Site icon Janayugom Online

നാണക്കേടിന് പകരംവീട്ടാന്‍ ഇന്ത്യ; ഇന്ത്യ‑ഓസ്‌ട്രേലിയ മൂന്നാം ഏകദിനം‍ ഇന്ന്

ഫൈനലിന് തുല്യമായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയുമായ മത്സരത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റമുട്ടും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് 1.30ന് മത്സരം ആരംഭിക്കും. പരമ്പരയില്‍ ഇരുടീമും ഓരോ കളിവീതം ജയിച്ച് സമനിലയിലാണ്. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകുമെന്നതിനാല്‍ മത്സരം തീപാറും. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. 10 വിക്കറ്റിന്റെ ജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ക്ക് സ്ഥിരത കണ്ടെത്താനായിട്ടില്ല. സ്റ്റാര്‍ക്കിന്റെ തീപ്പൊരി ബൗളിങ്ങില്‍ ചീട്ടുകൊട്ടാരം പോലെയാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ കൊഴിഞ്ഞുവീണത്.

അഞ്ച് വിക്കറ്റാണ് സ്റ്റാര്‍ക്ക് നേടിയത്. സൂര്യകുമാര്‍ യാദവിന്റെ മോശം ഫോമാണ് ഇതില്‍ പ്രധാനം. രണ്ട് മത്സരത്തിലും താരം ഗോള്‍ഡന്‍ ഡക്കായിരുന്നു. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനും ആദ്യ രണ്ട് ഏകദിനത്തില്‍ തിളങ്ങാന്‍ സാധിച്ചില്ല. രണ്ടാം ഏകദിനത്തിലേക്ക് തിരിച്ചെത്തിയ രോഹിത് ശര്‍മയും സ്വതസിദ്ധമായ ശൈലിയിലേക്ക് തിരിച്ചെത്തിയിട്ടില്ല. വിരാട് കോലിയായിരുന്നു രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍. എങ്കിലും ഏകദിനത്തില്‍ മികച്ച ഫോമിലെന്ന് പറയാറായിട്ടില്ല. മധ്യനിരയില്‍ കെ എല്‍ രാഹുലിന് മികച്ച റെക്കോര്‍ഡുണ്ടെന്നുള്ളതാണ് ഇന്ത്യയുടെ ആശ്വാസം. ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡജയും അക്സര്‍ പട്ടേലും കരുത്തേകുന്നു.

കഴിഞ്ഞ മത്സരത്തില്‍ അക്സര്‍ പുറത്താകാതെ നിന്നു. ആദ്യ മത്സരത്തില്‍ ബാറ്റിങ്ങില്‍ ഫോമായ ജഡേജ രണ്ടാം മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും താരത്തിന് അതിവേഗം ഫോമിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ബൗളര്‍മാരില്‍ കുല്‍ദീപ് യാദവിന് പകരം യുസ്വേന്ദ്ര ചഹലിനെയിറക്കിയേക്കും. പേസരമാ‍രായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഇന്നത്തെ മത്സരത്തിലും ടീമില്‍ നിലനില്‍ക്കും.

ഓസീസ് ടീം മികച്ച ഫോമിലാണുള്ളത്. രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുര്‍ത്തിയ 118 റണ്‍സ് വിജയലക്ഷ്യം ടി20 ബാറ്റിങ് ശൈലിയില്‍ കളിച്ച ഓസീസ് 11 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി. ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും (66) ട്രാവിസ് ഹെഡും (51) വെടിക്കെട്ട് ഫോമിലാണുള്ളത്. ബൗളിങ്ങിലും ഓസീസ് മുന്നിലാണ്. ഇതോടെ അവസാന മത്സരം ജയിച്ച് പരമ്പര പിടിക്കാന്‍ ഇന്ത്യ നന്നായി വിയര്‍ക്കേണ്ടി വരും.

Eng­lish Sum­ma­ry : india vs aus­tralia 3rd odi
You may also like this video

Exit mobile version