Site iconSite icon Janayugom Online

പരീക്ഷണപ്പോര്

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തിന് ഇന്ത്യ നാളെയിറങ്ങും. ശ്രീലങ്കയാണ് എതിരാളി. രാത്രി എട്ടിന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ ഇതിനോടകം ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. അതേസമയം ശ്രീലങ്കയുടെ ഫൈനല്‍ സാധ്യതകള്‍ അടഞ്ഞു. പ്രാധാന്യമില്ലാത്ത മത്സരമായതിനാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഓപ്പണര്‍മാരായി അഭിഷേക് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും എത്തിയേക്കും. മൂന്നാം നമ്പറിലുള്ള സൂര്യകുമാര്‍ ഈ സ്ഥാനത്തേക്ക് മറ്റു താരങ്ങള്‍ക്ക് അവസരം നല്‍കിയേക്കും. മലയാളി താരം സഞ്ജുവിനെ പുറത്തിരുത്താന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടമായിട്ടും സഞ്ജുവിനെ ക്രീസിലിറക്കിയിരുന്നില്ല. മാത്രമല്ല പകരം ഇതുവരെ അവസരം ലഭിക്കാത്ത ജിതേഷ് ശര്‍മ്മയെ വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.
ഹാര്‍ദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിച്ചാല്‍ പകരം റിങ്കു സിങ്ങിന് അവസരമൊരുങ്ങിയേക്കും. ശിവം ദുബെ, അക്സര്‍ പട്ടേല്‍ എന്നിവര്‍ക്ക് ബാറ്റിങ്ങില്‍ സ്ഥാനക്കയറ്റം നല്‍കാനും സാധ്യതയുണ്ട്. പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കിയാല്‍ അര്‍ഷ്ദീപ് സിങ് വീണ്ടും പ്ലേയിങ് ഇലവനിലെത്തും. ഗ്രൂപ്പ് ഘട്ടത്തില്‍ ഒമാനെതിരായ മത്സരത്തില്‍ അര്‍ഷ്ദീപ് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ കളിച്ചിരുന്നു. ഫൈനലിനു മുമ്പ് മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമവും അവസരം ലഭിക്കാത്തവര്‍ക്ക് പ്ലേയിങ് ഇലവനില്‍ സ്ഥാനവും നല്‍കാനാകും ടീമിന്റെ ലക്ഷ്യം.
ഇന്ത്യയുടെ സാധ്യതാ ഇലവൻ: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, റിങ്കു സിങ്, ജിതേഷ് ശർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി.

Exit mobile version