Site iconSite icon Janayugom Online

ഇന്ത്യ പരമ്പരയെടുത്തു; നാലാം ടി20യില്‍ 15 റണ്‍സ് ജയം

ഇംഗ്ലണ്ടിനെതിരായ ടി20 ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. നാലാമത്തെ മത്സരത്തില്‍ 15 റണ്‍സ് ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 19.4 ഓവറില്‍ 166 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ഔട്ടായി. ഇതോടെ അഞ്ച് മത്സര പരമ്പര 3–1ന് ഇന്ത്യ നേടി.

മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. പവര്‍പ്ലേയിലെ അവസാന പന്തില്‍ ഓപ്പണറായ ബെന്‍ ഡക്കറ്റ് പുറത്താകുമ്പോള്‍ സ്കോര്‍ 62 റണ്‍സായിരുന്നു. താരം 19 പന്തില്‍ 39 റണ്‍സെടുത്തു. എന്നാല്‍ പിന്നീട് ഇംഗ്ലണ്ടിന് അതിവേഗം വിക്കറ്റുകള്‍ വീഴാന്‍ തുടങ്ങി. ഫിലിപ് സാള്‍ (23), ജോസ് ബട്ലര്‍ (രണ്ട്), ലിയാം ലിവിങ്സ്റ്റണ്‍ (ഒമ്പത്) എന്നിവര്‍ക്ക് മികച്ച തുടക്കം മുതലാക്കാനായില്ല. എന്നാല്‍ ഒരു വശത്തുറച്ചുനിന്ന ഹാരി ബ്രൂക്ക് ബാറ്റിങ് നിയന്ത്രണം ഏറ്റെടുത്തതോടെ സ്കോര്‍ വീണ്ടും ഉയര്‍ന്നു. 26 പന്തില്‍ 51 റണ്‍സെടുത്ത ബ്രൂക്കിനെ വരുണ്‍ ചക്രവര്‍ത്തിയാണ് പുറത്താക്കിയത്. ഇന്ത്യക്കായി രവി ബിഷ്ണോയിയും ഹര്‍ഷിത് റാണയും മൂന്ന് വിക്കറ്റും വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റും നേടി. 

മുന്‍ നിര തകര്‍ന്നടിഞ്ഞപ്പോള്‍ ശിവം ദുബെയുടെയും ഹാര്‍ദിക് പാണ്ഡ്യയുടെയും അര്‍ധസെഞ്ചുറികളാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ദുബെ 34 പന്തില്‍ 53 റണ്‍സും ഹാര്‍ജിത് 30 പന്തില്‍ 53 റണ്‍സുമെടുത്തു. അവസാന അഞ്ച് ഓവറിൽ 68 റൺസാണ് ഇന്ത്യൻ സ്കോർ ബോർഡിൽ എത്തിയത്.
രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. നേരിട്ട മൂന്നാം പന്തില്‍ തന്നെ സഞ്ജു പുറത്തായി. സാകിബ് മെഹ്മൂദിന്റെ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിന് ഷോട്ടിന് ശ്രമിച്ച് സ്‌ക്വയര്‍ ലെഗില്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു സഞ്ജു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇതേ രീതിയില്‍ തന്നെയാണ് സഞ്ജു പുറത്തായത്. മൂന്നാമതായി ക്രീസിലെത്തിയ തിലക് വര്‍മ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. സൂര്യകുമാർ യാദവും റണ്ണൊന്നുമെടുക്കാതെ പുറത്തായി. മൂവരും സഖീദ് മെഹ്മൂദിന്റെ ഓവറിലാണ് പുറത്തായത്. അഭിഷേക് — റിങ്കു സഖ്യം 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 19 പന്തില്‍ 29 റണ്‍സുമായി അഭിഷേക് ശര്‍മ്മ കൂടാരം കയറി. ബ്രൈഡാൺ കാർസിന്റെ 11-ാം ഓവറിൽ റിങ്കു സിങ് പുറത്താകുമ്പോള്‍ ഇന്ത്യ അഞ്ചിന് 79 റണ്‍സെന്ന നിലയിലായിരുന്നു. 

പിന്നാലെയാണ് ഹാര്‍ദിക്-ദുബെ സ­ഖ്യം ഒന്നിച്ചത്. 87 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. ഇംഗ്ലണ്ടിനായി സാഖിദ് മഹ്മൂദ് മൂന്നും ജാമി ഓവര്‍ടണ്‍ രണ്ട് വിക്കറ്റും നേടി. മൂന്ന് മാറ്റങ്ങളുമായാണ് ടീം ഇന്ത്യ നാലാം ടി20 മത്സരത്തിനിറങ്ങിയത്. വാഷിങ്ടൺ സുന്ദർ, ധ്രുവ് ജുറെല്‍, മുഹമ്മദ് ഷമി എന്നിവർക്ക് പകരം ശിവം ദുബെ, റിങ്കു സിങ്, അർഷ്ദ്വീപ് സിങ് എന്നിവരാണ് ടീമിലെത്തിയത്. 

Exit mobile version