ടി20 ലോകകപ്പിലെ നിർണായകമായ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും. ടൂർണമെന്റിലെ കരുത്തരായ ഓസ്ട്രേലിയയെയും ശ്രീലങ്കയെയും അട്ടിമറിച്ച് എത്തുന്ന സിംബാബ്‌വെയെ നിസാരക്കാരായി കാണാൻ ടീം ഇന്ത്യക്ക് കഴിയില്ല. ഇരു ടീമുകളും ഓരോ തോൽവി വഴങ്ങിയാണ് ചെന്നൈയിലേക്ക് എത്തുന്നത് എന്നതിനാൽ സെമി സാധ്യതകൾ നിലനിർത്താൻ ഇന്നത്തെ വിജയം അനിവാര്യമാണ്. എം എ ചിദംബരം സ്റ്റേഡിയ(ചെപ്പോക്ക്)ത്തില്‍ രാത്രി ഏഴിനാണ് മത്സരം. പരമ്പരാഗതമായി സ്പിന്നർമാരെയും സ്ലോ ബൗളർമാരെയും തുണയ്ക്കുന്ന പിച്ചാണിത്. എന്നാൽ സ്ക്വയർ ബൗണ്ടറികൾ ചെറുതായതിനാൽ ബാറ്റർമാർക്കും റൺസ് കണ്ടെത്താൻ എളുപ്പമാകും. കടുത്ത ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയായിരിക്കും. വൈകുന്നേരം മഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ ടോസ് നേടുന്ന ടീം ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത കൂടുതൽ. കഴിഞ്ഞ മത്സരത്തിലെ തോല്‍വിയില്‍ പാഠം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്നുറപ്പാണ്.
ഇടംകൈയൻ ഓപ്പണർമാരായ ഇഷാൻ കിഷനെയും അഭിഷേക് ശർമയെയും ലക്ഷ്യമിട്ട് എതിരാളികൾ പ്രയോഗിക്കുന്ന ‘ഓഫ് സ്പിൻ തന്ത്രം’ മറികടക്കാൻ മലയാളി താരം സഞ്ജു സാംസണെ ഓപ്പണിങ്ങിൽ ഇറക്കാൻ ടീം മാനേജ്മെന്റ് ആലോചിക്കുന്നു. കൂടുതലും ഇടംകയ്യന്‍ ബാറ്റര്‍മാരായതിനാല്‍ എതിര്‍ ടീമുകള്‍ ഓഫ് സ്പിന്‍ ഉപയോഗിച്ച് ഇന്ത്യന്‍ ബാറ്റര്‍മാരെ തകര്‍ത്തത് ടൂര്‍ണമെന്റില്‍ പല മത്സരങ്ങളിലും സംഭവിച്ചു. നാല് മത്സരങ്ങളിലും ഇന്ത്യൻ ഓപ്പണിങ് കൂട്ടുകെട്ട് ഓഫ് സ്പിന്നർമാർക്ക് മുന്നിൽ തകർന്നു. സിംബാബ്‌വേ ടീമിലും കരുത്തരായ ഓഫ് സ്പിന്നർമാരുണ്ട്. ക്യാപ്റ്റൻ സിക്കന്ദർ റാസ, പാർട്ട് ടൈം സ്പിന്നർ ബ്രിയാൻ ബെന്നറ്റ് എന്നിവർ ഇന്ത്യയുടെ ഇടംകൈയൻ ബാറ്റർമാർക്ക് ഭീഷണിയായേക്കാം. സഞ്ജു (വലംകൈയൻ) ഓപ്പണറായി എത്തുന്നതോടെ എതിരാളികൾക്ക് ഒരേപോലെ ഓഫ് സ്പിന്നർമാരെ പരീക്ഷിക്കാൻ കഴിയില്ല. സ്പിന്നർമാരെ നേരിടുന്നതിൽ മികച്ച റെക്കോഡുള്ള താരമാണ് സഞ്ജു. അതിനാല്‍ തന്നെ സഞ്ജു ടീമിലെത്തുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ അഭിഷേക് — സഞ്ജു സഖ്യം ഓപ്പൺ ചെയ്തേക്കാനും സാധ്യതയുണ്ട്. ഇഷാൻ കിഷൻ വൺ ഡൗൺ സ്ഥാനത്തേക്ക് മാറും. സഞ്ജു എത്തിയാല്‍ തിലക് വർമയോ റിങ്കു സിങ്ങോ പ്ലേയിങ് ഇലവനില്‍ നിന്ന് പുറത്താകും.
ചരിത്രപരമായ കണക്കുകൾ ഇന്ത്യക്ക് അനുകൂലമാണെങ്കിലും സിംബാബ്‌വെയുടെ അട്ടിമറി വീര്യം അവഗണിക്കാനാവില്ല. ഇരുവരും നേര്‍ക്കുനേര്‍ കണക്കില്‍ ആകെ 13 തവണ ഏറ്റുമുട്ടിയപ്പോള്‍ 10 തവണയും ഇന്ത്യക്കായിരുന്നു വിജയം. മൂന്ന് വിജയം സിംബാബ്‌വെ സ്വന്തമാക്കി. സിംബാബ്‌വെ നേടിയ മൂന്ന് വിജയങ്ങളും ഹരാരെയിലായിരുന്നു. 2015ൽ അജിങ്ക്യ രഹാനെ നയിച്ച ടീമിനെയും (സഞ്ജു, അക്സര്‍ പട്ടേല്‍ എന്നിവർ ഉൾപ്പെട്ടത്), 2016ൽ എം എസ് ധോണിയുടെ ടീമിനെയും, 2024ൽ ശുഭ്‌മാൻ ഗില്ലിന്റെ യുവനിരയെയും അവർ പരാജയപ്പെടുത്തിയിട്ടുണ്ട്. സിംബാബ്‌വെയ്ക്കെതിരെ വെസ്റ്റിന്‍ഡീസ് കൂറ്റന്‍ വിജയം നേടിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്ത്യയുടെ നെറ്റ് റൺറേറ്റ് നിലവിൽ വലിയ നെഗറ്റീവ് ആണ്. ഇത് മറികടക്കാൻ സിംബാബ്‌വേയ്‌ക്കെതിരെ കൂറ്റൻ ജയം അനിവാര്യമാണ്. ആദ്യം ബാറ്റ് ചെയ്താൽ കുറഞ്ഞത് 77 റൺസിനെങ്കിലും സിംബാബ്‌വേയെ തോല്പിക്കണം. രണ്ടാമത് ബാറ്റ് ചെയ്താൽ സിംബാബ്‌വെ 150 റൺസാണ് നേടുന്നതെങ്കിൽ 13-ാം ഓവറിൽ ലക്ഷ്യം മറികടക്കണം. 180 റൺസാണ് ലക്ഷ്യമെങ്കിൽ 14.5 ഓവറിനുള്ളിൽ വിജയിക്കണം. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും വെസ്റ്റിന്‍ഡീസും ഏറ്റുമുട്ടും. വൈകിട്ട് മൂന്നിനാണ് മത്സരം. ഇന്ത്യയുടെ സെമി സാധ്യത നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്കയും വിജയിക്കേണ്ടത് അനിവാര്യമാണ്.

