Site iconSite icon Janayugom Online

ടി20 വനിതാ ലോകകപ്പ് സെമി ലൈനപ്പായി; ഇന്ത്യ‑ഓസ്ട്രേലിയയെ നേരിടും

ടി20 വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ആദ്യ സെമി പോരാട്ടത്തിന് ഇന്ന് തുടക്കം. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാണ് കൊമ്പുകോര്‍ക്കുന്നത്. വൈകിട്ട് 6.30ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ലോകകപ്പിൽ അഞ്ച് തവണ കിരീടം നേടുകയും എല്ലാ എഡിഷനിലും സെമിയിലെത്തുകയും ചെയ്ത ഓസ്ട്രേലിയ കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോല്പിച്ചാണ് ജേതാക്കളായത്.

അതുകൊണ്ട് തന്നെ മിക്കപ്പോഴും ഇന്ത്യയുടെ വഴിമുടക്കാറുള്ള ഓസ്ട്രേലിയയെ തോല്പിച്ചുതന്നെ ഫൈനലിലെത്താനുറച്ചാകും ഹര്‍മന്‍പ്രീതും സംഘവും കളത്തിലെത്തുക. ഓസ്ട്രേലിയ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായപ്പോള്‍ ഇംഗ്ലണ്ട് ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായാണ് സെമിയില്‍ പ്രവേശിച്ചത്. ഇന്ത്യ ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായപ്പോള്‍ ഗ്രൂപ്പ് എയില്‍ ന്യൂസിലാന്‍ഡിനെ റണ്‍ റേറ്റില്‍ പിന്തള്ളിയാണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്.

ഗ്രൂപ്പ് എയില്‍ ശ്രീലങ്കയ്ക്കും ഈ രണ്ട് ടീമുകള്‍ക്കൊപ്പം നാല് പോയിന്റായിരുന്നു. സ്മൃതി മന്ദാന, റിച്ച ഘോഷ്, ഒരു പരിധി വരെ ജെമീമ റോഡ്രിഗസ് എന്നിവരൊഴികെ ഷഫാലിയും ഹർമൻപ്രീത് കൗറുമടക്കമുള്ള ബാറ്റർമാർ ഫോമൗട്ടാണ്. ഇതിനൊപ്പം ബൗളിങ് ഡിപ്പാർട്ട്മെന്റിന്റെ പ്രകടനങ്ങളിലും ആശങ്കയുണ്ട്. അയർലൻഡിനെതിരെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്മൃതിയുടെ ഇന്നിങ്സ് ആണ് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്. അതും സ്മൃതിയെ ഏഴ് തവണ അയർലൻഡ് താഴെയിട്ടു. കരുത്തരായ ഓസ്ട്രേലിയയെ തോല്പിക്കണമെങ്കില്‍ ഇതുവരെയുള്ള മത്സരങ്ങള്‍ക്കും മുകളിലുള്ള പ്രകടനം ഇന്ത്യ കാഴ്ചവയ്ക്കണം.

Eng­lish Sum­ma­ry: India Women vs Aus­tralia Women ICC T20 World Cup
You may also like this video

Exit mobile version