Site iconSite icon Janayugom Online

നാലാം അങ്കത്തില്‍ പരമ്പര പിടിക്കാന്‍ ഇന്ത്യ

പരമ്പര നേടാന്‍ ഇന്ത്യയും കൈവിടാതിരിക്കാന്‍ ഇംഗ്ലണ്ടും നാളെ ഇറങ്ങും. മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടി20 ക്രിക്കറ്റ് പോരാട്ടം. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 2–1ന് ഇന്ത്യ മുന്നിലാണ്. ഇന്നത്തെ മത്സരത്തില്‍ ജയിക്കാനായാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാകും. 

രാജ്കോട്ടില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ട് 26 റണ്‍സിന്റെ ജയം സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടുയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് 145 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. പരമ്പരയില്‍ മോശം ഫോമിലുള്ള സഞ്ജുവിന് കഴിഞ്ഞ മത്സരത്തില്‍ മൂന്ന് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പ്രകടനം മാത്രമാണ് ആശ്വസിക്കാനുണ്ടായിരുന്നത്. നാലോവറില്‍ 24 റണ്‍സ് വഴങ്ങി വരുണ്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. പൂനെയില്‍ പരമ്പരാഗതമായി സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണുള്ളത്. സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ ഫോമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകരെ ആശങ്കപ്പെടുത്തുന്നത്. ആദ്യ മൂന്ന് ടി20 മത്സരങ്ങളില്‍ നിന്നായി 34 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. മൂന്ന് മത്സരങ്ങളിലും അഞ്ച് ഓവറിനപ്പുറം സഞ്ജു ബാറ്റ് ചെയ്തിട്ടില്ല. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടി20യില്‍ 26 റണ്‍സ് നേടിയ സഞ്ജു, ചെന്നൈയില്‍ രണ്ടാം ടി20യില്‍ അഞ്ച് റണ്‍സിനും പുറത്തായി. 

നീണ്ട ഒരു വര്‍ഷത്തിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. അര്‍ഷ്ദീപ് സിങ്ങിനെ പുറത്തിരുത്തിയാണ് ഷമിയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇന്ന് അര്‍ഷദീപിനെ ഉള്‍പ്പെടുത്തിയാല്‍ ഷമിക്ക് പുറത്തിരിക്കേണ്ടി വരും. സ്പിന്‍ ഓള്‍ റൗണ്ടറായി അക്‌സര്‍ പട്ടേല്‍ കളിക്കുമ്പോള്‍ വാഷിങ്ടണ്‍ സുന്ദറും പ്ലേയിങ് ഇലവനില്‍ തുടരും.

Exit mobile version