പുരുഷ ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാൻ പാകിസ്ഥാൻ സർക്കാർ തീരുമാനിച്ചെങ്കിലും, വനിതാ ക്രിക്കറ്റിൽ ഈ വിലക്ക് ബാധകമാകില്ല. ഈ മാസം ആരംഭിക്കുന്ന റൈസിങ് സ്റ്റാർസ് വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യ എ — പാകിസ്ഥാൻ എ പോരാട്ടം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ടി20 ലോകകപ്പിൽ ഇന്ത്യ‑പാക് മത്സരം നിശ്ചയിച്ചിട്ടുള്ള അതേ ദിവസം തന്നെയാണ് (ഈ മാസം 15) ഏഷ്യാ കപ്പിലെ വനിതാ പോരാട്ടവും നടക്കുന്നത്. വനിതാ ടീമുകളുടെ മത്സരത്തിന് പാക് സർക്കാർ ഇതുവരെ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല.
ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്നെ വനിതാ എ ടീമിനെ പാകിസ്ഥാൻ പ്രഖ്യാപിക്കുകയും ചെയ്തു. ടൂർണമെന്റിലെ ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടുന്നത്. യുഎഇ, നേപ്പാൾ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഓൾറൗണ്ടർ രാധാ യാദവ് ഇന്ത്യയെ നയിക്കും. മലയാളികളുടെ അഭിമാന താരം മിന്നു മണിയും ഇന്ത്യൻ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഈ മാസം 13 മുതലാണ് റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് പോരാട്ടങ്ങൾ ആരംഭിക്കുന്നത്. തായ്‌ലൻഡാണ് ടൂർണമെന്റിന്റെ വേദി.

