Site iconSite icon Janayugom Online

മൂന്നില്‍ പിഴച്ച് ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 ക്രി­ക്കറ്റില്‍ ഇന്ത്യക്ക് തോല്‍വി. 26 റണ്‍സിന്റെ വി­ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനെ ഇന്ത്യക്ക് കഴിഞ്ഞുള്ളു. 35 പന്തില്‍ 40 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. പരാജയപ്പെട്ടെങ്കിലും അഞ്ച് മത്സര പരമ്പരയില്‍ 2–1 എന്ന നിലയില്‍ ഇന്ത്യ മുന്നിലാണ്. 

മലയാളി താരം സഞ്ജു സാംസണ് തിളങ്ങാനായില്ല. മൂന്ന് റണ്‍സെടുത്ത് താരം മടങ്ങി. പിന്നാലെ തകര്‍ത്തടിച്ചുകൊണ്ടിരുന്ന അഭിഷേക് ശര്‍മ്മ 24 റണ്‍സെടുത്ത് പുറത്തായി. സൂര്യകുമാര്‍ യാ­ദവ് (14), തിലക് വര്‍മ്മ (18), വാഷിങ്ടണ്‍ സുന്ദര്‍ (ആറ്), അക്സര്‍ പട്ടേല്‍ (15), ധ്രുവ് ജൂറല്‍ (രണ്ട്) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. ഇംഗ്ലണ്ടിനായി ജാമി ഓവര്‍ട്ടണ്‍ മൂന്ന് വിക്കറ്റ് നേടി.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. അര്‍ഷ്ദീപ് സിങ്ങിന് പകരം മുഹമ്മദ് ഷമി ടീമിലെത്തി. 2023 ഏകദിന ലോകകപ്പിന് ശേഷം ആദ്യമായാണ് ഷമി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. ബെന്‍ ഡക്കറ്റിന്റെയും (51) ലിയാം ലിവിങ്സ്റ്റണിന്റെയും (43) പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോര്‍ സമ്മാനിച്ചത്. രണ്ടാം ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഫിലിപ്പ് സാള്‍ട്ട്, ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ അഭിഷേക് ശര്‍മ്മയ്ക്ക് ക്യാച്ച് നല്‍കി. പിന്നീട് ഡക്കറ്റ് — ജോസ് ബട്‌ലര്‍ (24) സഖ്യം 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക് പോകുമെന്ന് തോന്നിക്കെയാണ് ബട്‌ലറെ മടക്കി വരുണ്‍ ബ്രേക്ക് ത്രൂ ആയി വരുന്നത്. 22 പന്തില്‍ 24 റണ്‍സ് നേടിയാണ് ബട്‌ലറുടെ മടക്കം. 28 പന്തില്‍നിന്ന് രണ്ട് സിക്സറുകളുടെയും ഏഴ് ഫോറുകളുടെയും അകമ്പടിയില്‍ 51 എടുത്ത ഡക്കറ്റിനെ അക്‌സര്‍ പട്ടേലാണ് പുറത്താക്കിയത്. പിന്നീട് ഇംഗ്ലണ്ട് തകര്‍ന്നടിയുമ്പോള്‍ ലിവിങ്സ്റ്റണ്‍ തകര്‍ത്തടിച്ചതാണ് ഇംഗ്ലണ്ടിന് കരുത്തായത്. 

വരുണ്‍ ചക്രവര്‍ത്തി അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ദിക് പാണ്ഡ്യ രണ്ടും രവി ബിഷ്‌ണോയ് അകസര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മുഹമ്മദ് ഷമി ദീര്‍ഘകാലത്തിന് ശേഷം ടീമില്‍ തിരിച്ചെത്തി ശ്രദ്ധനേടിയെങ്കിലും മൂന്നു ഓവറുകള്‍ മാത്രമെറിഞ്ഞ താരത്തിന് വിക്കറ്റുകള്‍ വീഴ്ത്താനായില്ല.

Exit mobile version