്‍ രണ്ടിനാണ് ഫൈനല്‍.
ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ, പ്രതീക റാവൽ, സ്മൃതി മന്ദാന, ഹർലീൻ ഡിയോൾ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, രേണുക സിങ് ഠാക്കൂർ, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ്, ക്രാന്തി ഗൗഡ്, അമന്‍ജോത് കൗര്‍, രാധ യാദവ്, ശ്രീ ചരനി, യസ്തിക ഭാട്ടിയ, സ്‌നേഹ റാണ.

