ടി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ 8ലെ രണ്ടാമത്തെ പരീക്ഷണത്തിനായി ഇന്ത്യയിറങ്ങുന്നു. സെമിഫൈനലിലേക്കടുക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യക്ക് ബംഗ്ലാദേശാണ് എതിരാളി. സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി എട്ടിനാണ് മത്സരം. സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ 47 റണ്‍സിന്റെ വിജയത്തോടെയെത്തുന്ന ഇന്ത്യക്ക് ഇന്നത്തെ മത്സരം വിജയിക്കേണ്ടതുണ്ട്. 24ന് ഓസ്ട്രേലിയയുമായി നേരിടാനിരിക്കുന്നതിനാല്‍ സെമിയിലേക്ക് എത്താന്‍ ബംഗ്ലാദേശിനെ തോല്പിച്ചേ മതിയാകു.
സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് ഒന്നില്‍ എല്ലാ ടീമുകളും ഓരോ മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഓസ്‌ട്രേലിയയാണ് ഇപ്പോള്‍ തലപ്പത്തു നില്‍ക്കുന്നത്. ഇന്ത്യ രണ്ടാമതുമുണ്ട്. അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളിലും നില്‍ക്കുന്നു. ഓസീസിനും ഇന്ത്യക്കും രണ്ടു പോയിന്റ് വീതമാണുള്ളത്. എന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റില്‍ കംഗാരുപ്പട ഇന്ത്യയെ പിന്തള്ളുകയായിരുന്നു. അഫ്ഗാനെതിരായ ജയം കൊണ്ട് മാത്രം ഇന്ത്യക്ക് സെമിയിലെത്താനാകില്ല. ബംഗ്ലാദേശിനെതിരെ ഇന്ത്യ ജയിക്കുകയും അഫ്ഗാനെ ഓസ്‌ട്രേലിയ പരാജയപ്പെടുത്തുകയും ചെയ്താല്‍ ഇന്ത്യയും ഓസീസും സെമിയിലേക്കു യോഗ്യത നേടും. ഇതോടെ ഇന്ത്യ- ഓസീസ് അവസാന മല്‍സരം അപ്രസക്തമായി മാറുകയും ചെയ്യും.
അതേസമയം ഇന്നത്തെ മത്സരത്തില്‍ ഓപ്പണിങ്ങില്‍ വിരാട് കോലി ഇതുവരെ ഫോമിലാവാത്ത സാഹചര്യത്തില്‍ യശസ്വി ജയ്സ്വാളിനെ ഓപ്പണറാക്കി കോലിയെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അനുവദിക്കണോ എന്നതും ടീം മാനേജ്മെന്റിന്റെ ചിന്തയിലുണ്ട്. അങ്ങനെ വന്നാല്‍ സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ അവസരമുണ്ടാകില്ല. ആന്റിഗ്വയില്‍ സ്പിന്നര്‍മാര്‍ക്ക് വലിയ റോളില്ലാത്തതിനാല്‍ കുല്‍ദീപ് യാദവിനോ രവീന്ദ്ര ജഡേജക്കോ പകരം മുഹമ്മദ് സിറാജ് പ്ലേയിങ് ഇലവനില്‍ തിരിച്ചെത്താനും സാധ്യതയുണ്ട്. അതേസമയം മറ്റൊരു മാറ്റത്തിനും സാധ്യതയുണ്ട്. മോശം ഫോമിലുള്ള ശിവം ദുബെയെ ഒഴിവാക്കിയാല്‍ സഞ്ജുവിന് ടീമില്‍ സ്ഥാനം ലഭിക്കും.
അഫ്ഗാനിസ്ഥാനുമായുള്ള സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തിലും ദുബെ ദുരന്തമായി മാറി. ഏഴു ബോളുകള്‍ നേരിട്ട അദ്ദേഹം ഒരു സിക്‌സറടക്കം 10 റണ്‍സ് മാത്രമെടുത്താണ് മടങ്ങിയത്. യുഎസിനെതിരെ തിളങ്ങിയത് മാറ്റിനിര്‍ത്താന്‍ ദുബെ ടീമിന് ഉപകാരമില്ലാത്ത താരമാണ്. ബൗളിങ്ങിലും ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യ ദുബെയെ പുറത്തിരുത്തി സഞ്ജു സാംസണെ കളിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. അഫ്ഗാനെതിരെ മറ്റുള്ളവര്‍ മോശം പ്രകടനം കാഴ്ചവച്ചപ്പോള്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവിലാണ് ഇന്ത്യ മികച്ച സ്കോര്‍ നേടിയത്. അതുകൊണ്ട് തന്നെ മധ്യനിരയില്‍ സൂര്യയുടെ ഫോം നിര്‍ണായകമാണ്.
English Summary:India second in Super 8; They will face Bangladesh at 8 pm
You may also like this video