Site iconSite icon Janayugom Online

ആശ്വാസജയം തേടി ഇന്ത്യ; ഹർമൻപ്രീതും സംഘവും മൂന്നാം പോരാട്ടത്തിന്

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ സമ്പൂർണ പരാജയം ഒഴിവാക്കാൻ ഇന്ത്യൻ വനിതകൾ ഇന്ന് അവസാന പോരാട്ടത്തിന് ഇറങ്ങുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ആധികാരിക വിജയം നേടിയ ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ഇന്ന് നടക്കുന്ന മൂന്നാം ഏകദിനത്തിൽ വിജയിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാനാണ് ഇന്ത്യൻ ടീമിന്റെ ശ്രമം. ഇന്ത്യൻ സമയം രാവിലെ 9.20 മുതൽ ഹൊബാർട്ടിലാണ് മത്സരം. ശക്തമായ ബാറ്റിങ് നിരയുണ്ടായിട്ടും വലിയ സ്കോറുകൾ ക ണ്ടെത്താൻ കഴിയാത്തതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ആദ്യ രണ്ട് ഏകദിനങ്ങളിലും ആതിഥേയരെ സമ്മർദത്തിലാക്കാൻ ഇന്ത്യൻ ബാറ്റർമാർക്ക് സാധിച്ചില്ല. രണ്ടാം ഏകദിനത്തിൽ ഓപ്പണർമാരായ സ്മൃതി മന്ദാനയും പ്രതിക രാവലും ചേർന്ന് 78 റൺസിന്റെ മികച്ച തുടക്കം നൽകിയിരുന്നു. എന്നാൽ 17 മുതൽ 31 വരെയുള്ള ഓവറുകൾക്കിടയിൽ വെറും 52 റൺസിന് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടുത്തിയത് ഇന്ത്യക്ക് വലിയ വിനയായി.

ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും സ്മൃതി മന്ദാനയും മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ജെമിമ റോഡ്രിഗസ്, ദീപ്തി ശർമ്മ എന്നിവരുടെ ബാറ്റിങ്ങിലെ മെല്ലെപ്പോക്കും പരാജയവും ടീമിനെ ബാധിക്കുന്നുണ്ട്. ബൗളിങ് നിരയിൽ ദീപ്തി ശർമ്മ വിക്കറ്റുകൾ വീഴ്ത്തുന്നുണ്ടെങ്കിലും ശ്രീചരണി അടക്കമുള്ള മറ്റ് ബൗളർമാർ ധാരാളം റൺസ് വിട്ടുകൊടുക്കുന്നത് ഓസ്ട്രേലിയൻ ബാറ്റർമാർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു. കൂടാതെ ക്യാച്ചുകൾ കൈവിടുന്നതും ഇന്ത്യൻ ഫീൽഡിങ്ങിലെ വലിയ പോരായ്മയായി തുടരുന്നു. ജോർജിയ വോൾ, ഫീബി ലിച്ച്ഫീൽഡ് എന്നിവരുടെ തകർപ്പൻ ഫോമാണ് ഓസ്ട്രേലിയയുടെ കരുത്ത്. കഴിഞ്ഞ മത്സരത്തിൽ ജോർജിയ വോൾ നേടിയ സെഞ്ചുറി ഇന്ത്യൻ ബൗളർമാരെ നിഷ്‌പ്രഭരാക്കിയിരുന്നു. മെഗാൻ ഷട്ട്, ആഷ്‌ലി ഗാർഡ്നർ എന്നിവർ നയിക്കുന്ന ബൗളിങ് നിരയും മികച്ച രീതിയിൽ പന്തെറിയുന്നു. ടി20 പരമ്പര ഇന്ത്യ 2–1 ന് സ്വന്തമാക്കിയിരുന്നെങ്കിലും ഏകദിനത്തിലെ വിജയങ്ങളോടെ മൾട്ടി ഫോർമാറ്റ് പരമ്പരയിൽ ഓസ്ട്രേലിയ 6–4 ന് മുന്നിലെത്തി. പെർത്തിൽ നടക്കുന്ന ഏക ടെസ്റ്റ് മത്സരവും പരമ്പരയുടെ ഭാഗമാണ്. 

Exit mobile version